വിദേശ തൊഴിലാളികളുടെ ലേബര്‍  ക്ളിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാന്‍ ആലോചന

മസ്കത്ത്: സ്വകാര്യമേഖലയില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീസ് നിരക്ക് ഉയരാനിട. ലേബര്‍ ക്ളിയറന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നത് സര്‍ക്കാറിന്‍െറ ആലോചനയിലാണെന്ന് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചെറിയ രീതിയിലുള്ള വര്‍ധന അടുത്ത വര്‍ഷമാദ്യം നിലവില്‍വരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
എണ്ണ വിലയിടിവ് മൂലമുള്ള സാമ്പത്തിക ഞെരുക്കം മറികടക്കുകയാണ് നീക്കത്തിന് പിന്നിലെ പ്രഥമ ലക്ഷ്യം. സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒമാനിലെ പ്രവാസി ജനസംഖ്യ വര്‍ധിക്കുകയാണ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ഒമാനി ജനസംഖ്യയുടെ 45.5 ശതമാനമാണ് വിദേശി ജനസംഖ്യ. ഇതില്‍ 17,47,000 പേരാണ് തൊഴിലെടുക്കുന്നവര്‍. വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീസ് ഉയരുന്നതോടെ സ്വദേശികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ പ്രത്യേക താല്‍പര്യമെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മാനേജീരിയല്‍ തസ്തികയടക്കമുള്ളവയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. 
നിലവില്‍ മാനേജര്‍മാരായി തൊഴിലെടുക്കുന്ന 2.10 ലക്ഷം പേരില്‍ 4.8 ശതമാനം പേര്‍ മാത്രമാണ് സ്വദേശികളായുള്ളത്. ഇതോടൊപ്പം, സര്‍ക്കാര്‍ ഖജനാവില്‍ ദശലക്ഷക്കണക്കിന് റിയാലിന്‍െറ അധിക വരുമാനവും ലഭിക്കും. അതേസമയം, കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും അധികഭാരം വരുത്തിവെക്കുന്നതാകും തീരുമാനമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രതിനിധി അഹ്മദ് അല്‍ ഹൂത്തി പറഞ്ഞു. കുറഞ്ഞതോതിലുള്ള വര്‍ധന വരുത്തിയാല്‍പോലും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും. ഇത് ഉപഭോക്താക്കളെ ബാധിക്കുമെന്നും അല്‍ ഹൂത്തി പറഞ്ഞു. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തില്ളെന്ന് ഈമാസം ആദ്യം ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍റ് ഹമൂദ് ബിന്‍ സഞ്ജൂര്‍ അല്‍ സദ്ജാലി അറിയിച്ചിരുന്നു. 
എണ്ണവില മറികടക്കാന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ലെവി ചുമത്താന്‍ ഒരുങ്ങുന്നതായ ഊഹാപോഹങ്ങള്‍ നിഷേധിച്ചായിരുന്നു സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍റിന്‍െറ പ്രതികരണം. 2014 നവംബറില്‍ മജ്ലിസുശ്ശൂറ, പ്രവാസികള്‍ അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം പാസാക്കിയിരുന്നു. എന്നാല്‍, ഇത് പിന്നീട് സ്റ്റേറ്റ് കൗണ്‍സില്‍ തള്ളിക്കളഞ്ഞു. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം സബ്സിഡികള്‍ വെട്ടിക്കുറച്ചും മറ്റു ചെലവുചുരുക്കല്‍ നടപടികള്‍ കൈക്കൊണ്ടും വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്ക് വര്‍ധിപ്പിച്ചും മറികടക്കാനാണ് ഒമാന്‍െറ നീക്കം. ഈ നിരയിലെ ഏറ്റവും ഒടുവിലത്തെ നീക്കമാണ് ഇതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.