മസ്കത്ത്: സൂപ്പര്‍ ഗ്രേഡിന്‍െറ ഉല്‍പാദനം കുറച്ച് റെഗുലര്‍ ഗ്രേഡ് പെട്രോളിന്‍െറ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് എണ്ണ, പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ സലീം ബിന്‍ നാസര്‍ അല്‍ ഒൗഫി. ഇതു സംബന്ധിച്ച് റിഫൈനറികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മസ്കത്തില്‍ ബ്രിട്ടീഷ് പെട്രോളിയത്തിന്‍െറ പരിപാടിയില്‍ സംബന്ധിക്കാനത്തെിയ അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
ഇന്ധന വില നിയന്ത്രണം നീക്കിയതോടെ റെഗുലര്‍ പെട്രോളിന് ആവശ്യക്കാര്‍ ഏറിയിരിക്കുകയാണ്. റെഗുലറിന്‍െറ ഉപയോഗം മൂന്നിരട്ടി ആയതായാണ് കണക്കുകള്‍. ആവശ്യത്തിനനുസരിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കും. ഉല്‍പാദനവും വിപണിയിലെ ആവശ്യവും തമ്മില്‍ സന്തുലിതത്വം ആവശ്യമാണെന്നും അല്‍ ഒൗഫി പറഞ്ഞു. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 180 ബൈസയും റെഗുലറിന് 170 ബൈസയുമാണ് ജൂണിലെ നിരക്ക്.
വില നിയന്ത്രണം നീക്കി അഞ്ചു മാസത്തിനുള്ളില്‍ റെഗുലര്‍ പെട്രോളിന്‍െറ വിലയില്‍ 49 ശതമാനത്തിന്‍െറ വര്‍ധനവാണുണ്ടായത്. ജനുവരിയില്‍ വില നിയന്ത്രണം നീക്കുംമുമ്പ് റെഗുലര്‍ പെട്രോളിന് 114 ബൈസയും സൂപ്പറിന് 120 ബൈസയും ഡീസലിന് 146 ബൈസയുമായിരുന്നു വില.
സൂപ്പര്‍ വിലയില്‍ 50 ശതമാനത്തിന്‍െറയും ഡീസലിന്‍െറ വിലയില്‍ 26 ശതമാനത്തിന്‍െറയും വര്‍ധനവുണ്ടായി. നേരത്തേ 90 ശതമാനം പേരും സൂപ്പര്‍ പെട്രോള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, വില നിയന്ത്രണം നീക്കിയതോടെ സൂപ്പര്‍ ഉപയോഗം കുറഞ്ഞുവരുകയാണെന്ന് അല്‍ ഒൗഫി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ 7,58,900 ബാരല്‍ റെഗുലര്‍ പെട്രോള്‍ ഉല്‍പാദിപ്പിച്ചപ്പോള്‍ ഈ വര്‍ഷം അത് 1.72 ദശലക്ഷമായി ഉയര്‍ന്നു. അതേസമയം, സൂപ്പറിന്‍െറ ഉല്‍പാദനം കഴിഞ്ഞവര്‍ഷത്തെ 5.20 ദശലക്ഷം ബാരലില്‍നിന്ന് 11.1 ശതമാനം കുറഞ്ഞ് 4.62 ദശലക്ഷം ബാരലായി.
റെഗുലര്‍ പെട്രോളിന്‍െറ ഉപയോഗം പരിസ്ഥിതിക്ക് ദോഷകരമാണെന്ന പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ളെന്നും കത്തുന്നതിനുള്ള കഴിവില്‍ മാത്രമാണ് ഇവക്ക് വ്യത്യാസമുള്ളതെന്നും അല്‍ ഒൗഫി പറഞ്ഞു. റെഗുലറിന് പകരം പുതിയ ഗ്രേഡ് പെട്രോള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. എം 91 എന്ന പുതിയ ഗ്രേഡ് പെട്രോള്‍ ഈ വര്‍ഷം തന്നെ വിപണിയിലിറക്കാനാണ് റിഫൈനറികള്‍ ആലോചിക്കുന്നതെന്നും അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.