മസ്കത്ത്: സാമ്പത്തിക മേഖലയുടെ വൈവിധ്യവത്കരണത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍മപദ്ധതികള്‍ ഊര്‍ജിതമാക്കി ഒമാന്‍. ഇതിന്‍െറ ഭാഗമായി നാലു പുതിയ കമ്പനികള്‍ ആരംഭിക്കുമെന്ന് ഒമാന്‍ ഫുഡ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിങ് കമ്പനി ചെയര്‍മാന്‍ ഡോ. റാഷിദ് ബിന്‍ സാലിം അല്‍ മസ്റൂയി അറിയിച്ചു.
ഭക്ഷ്യോല്‍പാദനരംഗത്തെ സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ 270 ദശലക്ഷം റിയാല്‍ ചെലവിട്ടാകും ഇവ ആരംഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഒന്നിന് പിറകെ ഒന്ന് എന്ന കണക്കില്‍ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിക്കും.
മസൂണ്‍ ഡെയറിയും അല്‍നാമ പൗള്‍ട്രിയുമാണ് പുതിയ രണ്ട് കമ്പനികള്‍. ഇതോടൊപ്പം, പാല്‍ ശേഖരിക്കാനും പാലുല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമായി ദോഫാറില്‍ കമ്പനി തുടങ്ങും. മാട്ടിറച്ചി സംസ്കരണ യൂനിറ്റും ആലോചനയിലുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ഒമാനിലെ ഏറ്റവും വലിയ ഡെയറി സംരംഭമാകും മസൂണ്‍ ഡെയറി. ബുറൈമി ഗവര്‍ണറേറ്റിലെ അല്‍ സനീന വിലായത്തിലാണ് 100 ദശലക്ഷം റിയാല്‍ ചെലവില്‍ മസൂണ്‍ ഡെയറി സ്ഥാപിക്കുക.
ഒമാന്‍ ഫുഡ് ഇന്‍വെസ്റ്റ് കമ്പനിയുടെ പദ്ധതിയിലെ നിക്ഷേപം 20 ശതമാനമാണ്. 2017ലാണ് ഫാം പ്രവര്‍ത്തനമാരംഭിക്കുക. നാലായിരം പശുക്കളാകും ആദ്യഘട്ടത്തില്‍ ഉണ്ടാവുക. ഇത് 2026 ഓടെ 25,000മായി ഉയര്‍ത്തും. 2026ഓടെ 202 ദശലക്ഷം ലിറ്ററും 2040ഓടെ 985 ദശലക്ഷം ലിറ്റര്‍ പാലും ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം, കര്‍ഷകരില്‍നിന്നുള്ള പാല്‍ശേഖരണവും ഊര്‍ജിതമാക്കും. ഇതുവഴി പാലിന്‍െറ ഇറക്കുമതി 2026ഓടെ 13 ശതമാനമായി കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2040ഓടെ ഒമാനെ പാല്‍ കയറ്റുമതി രാഷ്ട്രമാക്കുകയാണ് ലക്ഷ്യമെന്നും അല്‍ മസ്റൂയി പറഞ്ഞു. അല്‍ നാമ പൗള്‍ട്രി പദ്ധതിക്കായും 100 ദശലക്ഷം റിയാല്‍ ചെലവിടും. നൂതന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനിയില്‍നിന്ന് 2020ഓടെ അറുപതിനായിരം ടണ്‍ കോഴിയിറച്ചി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 2030ഓടെ രാജ്യത്തിനുവേണ്ട കോഴിയിറച്ചിയില്‍ 70 ശതമാനവും ഇവിടെതന്നെ ഉല്‍പാദിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. 735 പേര്‍ക്ക് പൗള്‍ട്രി പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴില്‍ ലഭിക്കും. ഇതില്‍ 35 ശതമാനം പേര്‍ സ്വദേശികളായിരിക്കും. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ആരംഭിക്കുന്ന ഡെയറിക്ക് പ്രതിദിനം ഒമ്പതിനായിരം ലിറ്ററാകും ശേഷി. മേഖലക്ക് ആവശ്യമായ പാലുല്‍പന്നങ്ങളുടെ 6.7 ശതമാനത്തോളം പദ്ധതി വഴി നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അല്‍ മസ്റൂയി പറഞ്ഞു. 40 ദശലക്ഷം റിയാല്‍ ചെലവില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലാണ് മാട്ടിറച്ചി സംസ്കരണ യൂനിറ്റ് തുടങ്ങുക. ഇതിനായി സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. പ്രതിവര്‍ഷം 55,000 മെട്രിക് ടണ്‍ ഇറച്ചി ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മാട്ടിറച്ചി ഉല്‍പാദനം നിലവിലെ 20 ശതമാനത്തില്‍നിന്ന് 52 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അല്‍ മസ്റൂയി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.