ഫ്രാന്‍സില്‍ ചൊവ്വാഴ്ച മുതല്‍ റോഡ്ഷോ

മസ്കത്ത്: ഒമാനിലെ നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പാരിസില്‍ ചൊവ്വാഴ്ച മുതല്‍ റോഡ്ഷോ നടക്കും. ഒമാന്‍െറ നിക്ഷേപ, കയറ്റുമതി വികസന ഏജന്‍സിയായ പബ്ളിക് അതോറിറ്റി ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ ആന്‍ഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റിന്‍െറ (ഇതാര) നേതൃത്വത്തിലാണ് റോഡ്ഷോ  ഒരുങ്ങുന്നത്.
ദുകം പ്രത്യേക സാമ്പത്തിക മേഖല അധികൃതര്‍, ഒമാന്‍ എയര്‍, ഒമാന്‍ അക്വാകള്‍ചര്‍ ഡെവലപ്മെന്‍റ് കമ്പനി, ഒമാന്‍ റെയില്‍ അധികൃതരും റോഡ്ഷോയില്‍ ഭാഗമാകുന്നുണ്ട്. നിലവിലെ ഒമാന്‍-ഫ്രാന്‍സ് നിക്ഷേപ, വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുപുറമെ വിനോദ സഞ്ചാരം, ലോജിസ്റ്റിക്സ്, ഭക്ഷണ പനീയ ഉല്‍പാദനം, ഫിഷറീസ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സാധ്യതകളുണ്ടെന്ന്  ഇതാര ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സയ്യിദ് ഫൈസല്‍ ബിന്‍ തുര്‍ക്കി അല്‍ സൈദ് പറഞ്ഞു. ഒമാനിലെ സമ്പന്നമായ നിക്ഷേപാവസരങ്ങളെ കുറിച്ച ബോധവത്കരണമാണ് റോഡ്ഷോയിലൂടെ ലക്ഷ്യമിടുന്നതെന്നും സയ്യിദ് ഫൈസല്‍ പറഞ്ഞു. നിലവില്‍ മേഖലയിലെ സുപ്രധാന സാമ്പത്തിക ശക്തിയാണ് ഒമാന്‍. വിവിധ തൊഴില്‍ മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെ ധാരാളം ലഭ്യമാണെന്നതിന് പുറമെ പല മേഖലകളിലും താങ്ങാവുന്ന ചെലവു മാത്രമേ ഉള്ളൂ. ഗള്‍ഫ്, ഏഷ്യ, ആഫ്രിക്ക മേഖലകളിലേക്ക് വിപണി വിപുലീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് യോജിച്ച രാജ്യമാണ് ഒമാന്‍.
പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനല്‍, ദുകം തുറമുഖം, ഒമാന്‍ റെയില്‍, അല്‍ മൗജ് മസ്കത്ത്, ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍റ് എക്സിബിഷന്‍ സെന്‍റര്‍ എന്നിവ ഒമാന്‍െറ വികസന കുതിപ്പിന്‍െറ തിലകക്കുറികളാണെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.