പെരുന്നാള്‍; നിന്നു തിരിയാനിടമില്ലാതെ തയ്യല്‍ക്കാര്‍

മത്ര: റമദാന്‍ അവസാന ദിനരാത്രങ്ങളിലേക്ക് കടന്നതോടെ മത്രയിലെ  തയ്യല്‍ തൊഴിലാളികള്‍ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. അത്രമാത്രം ജോലിയാണ് വന്നിരിക്കുന്നത്. മത്രയിലെ ഒട്ടുമിക്ക തയ്യല്‍ തൊഴിലാളികളും പുതിയ ഓര്‍ഡര്‍ എടുക്കുന്നത് അവസാനിപ്പിച്ചു. വളരെ ചുരുക്കം ആളുകളാണ് ഇപ്പോള്‍ പുതിയ ഓര്‍ഡര്‍ എടുക്കുന്നത്. സമീപദിവസങ്ങളില്‍ അവരും പുതിയഓര്‍ഡര്‍ സ്വീകരിക്കുന്നത് അവസാനിപ്പിക്കും. ആധുനിക ഫാഷനിലുള്ള വസ്ത്രങ്ങള്‍ ഷോപ്പിങ് മാളുകളിലും മറ്റും ലഭിക്കുമെങ്കിലും പെരുന്നാളിന് പരമ്പരാഗത വസ്ത്രങ്ങള്‍ സ്വന്തം അഭിരുചിക്ക് അനുസരിച്ചുതന്നെ വേണമെന്ന ഒമാനി സ്ത്രീകളുടെയും കുട്ടികളുടെയും നിര്‍ബന്ധബുദ്ധിയാണ് തയ്യല്‍കടകളെ സജീവമാക്കുന്നത്. 
റമദാന്‍ ആദ്യ നാളുകളില്‍തന്നെ ഓര്‍ഡറുകള്‍ വന്നു തുടങ്ങും, ചിലര്‍ക്ക് തയ്ച്ചതിനുശേഷവും ചില മാറ്റങ്ങള്‍ നിര്‍ദേശിക്കാന്‍ കാണും. മത്ര, റൂവി ഭാഗങ്ങളില്‍ പരമ്പരാഗത തയ്യല്‍ തൊഴിലാളികള്‍ പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളില്‍നിന്നാണ്. നൂറുകണക്കിന് കടകളുള്ള ഇവിടെ പെരുന്നാള്‍ കാലത്ത് ആര്‍ക്കും ജോലി കുറവില്ളെന്നതാണ് വാസ്തവം.  അതിരാവിലെ കടയില്‍വന്നാല്‍ ഉച്ചവിശ്രമത്തിനുപോലും പോകില്ല, നോമ്പുതുറ കടയില്‍തന്നെ. പിന്നെ ഏകദേശം പുലരുന്നതുവരെ ജോലിയാണ്, എന്നാലേ മുഴുവന്‍ ഓര്‍ഡറും തീര്‍ക്കാന്‍ പറ്റൂവന്ന് പാകിസ്താന്‍കാരനായ പര്‍വേസ് പറയുന്നു. ഈ പെരുന്നാള്‍ തിരക്കിനെ മുന്നില്‍കണ്ടുകൊണ്ടാണ് നാട്ടില്‍പോക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുള്ള പണം കണ്ടത്തെുന്നത്. 
സ്വദേശികള്‍ക്ക് പുതുതായി തയ്പ്പിക്കുന്ന വസ്ത്രം അണിഞ്ഞാല്‍മാത്രമേ തൃപ്തിയാകൂവെന്ന് മലയാളിയായ ഹിലാല്‍ പറയുന്നു. 
എന്തായാലും പെരുന്നാളിന് പുതിയ ഉടുപ്പ് വേണമെന്ന നിര്‍ബന്ധബുദ്ധി സാധാരണക്കാരായ കുറെ തൊഴിലാളികള്‍ക്ക് പ്രതീക്ഷയാവുകയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.