ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്  സംവിധാനം വരുന്നു

മസ്കത്ത്: മിന്നല്‍ പ്രളയങ്ങള്‍ വഴി ജീവനും സ്വത്തും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒമാനില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു. സംവിധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏറെ പുരോഗമിച്ചതായും ജൂലൈയോടെ ഇത് പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രാജ്യത്ത് മഴ പതിവായിരിക്കുകയാണ്. മസ്കത്ത് അടക്കം പല പ്രദേശങ്ങളും, പ്രത്യേകിച്ച് വാദികളില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയേറെയാണ്. 2003 മുതല്‍ മിന്നല്‍ പ്രളയങ്ങളില്‍  നൂറോളം പേര്‍ മരിക്കുകയും ആയിരക്കണക്കിന് റിയാലിന്‍െറ നഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഈ അവസ്ഥക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ടാണ് പുതിയ മുന്നറിയിപ്പ് കേന്ദ്രം താമസിക്കുന്നതെന്ന് വക്താവ് പറഞ്ഞു. മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്‍െറ ചില സംവിധാനങ്ങളുടെ കൃത്യതയും നിലവാരവും പരിശോധിച്ചിരുന്നു. 
കൃത്യതയോടെയുള്ള ഫലങ്ങളാണ് ലഭിച്ചതെന്നാണ് പ്രാഥമിക പരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമായത്. ഉപഗ്രഹ റിപ്പോര്‍ട്ടുകള്‍, റഡാര്‍ സാങ്കേതികത, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തുടങ്ങിയവ സമന്വയിപ്പിച്ചാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കുക. 
ഇതുവഴി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് വ്യക്തമായ വെള്ളപ്പൊക്ക മുന്നറിയിപ്പ് പുറപ്പെടുവിക്കാന്‍ കഴിയും. നദികളിലെ വെള്ളപ്പൊക്കങ്ങളേക്കാള്‍ മിന്നല്‍ പ്രളയങ്ങള്‍ ഏറെ വിനാശകാരികളാണ്. 
കാലാവസ്ഥയുമായി ബന്ധപ്പെട്ട മറ്റ് അപകടങ്ങളില്‍നിന്ന് വ്യത്യസ്തമായി മഴ പെയ്യുന്ന ഏതു സ്ഥലത്തും മിന്നല്‍ പ്രളയമുണ്ടാകും. 
ചെറിയ സമയത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മിന്നല്‍ പ്രളയം കൃത്യതയോടെ പ്രവചിക്കാന്‍ കഴിയുകയെന്ന വെല്ലുവിളിയാര്‍ന്ന ജോലിയുമായാണ് കാലാവസ്ഥാ  നിരീക്ഷണ കേന്ദ്രം മുന്നോട്ടുപോകുന്നതെന്നും വക്താവ് അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.