കടല്‍ വ്യാപാരം വിപുലമാക്കാന്‍  ഒമാന്‍-ഇറാന്‍ കരാര്‍ 

സലാല: കടല്‍ വാണിജ്യബന്ധങ്ങള്‍ ശക്തമാക്കുന്നതിന്  ഒമാനും ഇറാനും ഒരുങ്ങുന്നു. സലാല തുറമുഖ അധികൃതരും ഇറാന്‍ പോര്‍ട്ട് ആന്‍ഡ് മാരിടൈം അധികൃതരും തമ്മില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടു. കഴിഞ്ഞ ജനുവരിയില്‍ അന്താരാഷ്ട്ര ഉപരോധം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇറാന്‍ സുഹൃദ് രാഷ്ട്രമായ ഒമാനുമായി നിരവധി വ്യാപാര, വാണിജ്യ കരാറുകളില്‍ ഒപ്പിട്ടിരുന്നു. പുതിയ കരാര്‍ പ്രകാരം സലാല തുറമുഖത്തുനിന്ന് ഇറാനിലെ ഷാഹിദ് റജായി, ഛാബഹാര്‍ തുറമുഖങ്ങളിലേക്കുള്ള ചരക്കുനീക്കമാണ് വര്‍ധിപ്പിക്കുക. ഇരു രാഷ്ട്രങ്ങളും തമ്മിലെ വാണിജ്യ ബന്ധത്തിന് പുതിയ ഉണര്‍വുപകരാന്‍ കരാറിന് കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചരക്കുനീക്കവും വ്യാപാര അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് മൂന്നു തുറമുഖാധികൃതരും ഒരുമിച്ച് രൂപം നല്‍കും. 
ഇതോടൊപ്പം, ഷാഹിദ് റജായി, ഛാബഹാര്‍ തുറമുഖങ്ങളുടെ ആധുനികവത്കരണത്തിനും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനും സലാല തുറമുഖാധികൃതര്‍ സഹകരിക്കും. ചരക്കുനീക്കത്തിലെ വര്‍ധന ലക്ഷ്യമിട്ട് സലാല തുറമുഖത്തിന്‍െറ ശേഷി അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഷാഹിദ് റജായി വഴിയാണ് ഇറാനില്‍നിന്നുള്ള പകുതിയോളം ചരക്കുകള്‍ കൈകാര്യം ചെയ്യുന്നത്. ഇറാന്‍െറ തെക്കുകിഴക്കന്‍ ഭാഗത്തായാണ് ഛാബഹാര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. മുന്‍ സോവിയറ്റ് യൂനിയന്‍െറ ഭാഗമായ രാഷ്ട്രങ്ങളിലേക്കും അഫ്ഗാനിസ്താനിലേക്കുമുള്ള ചരക്കുനീക്കത്തിന് ഏറെ അനുയോജ്യമായ തുറമുഖമായാണ് ഛാബഹാറിനെ വിലയിരുത്തുന്നത്. നിലവില്‍ രണ്ടര ടണ്ണാണ് ഛാബഹാറിന്‍െറ ശേഷി. ഇത് 12.5 ടണ്ണായി ഉയര്‍ത്താന്‍ പദ്ധതിയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.