മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റില്‍ നിരവധി പുതിയ കെട്ടിടങ്ങള്‍ ഉയര്‍ന്നുവന്നതോടെ ഫ്ളാറ്റുകള്‍ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. ഇതോടെ, പഴയ താമസക്കാരെ ഒഴിവാക്കാതെ പിടിച്ചുനിര്‍ത്തുകയാണ് കെട്ടിട ഉടമകള്‍. അതിന് പുതിയ രീതികളും നടപ്പാക്കുന്നുണ്ട്. കെട്ടിട ഉടമകള്‍ നിയമം കര്‍ശനമാക്കിയതോടെ കുറഞ്ഞ വാടകക്ക് ഫ്ളാറ്റുകള്‍ കിട്ടിയിട്ടും പഴയ താമസസ്ഥലത്തുനിന്ന് പിരിഞ്ഞുപോവാന്‍ കഴിയാതെ വിഷമിക്കുകയാണ് നിരവധി താമസക്കാര്‍. വാടകനിയമത്തിലെ കരാര്‍ വ്യവസ്ഥകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പല കെട്ടിട ഉടമകളും ഫ്ളാറ്റ് മാറുന്നതിന് തടസ്സം നില്‍ക്കുന്നത്. റൂവി, അല്‍ ഖുവൈര്‍, അല്‍ ഗൂബ്ര മേഖലകളില്‍ നിരവധി പുതിയ കെട്ടിടങ്ങള്‍ വന്നതോടെ വാടകയും കുറഞ്ഞിരുന്നു. അതോടൊപ്പം, എണ്ണവില കുറഞ്ഞത് കാരണം നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും രാജ്യം വിടുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.
ഇതും ഫ്ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണമായി. എണ്ണവിലയിലെ കുറവ് സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചപ്പോള്‍ നിരവധി കമ്പനികള്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. ഇതോടെ, നിരവധിപേര്‍ കുടുംബത്തെ നാട്ടിലയച്ച് ചെലവു ചുരുക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ട്. എന്നാല്‍, കെട്ടിട ഉടമകള്‍ നിയമം കര്‍ശനമാക്കിയതോടെ ചെലവു ചുരുക്കലിന്‍െറ ഭാഗമായി ഇവര്‍ക്ക് നിലവിലെ ഫ്ളാറ്റുകള്‍ മാറി പുതിയ ചെലവുകുറഞ്ഞ ഫ്ളാറ്റിലേക്ക് മാറാന്‍ കഴിയുന്നില്ല. കരാര്‍ പുതുക്കാന്‍ ചില കെട്ടിട ഉടമകള്‍ വാടക കുറച്ച് നല്‍കിയും താമസക്കാരെ ആകര്‍ഷിക്കുന്നുണ്ട്.
നേരത്തേ ഫ്ളാറ്റുകള്‍ മാറണമെങ്കില്‍ ഉടമയോട് വാക്കാല്‍ പറഞ്ഞാല്‍ മതിയായിരുന്നു. അക്കാലത്ത് ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോവുമ്പോള്‍ നിരവധി ആവശ്യക്കാരുണ്ടായിരുന്നതിനാല്‍ ഫ്ളാറ്റ് മാറല്‍ ഒരു പ്രശ്നമായിരുന്നില്ല. ഫ്ളാറ്റ് ഒഴിയുന്നതിന് മൂന്നുമാസം മുമ്പ് നോട്ടീസ് നല്‍കിയാല്‍ മതിയായിരുന്നു. ചില കെട്ടിട ഉടമകളൊക്കെ ഇന്നും ഇത് അംഗീകരിക്കുന്നുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ കരാര്‍ പ്രകാരമുള്ള കാലാവധി അവസാനിക്കുന്നതിന് മൂന്നുമാസം മുമ്പ് നോട്ടീസ് നല്‍കണമെന്നതാണ് നിയമം.
ഇത് മനസ്സിലാക്കാതെയാണ് പലരും ഒഴിയുന്നതിന് മൂന്നുമാസം മുമ്പ് നോട്ടീസ് നല്‍കി കാത്തിരിക്കുന്നത്. ഫ്ളാറ്റ് എടുക്കുന്ന വേളയില്‍ ഉടമക്ക് വന്‍ തുകയുടെ സെക്യൂരിറ്റി ചെക്ക് നല്‍കുന്നതിനാല്‍ ഉടമയുടെ സമ്മതമില്ലാതെ ഫ്ളാറ്റ് വിടാനും കഴിയുന്നില്ല.
വാടകനിയമ പ്രകാരം ഫ്ളാറ്റ് ഉടമക്ക് കരാര്‍ കാലാവധി കഴിയുന്നതിന് മൂന്നു മാസം മുമ്പ് നോട്ടീസ് നല്‍കണം. നോട്ടീസ് കെട്ടിട ഉടമ കൈപ്പറ്റിയതായി രേഖയും വേണം. ഫ്ളാറ്റ് ഒഴിയാന്‍ നല്‍കുന്ന നോട്ടീസിന്‍െറ കോപ്പിയില്‍ സ്വീകരിച്ചതായി ഉടമയുടെ ഒപ്പും വാങ്ങണം. നോട്ടീസ് ഇ-മെയില്‍ ആയി അയക്കുകയാണ് ഉത്തമം. നോട്ടീസ് നല്‍കിയില്ളെങ്കില്‍ കാലാവധി കഴിഞ്ഞാല്‍ താമസക്കാര്‍ വാടക കരാര്‍ പുതുക്കാന്‍ നിര്‍ബന്ധിതരാവും. ഇല്ളെങ്കില്‍ ഉടമ കൈയില്‍ വെച്ചിരിക്കുന്ന ചെക്ക് തിരിച്ചുലഭിക്കാത്തതടക്കമുള്ള പ്രയാസങ്ങള്‍ നേരിടേണ്ടിവരും. ഉടമക്ക് താമസക്കാരെ ഒഴിപ്പിക്കണമെങ്കിലും ഇതേ നിയമങ്ങള്‍ ബാധകമാണ്.
കരാര്‍ കാലാവധി കഴിയുന്നതിന്‍െറ മൂന്നു മാസം മുമ്പ് താമസക്കാര്‍ക്ക് നോട്ടീസ് നല്‍കണം. ഏതായാലും താമസകരാര്‍ വ്യവസ്ഥകള്‍ ഉടമകള്‍ കര്‍ശനമായി പാലിക്കാന്‍ തുടങ്ങിയതോടെ നിരവധി പേര്‍ ഫ്ളാറ്റ് മാറാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.