മസ്കത്ത്: എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തികപ്രതിസന്ധി ഗള്‍ഫ്രാഷ്ട്രങ്ങളിലെ തൊഴിലവസരങ്ങളെയും വേതനവര്‍ധനവിനെയും ബാധിക്കുമെന്ന് പഠനം. സര്‍ക്കാര്‍ സബ്സിഡികള്‍ വെട്ടിച്ചുരുക്കിയതിനെ തുടര്‍ന്ന് ജീവിതച്ചെലവ് ഉയരുന്ന ജി.സി.സി രാഷ്ട്രങ്ങളില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും കുറവ് ശമ്പളവര്‍ധന മാത്രം ഈവര്‍ഷം പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് പോര്‍ട്ടലായ ഗള്‍ഫ്ടാലന്‍റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞവര്‍ഷത്തെ 5.7 ശതമാനത്തിന് പകരം ഈ വര്‍ഷം 5.2 ശതമാനം ശമ്പളവര്‍ധനവാകും ഉണ്ടാവുകയെന്ന് സര്‍വേ പറയുന്നു. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന പ്രതീക്ഷിക്കപ്പെടുന്നത്, 5.9 ശതമാനം. എന്നാല്‍, ഈ വര്‍ഷം 4.7 ശതമാനം പണപെരുപ്പമാണ് സൗദിയില്‍ ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ശമ്പളവര്‍ധന യഥാര്‍ഥത്തില്‍ 1.2 ശതമാനം മാത്രമായി ചുരുങ്ങും. 5.3 ശതമാനം ശമ്പളവര്‍ധനവുമായി യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. ഖത്തറില്‍ 4.7 ശതമാനവും കുവൈത്തില്‍ 4.6 ശതമാനവും ഒമാനില്‍ 4.4 ശതമാനവുമാകും വേതനവര്‍ധന. ബഹ്റൈനാണ് ഏറ്റവും പിന്നില്‍-3.7 ശതമാനം. ഏതാണ്ട് തത്തുല്യമായ നിരക്കില്‍ ബഹ്റൈനില്‍ പണപെരുപ്പവും ഉണ്ടാകുമെന്ന് പഠനങ്ങള്‍ കാണിക്കുന്നതിനാല്‍ ഫലത്തില്‍ ഒന്നും മിച്ചംവെക്കാന്‍ കഴിയാത്ത സ്ഥിതിയാകും. ഭൂരിപക്ഷം പ്രഫഷനലുകളെയും ഉയരുന്ന ജീവിതച്ചെലവുകള്‍ക്ക് ഒപ്പം കുറഞ്ഞ ശമ്പളവര്‍ധനയും ഏറെ ബുദ്ധിമുട്ടിക്കും. പണപ്പെരുപ്പവും ജി.സി.സി രാഷ്ട്രങ്ങളില്‍ വര്‍ധിക്കുകയാണ്. പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോള്‍ ശമ്പളവര്‍ധന വളരെ കുറഞ്ഞതോതില്‍ മാത്രമായി ചുരുങ്ങും. മേഖലയില്‍ പലയിടത്തുമായി വാടകനിരക്കുകള്‍ കുറയുന്നുണ്ട് എന്നതുമാത്രമാണ് ഏക ആശ്വാസമെന്നും റിപ്പോര്‍ട്ട് പറയുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതില്‍ തൊഴിലുടമകള്‍ കൂടുതല്‍ കണിശത പുലര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ശമ്പളയിനത്തില്‍ അധികബാധ്യത വരുത്തിവെക്കാന്‍ പലരും തയാറല്ല. അതുകൊണ്ടുതന്നെ ഭൂരിപക്ഷം കമ്പനികളും ജോലിയൊഴിഞ്ഞുപോകുന്നവര്‍ക്ക് പകരം ആളെയെടുക്കുക എന്ന നയത്തിലേക്ക് മാറിയിട്ടുണ്ട്.
സര്‍ക്കാര്‍ നിക്ഷേപത്തെ ഏറ്റവുമധികം ആശ്രയിക്കുന്ന എണ്ണ, പ്രകൃതിവാതക മേഖലയിലെ തൊഴിലവസരങ്ങളെയാണ് എണ്ണവിലയിടിവ് ഏറ്റവുമധികം ബാധിച്ചത്. റീട്ടെയ്ല്‍ മേഖലയെ ചെറിയതോതില്‍ മാത്രമാണ് ബാധിച്ചത്. ആരോഗ്യപരിരക്ഷാ മേഖലയിലാകട്ടെ അവസരങ്ങള്‍ കൂടുതലായി ഉണ്ടാകുന്നുണ്ടെന്നും സര്‍വേ പറയുന്നു. വര്‍ധിക്കുന്ന ജനസംഖ്യക്കൊപ്പം തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടികളുമാണ് ഈ മേഖലക്ക് തുണയായത്. സര്‍വേയുടെ ഭാഗമായി സമീപിച്ച 68 ശതമാനം ഹെല്‍ത്ത് കെയര്‍ കമ്പനികളിലും കഴിഞ്ഞവര്‍ഷം ജീവനക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കുറഞ്ഞ അവസരങ്ങള്‍ മാത്രമാണ് വിപണിയിലുള്ളത്. ഉദ്യോഗാര്‍ഥികള്‍ തൊഴില്‍സ്ഥിരത ആവശ്യപ്പെടുമ്പോള്‍ ഭൂഭിഭാഗം മേഖലകളിലും കമ്പനികളുടെ ലാഭത്തില്‍ ഇടിവുണ്ടായതായും സര്‍വേ കാണിക്കുന്നു. വിവിധ രാഷ്ട്രങ്ങളില്‍ സര്‍ക്കാര്‍-പൊതുമേഖലയില്‍ തൊഴിലവസരങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്. അതിനാല്‍ ചില കമ്പനികള്‍ സ്വദേശികളെ കൂടുതലായി റിക്രൂട്ട് ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
കൂടുതല്‍ കമ്പനികള്‍ ഈവര്‍ഷം ജീവനക്കാരുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഊര്‍ജ, നിര്‍മാണമേഖലയിലെ കമ്പനികളാണ് ഇവയില്‍ കൂടുതലും. സൗദിയില്‍ 14 ശതമാനവും യു.എ.ഇയില്‍ ഒമ്പതു ശതമാനവും കമ്പനികള്‍ ഈവര്‍ഷം തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ഇടിവുണ്ടെങ്കിലും മറ്റ് എണ്ണയധിഷ്ഠിത സമ്പദ്ഘടനയുള്ള രാഷ്ട്രങ്ങളെക്കാള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്ഥിതി മെച്ചമാണ്. ജി.സി.സി രാഷ്ട്രങ്ങളെല്ലാം ഈവര്‍ഷം വ്യക്തമായ സാമ്പത്തികവളര്‍ച്ച നേടുമെന്നും കറന്‍സികളുടെ മൂല്യങ്ങള്‍ ഭദ്രമായിരിക്കുമെന്നും ഇക്കണോമിക് ഇന്‍റലിജന്‍സ് യൂനിറ്റിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. കരുതല്‍ ധനശേഖരമാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് തുണയായത്. അതേസമയം, എണ്ണവിലയിലെ ഇടിവിന്‍െറ ഫലമായി റഷ്യയില്‍ രൂക്ഷമായ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. റഷ്യന്‍ കറന്‍സിയുടെ മൂല്യമാകട്ടെ 2014നെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറയുകയും ചെയ്തു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ഫെബ്രുവരിവരെ കാലയളവില്‍ ആറു ഗള്‍ഫ് രാഷ്ട്രങ്ങളിലെ എഴുനൂറോളം തൊഴിലുടമകളില്‍നിന്നും 25,000 പ്രഫഷനലുകളില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.