ജബല്‍ അഖ്ദറില്‍ കനത്ത മഴ: മാസാവസാനം ചുഴലിക്കാറ്റ് സാധ്യത

മസ്കത്ത്: ജബല്‍ അഖ്ദറില്‍ കഴിഞ്ഞദിവസം കനത്ത മഴ പെയ്തു. ശക്തമായ ആലിപ്പഴ വര്‍ഷവുമുണ്ടായത് വാദികള്‍ കവിഞ്ഞൊഴുകാന്‍ കാരണമാക്കി. അതിനിടെ, ഈമാസം അവസാനത്തിലും അടുത്ത മാസം ആദ്യത്തിലുമായി ചുഴലിക്കാറ്റിന്‍െറ സാധ്യത വിവിധ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍ ശരിവെച്ചു.താഴ്ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും വാദി മുറിച്ചു കടക്കരുതെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പൊതു അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഒമാനില്‍ ചില  ഭാഗങ്ങളില്‍  ആകാശം മൂടിക്കെട്ടിയതായിരിക്കുമെന്നും അല്‍ ഹജര്‍ പര്‍വതനിരകളിലും ചില ഭാഗങ്ങളിലും ഇടവിട്ട ചെറിയ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു.  കൊടുങ്കാറ്റും അതോടനുബന്ധിച്ചുള്ള മഴയും ഏതൊക്കെ മേഖലകളെ ബാധിക്കുമെന്ന് നിരീക്ഷണകേന്ദ്രം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അറബിക്കടലില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തമായിട്ടുണ്ട്.  
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് വിവരം ജനങ്ങളെ അറിയിക്കും. കാലാവസ്ഥാ വ്യതിയാനം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും അധികൃതര്‍ നടത്തും. ഗോനു അടിച്ചുവീശിയ കാലത്താണ് ഒമാനില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. നിരവധി പേരുടെ ജീവന്‍ തട്ടിയെടുത്താണ് ഗോനു കടന്നുപോയത്. നിരവധി റോഡുകള്‍ ഒലിച്ചുപോവുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും നിരവധി കച്ചവടസ്ഥാപനങ്ങളും മറ്റും വെള്ളപ്പൊക്കത്തില്‍ പെട്ട് നശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് വന്ന കൊടുങ്കാറ്റുകള്‍ നാശം വിതച്ചിരുന്നില്ല. അധികൃതര്‍
 ശക്തമായ മുന്‍കരുതലുകളെടുത്തതാണ് ഇതിന് കാരണം. എങ്കിലും, കാലവസ്ഥാ 
മുന്നറിയിപ്പുകളും അധികൃതരുടെ നിര്‍ദേശവും പാലിക്കാത്തവര്‍ അപകടത്തില്‍ പെടാറുണ്ട്. കഴിഞ്ഞ മാസമുണ്ടായ മഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചിരുന്നു. 
ഒരു കാരണവശാലും വാദി ഒഴുകിവരുമ്പോള്‍ വാഹനം  ഇറക്കരുതെന്ന് വാഹനമോടിക്കുന്നവര്‍ക്ക് അധികൃതര്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.