സൗഭാഗ്യംനിറഞ്ഞ ഇപ്പോഴത്തെ നോമ്പുതുറയുടെ സന്തോഷനിമിഷങ്ങളിലും മൂന്ന് പതിറ്റാണ്ട് മുമ്പുള്ള ബാല്യത്തിലെ കണ്ണ് നനയിക്കുന്ന അനുഭവങ്ങളാണ് ഇന്നും മനസ്സിലുള്ളത്. നാദാപുരം പ്രദേശത്തെ ഉള്‍ഗ്രാമമായ കുനിങ്ങാട്ടെ ഒരു ഉയര്‍ന്ന പ്രദേശത്തായിരുന്നു എന്‍െറ തറവാട്. ഉപ്പാക്ക് നാടന്‍ കച്ചവടമായിരുന്നു തൊഴില്‍. പല ദിവസങ്ങളിലും പട്ടിണിയായിരുന്നു വീട്ടില്‍. ഞങ്ങളുടെ ചുറ്റുവട്ടത്ത് മുസ്ലിംവീടുകള്‍ കുറവായിരുന്നു. പാവപ്പെട്ട ഹിന്ദുകുടുംബങ്ങളായിരുന്നു അധികവും. തൊട്ട് അയല്‍വക്കത്ത് സമ്പന്നരായ ഒരു മുസ്ലിം കുടുംബമുണ്ട്. അവിടത്തെ ആശ്രിതരായി കഴിയുന്നവരാണ് പലരും. ഇടക്കിടെ ഉമ്മയും അവിടെ വീട്ടുജോലികള്‍ ചെയ്തുകൊടുക്കാന്‍ പോകുമായിരുന്നു. ആ വീട്ടിലെ ചെറിയ കുട്ടികള്‍പോലും ഉമ്മയെ അധികാരസ്വരത്തില്‍ പേരുവിളിച്ചിരുന്നു. പലപ്പോഴും മനസ്സിനെ വേദനിപ്പിച്ചിരുന്നതാണ് അത്. അക്കാലത്ത് നോമ്പുസമയത്താണ് നല്ല ഭക്ഷണവും വിശിഷ്ട പലഹാരങ്ങളും കിട്ടുക. ഉമ്മ സമ്പന്ന വീട്ടില്‍ പണി ചെയ്തുമടങ്ങുമ്പോഴാണ് പലപ്പോഴും പലഹാരങ്ങള്‍ കൊണ്ടുവരുന്നത്. നോമ്പുകാലത്ത് അയല്‍ക്കാരിയായ പുനത്തില്‍ മീതല്‍ മാതുഅമ്മ ഞങ്ങളുടെ വീട്ടില്‍ മുടങ്ങാതെ വരാറുണ്ടായിരുന്നു. വീട്ടുജോലികളില്‍ ഉമ്മയെ സഹായിക്കാനും മറ്റുമാണ് മാതുഅമ്മ വരാറ്. നാലാം ക്ളാസില്‍ പഠിക്കുന്ന കാലത്ത് ഒരുദിവസം വീട്ടില്‍ ഞാന്‍ തനിച്ചാണ്. ഉപ്പ വീട്ടിലില്ല. ബാങ്ക് വിളിക്കാനായിട്ടും ഉമ്മ വന്നില്ല, മാതു അമ്മയെയും കണ്ടില്ല. വെപ്രാളംകൊണ്ട് ഞാന്‍ ഉമ്മ സഹായത്തിന് പോകുന്ന വീട്ടിലേക്ക് ഓടി. സുഖമില്ലാതെ തലകറങ്ങി വീണ മാതുഅമ്മയെ കോലായില്‍ പായ വിരിച്ചുകിടത്തി ശുശ്രൂഷിക്കുകയാണ് ഉമ്മ. അവിടെയും ആണുങ്ങള്‍ രാത്രിയേ എത്താറുള്ളൂ.
സുഖമില്ലാത്ത മാതുഅമ്മയെ കണ്ടപ്പോള്‍ നോമ്പുതുറക്കാന്‍ കാത്തിരിക്കുന്ന എന്നെ ഉമ്മക്ക് മറക്കേണ്ടിവന്നു. അവര്‍ തമ്മിലെ ആത്മബന്ധം അത്ര ദൃഡമായിരുന്നു. ഞാനും പായയുടെ ഒരറ്റത്തിരുന്നപ്പോള്‍ പള്ളിയില്‍നിന്ന് ബാങ്കുവിളികേട്ടു. മാതു അമ്മ അതുകേട്ട് കണ്ണുതുറന്ന് പതിഞ്ഞ സ്വരത്തില്‍ അല്ല, ഇതെന്താ ഇങ്ങക്ക് നോമ്പുതുറക്കേണ്ടേ, അകത്തെ കുടുക്കയില്‍ കാരക്കയുണ്ട്, അതെടുത്തോളിന്‍ എന്ന് പറഞ്ഞു. ആ കാരക്കയെടുത്ത് ഞാനും ഉമ്മയും നോമ്പുതുറന്നു.
മാതുഅമ്മയുടെ മകന്‍ നാണുചേട്ടന്‍ വന്നശേഷം അവരുടെ അസുഖം മാറാന്‍ പ്രാര്‍ഥിച്ചശേഷം ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി.
മണ്‍കലത്തില്‍ കാത്തുസൂക്ഷിച്ച ആ കാരക്കയുടെ മധുരം ഇന്നും നാവിന്‍തുമ്പിലുണ്ട്.
ഉമ്മ ഇന്ന് ജീവിച്ചിരിപ്പന്നില്ല. വിദ്വേഷത്തിലൂടെ ജനമനസ്സുകളില്‍ അകല്‍ച്ച സൃഷ്ടിക്കുന്നതിന് പകരം ഇത്തരം സൗഹൃദ സംസ്കാരം വീണ്ടെടുക്കുന്നതിന് യത്നിക്കാന്‍ ഈ നോമ്പുകാലത്ത് നമുക്ക് പ്രതിജ്ഞ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.