??????? ????????????? ??????????? ??????????? ??????????? ??????????????

ബന്ദിയാക്കിയ റെഡ്ക്രോസ് പ്രവര്‍ത്തകക്ക് മോചനം

മസ്കത്ത്: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിവെച്ചിരുന്ന റെഡ്ക്രോസ് പ്രവര്‍ത്തകക്ക് ഒമാന്‍െറ ഇടപെടലില്‍ മോചനം. ഫ്രഞ്ച് പൗരയായ നൂറാനെ ഹവാസാണ് മോചിതയായത്.  റോയല്‍ എയര്‍ഫോഴ്സിന്‍െറ പ്രത്യേക വിമാനത്തില്‍ കഴിഞ്ഞദിവസം രാത്രി ഇവര്‍ മസ്കത്തിലത്തെി.  
റെഡ്ക്രോസിന്‍െറ ഹ്യുമാനിറ്റേറിയന്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തിന്‍െറ മേധാവിയായിരുന്നു ഇവര്‍. സന്‍ആയിലെ ഓഫിസിലേക്ക് ജോലിക്കായി പോകവേ കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ഇവരെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഫ്രഞ്ച് സര്‍ക്കാറില്‍നിന്നുള്ള പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഒമാന്‍ വിഷയത്തില്‍ ഇടപെട്ടത്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അടക്കം നൂറാനെയുടെ മോചനത്തിന് യത്നിച്ച എല്ലാവര്‍ക്കും റെഡ്ക്രോസ് നന്ദി രേഖപ്പെടുത്തി. അവര്‍ ആരോഗ്യത്തോടെയും സുരക്ഷിതയായും തിരിച്ചത്തെിയത് ഏറെ സന്തോഷമുളവാക്കുന്ന കാര്യമാണ്. 
തട്ടിക്കൊണ്ടുപോക്കിന് ശേഷം കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം ആശങ്കയുടെ മുള്‍മുനയിലായിരുന്നു. യമനിലെ തങ്ങളുടെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. യമനിലും പുറത്തുമായി മാസങ്ങളായി നടത്തിവന്ന പരിശ്രമത്തിന്‍െറ ഫലമായാണ് അവര്‍ മോചിതയായതെന്ന് യമനില്‍ റെഡ്ക്രോസിന്‍െറ ചുമതലയുള്ള അലക്സാണ്ട്രെ ഫെയ്റ്റി പ്രസ്താവനയില്‍ പറഞ്ഞു. ആരാണ് തട്ടിക്കൊണ്ടുപോയതെന്നും അവരുടെ ആവശ്യം എന്തായിരുന്നുവെന്നതുമടക്കം വിവരങ്ങള്‍ റെഡ്ക്രോസ് വെളിപ്പെടുത്തിയിട്ടില്ല. ഒമാന്‍ സര്‍ക്കാറിനുപുറമെ വിഷയത്തില്‍ ഫ്രഞ്ച്, തുനീഷ്യന്‍ സര്‍ക്കാറുകളുടെ ഇടപെടലിനും നന്ദിയുണ്ട്. യുദ്ധക്കെടുതികള്‍ മൂലം ദുരിതത്തിലായ യമന്‍ ജനതയെ സഹായിക്കാന്‍ റെഡ്ക്രോസ് പ്രതിജ്ഞാ ബദ്ധമാണ്. യമനിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പുനരാരംഭിക്കുമെന്നും റെഡ്ക്രോസ് പ്രസ്താവനയില്‍ പറയുന്നു. യമനില്‍ പരസ്പരം പോരടിക്കുന്ന വിഭാഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഏക അറബ് രാഷ്ട്രമാണ് ഒമാന്‍. ഹൂതി വിമതരും സര്‍ക്കാറും തമ്മില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ ഒമാന് മുഖ്യപങ്കാണുള്ളത്. 
യമനില്‍ തടവിലാക്കിയിരുന്ന നിരവധി വിദേശ പൗരന്മാരെ നേരത്തേ ഒമാന്‍ ഇടപെട്ട് മോചിപ്പിച്ചിരുന്നു. ഇറാന്‍ ഭരണകൂടവുമായും നല്ല ബന്ധം പുലര്‍ത്തുന്ന ഒമാന്‍െറ ഇടപെടലില്‍ അവിടെ തടവിലായിരുന്ന കനേഡിയന്‍ പ്രഫസറെ കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.