പുതിയ കമ്പനി രൂപവത്കരിക്കുന്നു; ചരക്കുഗതാഗത മേഖലയില്‍  മുന്‍നിരയിലത്തൊന്‍ സുല്‍ത്താനേറ്റ്

മസ്കത്ത്: ചരക്ക് ഗതാഗത മേഖലയുടെ വളര്‍ച്ച മുന്‍നിര്‍ത്തി പുതിയ ഹോള്‍ഡിങ് കമ്പനി രൂപവത്കരിക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രി ഡോ. അഹ്മദ് അല്‍ ഫുതൈസി അറിയിച്ചു.  ഒമാന്‍ ഗ്ളോബല്‍ ലോജിസ്റ്റിക്സ് ഗ്രൂപ് എന്ന് പേരിട്ടിരിക്കുന്ന പുതിയ കമ്പനിയുടെ കീഴിലായിരിക്കും  തുറമുഖങ്ങള്‍, ഫ്രീസോണുകള്‍, കപ്പല്‍ ഗതാഗത, കര ഗതാഗത കമ്പനികള്‍ എന്നിവയില്‍ മുതല്‍മുടക്കുക. 
ഈ മേഖലയില്‍ നിലവിലുള്ള സര്‍ക്കാര്‍ നിക്ഷേപങ്ങളുടെ ഓഹരികളും കമ്പനിക്ക് കീഴിലേക്ക് മാറ്റും. ചരക്ക് ഗതാഗത മേഖലയെ കുതിപ്പിന്‍െറ വഴിയിലേക്ക് എത്തിച്ച് ആഭ്യന്തര ഉല്‍പാദനത്തില്‍ ഈ മേഖലയില്‍നിന്നുള്ള വിഹിതം ഉയര്‍ത്തുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍െറ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ദേശീയ ചരക്കുഗതാഗത നയം നടപ്പില്‍വരുത്തുന്നതിനുള്ള ഉത്തരവാദിത്തവും പുതിയ കമ്പനിക്കായിരിക്കുമെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 
സ്വകാര്യ മേഖലയുമായി ചേര്‍ന്ന് സംയുക്ത നിക്ഷേപങ്ങളിലൂടെയും നൂതന പദ്ധതികളിലൂടെയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ്  ചരക്കുഗതാഗത നയം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. സിവില്‍ വ്യോമയാന മേഖലയില്‍ പുതിയ ഹോള്‍ഡിങ് കമ്പനി രൂപവത്കരിക്കാനും പദ്ധതിയുണ്ടെന്ന് അല്‍ ഫുതൈസി അറിയിച്ചു. 
ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍, ഒമാന്‍ എയര്‍പോര്‍ട്സ് മാനേജ്മെന്‍റ് കമ്പനി, പുതുതായി രൂപവത്കരിക്കുന്ന എയര്‍ നാവിഗേഷന്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ പൂര്‍ണമായും പുതിയ കമ്പനിക്ക് കീഴിലേക്ക് മാറ്റും. ചരക്കുഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യ വികസനാര്‍ഥം വന്‍ നിക്ഷേപമാണ് ഒമാന്‍ കഴിഞ്ഞ കാലങ്ങളിലായി നടത്തിക്കൊണ്ടിരിക്കുന്നത്. 
ലോകോത്തര തുറമുഖങ്ങളും ഇന്‍ഡസ്ട്രിയല്‍ ഫ്രീസോണുകളും സ്ഥാപിക്കുകവഴി പ്രമുഖ കപ്പല്‍ ഗതാഗത കമ്പനികളെ ആകര്‍ഷിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. തുറമുഖങ്ങളെയും ഫ്രീസോണുകളെയും ബന്ധിപ്പിച്ചുള്ള മികച്ച റോഡ് ഗതാഗത സൗകര്യവും ചരക്കുഗതാഗത മേഖലയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കാന്‍ പര്യാപ്തമാണ്. 
തുറമുഖങ്ങളെയും വ്യവസായ, സാമ്പത്തിക, വാണിജ്യ മേഖലയെയും ബന്ധിപ്പിച്ചുള്ള ഒമാന്‍ റെയില്‍ പദ്ധതികൂടി യാഥാര്‍ഥ്യമാകുന്നതോടെ ചരക്കുഗതാഗത മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് രാജ്യം പര്യാപ്തമാകും. ഏഷ്യയിലേക്കും ആഫ്രിക്കയിലേക്കുമുള്ള ചരക്കുഗതാഗതത്തിന്‍െറ കേന്ദ്രമാകാന്‍ ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.