ഇബ്രയില്‍ ബി.എല്‍.എസ് കേന്ദ്രം പരിഗണനയില്‍ –അംബാസഡര്‍

ഇബ്ര: മസ്കത്തില്‍നിന്ന് ഏറെ അകലെയുള്ള ഇബ്രയില്‍ പാസ്പോര്‍ട്ട്, എംബസി സേവനങ്ങള്‍ക്കായി ബി.എല്‍.എസ് കേന്ദ്രം പരിഗണനയിലുണ്ടെന്നും ഇത് യാഥാര്‍ഥ്യമാക്കാന്‍ ആകുംവിധം ശ്രമിക്കുമെന്നും ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ. വിവിധ പ്രശ്നങ്ങളാല്‍ ജോലിയില്‍നിന്നു പുറത്താക്കപ്പെടുന്ന തൊഴിലാളികള്‍ക്കായി അഭയകേന്ദ്രം തുടങ്ങാനും ശ്രമം നടത്തും. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെ സഹായിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഇന്ത്യന്‍ എംബസി പ്രതിജ്ഞാബദ്ധമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ എംബസി പ്രവാസി ഇബ്രയുടെ സഹകരണത്തോടെ നടത്തിയ ഇന്ത്യന്‍ കമ്യൂണിറ്റി മീറ്റില്‍ ആമുഖപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അംബാസഡര്‍. കമ്യൂണിറ്റി മീറ്റ് ഇബ്രയിലും പരിസരത്തും വിവിധ തുറകളില്‍ ജോലിചെയ്യുന്ന  ഇന്ത്യക്കാരായ ആളുകളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുമായി സംവദിക്കുന്നതിനും പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരം നിര്‍ദേശിക്കുന്നതിനുമായി ഇന്ത്യന്‍ എംബസി നടത്തിവരുന്ന കമ്യൂണിറ്റി മീറ്റിന്‍െറ ഭാഗമായാണു ഇബ്രയിലും പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരും  ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള തൊഴിലാളികളും മീറ്റില്‍ പങ്കെടുക്കുകയും അംബാസഡറുമായി നേരിട്ട് സംവദിക്കുകയും പരാതികള്‍ ബോധിപ്പിക്കുകയും ചെയ്തു. പ്രവാസികളെ മൊത്തത്തില്‍ ബാധിക്കുന്നതും വ്യക്തിപരവുമായ നിരവധി പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ആളുകള്‍ക്കായി പ്രത്യേക കൗണ്ടറുകളും പരിഭാഷകരെയും സൗകര്യപ്പെടുത്തിയിരുന്നു. എംബസി സെക്കന്‍ഡ് സെക്രട്ടറി നിലു അറോറ, അറ്റാഷേ സലിമാത്, സാമൂഹികക്ഷേമ വിഭാഗം ഓഫിസര്‍ കെ.എച്ച്. അബ്ദുല്‍റഹീം എന്നിവര്‍ പങ്കെടുത്തു.  ഇബ്രയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഇബ്ര വൈസ് പ്രസിഡന്‍റുമായ മോഹന്‍ദാസ് പൊന്നമ്പലത്തിനെ മീറ്റില്‍ ആദരിച്ചു.  ഇബ്രയിലും പരിസരത്തുമുള്ള  പ്രവാസികള്‍ക്കായി വര്‍ഷങ്ങളായി നിസ്വാര്‍ഥ സേവനം ചെയ്യുന്ന അദ്ദേഹത്തിനുള്ള  ഉപഹാരം അംബാസഡര്‍ നല്‍കി.  ഇബ്ര ഇന്ത്യന്‍ സ്കൂളിന്‍െറ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പ്രസിഡന്‍റ് റോബിന്‍ റോഹിത് അംബാസഡര്‍ക്കു സമര്‍പ്പിച്ചു. പരിപാടിയില്‍ പ്രവാസി ഇബ്ര പ്രസിഡന്‍റ്  മുഹമ്മദ് റിയാസ് സ്വാഗതവും കൃഷ്ണന്‍ മോഹനന്‍ നന്ദിയും പറഞ്ഞു. എ.ആര്‍. ദിലീപ്, മൊയ്തീന്‍ പറേലില്‍, നൗഷാദ്, ആസാദ്, ഇ.ആര്‍. ജോഷി, ജയപ്രകാശ്, ബാല, ദില്‍ഷാദ്, ബഷീര്‍ കൊച്ചി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.