മസ്കത്ത്: കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പതിവായി വൈകുന്നത് ദുരിതമാകുന്നു. ഈ മാസം ആദ്യം മുതലാണ് വിമാനം വൈകുന്നത് പതിവായത്. ഇടക്കിടെയുണ്ടായിരുന്ന വൈകല്‍ ഒരാഴ്ചയായി പതിവാണെന്ന് ട്രാവല്‍ ഏജന്‍സി രംഗത്തുള്ളവര്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45ന് പോകേണ്ട വിമാനം അഞ്ചു മണിക്കൂറോളമാണ് വൈകിയത്. കൈക്കുഞ്ഞുങ്ങളടക്കം യാത്ര ചെയ്തവരാണ് ദുരിതത്തിലായത്. കോഴിക്കോട്ടുനിന്നുള്ള വിമാനം വൈകുന്നതാണ് തിരികെ യാത്രയും വൈകാന്‍ കാരണം. ചൊവ്വാഴ്ച രാത്രി ഇന്ത്യന്‍ സമയം 11.50ന് കോഴിക്കോട്ടുനിന്ന് മസ്കത്തിന് പുറപ്പെടേണ്ട വിമാനം മൂന്നു മണിക്കൂറോളമാണ് വൈകിയത്. ഉദ്യോഗസ്ഥരോട് അന്വേഷിച്ചെങ്കിലും വിമാനം വൈകുമെന്ന് പറഞ്ഞതല്ലാതെ കൃത്യമായ മറുപടി ലഭിച്ചില്ളെന്ന് വിമാനത്തിലെ യാത്രക്കാരിയായിരുന്ന കണ്ണൂര്‍ സ്വദേശിനി പറഞ്ഞു. കൈക്കുഞ്ഞുമായി കണക്ഷന്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ടവര്‍ അടക്കം ഉണ്ടായിരുന്നു. കാത്തിരിപ്പ് നീണ്ടതോടെ ലഘുഭക്ഷണം ഉദ്യോഗസ്ഥര്‍ എത്തിച്ചുനല്‍കിയിരുന്നു. പുലര്‍ച്ചെ 1.20ന് മസ്കത്തില്‍ ഇറങ്ങേണ്ട വിമാനം 4.30നാണ് ലാന്‍ഡ് ചെയ്തത്.
കോഴിക്കോട്ടുനിന്ന് പുറപ്പെടാന്‍ വൈകുന്നത് തിരിച്ചുള്ള യാത്രയുടെ സമയക്രമത്തെയും ബാധിക്കുകയാണ്.
ഇത് ദൂരെ സ്ഥലങ്ങളില്‍നിന്ന് യാത്രചെയ്യാന്‍ എത്തുന്നവരെയാണ് ഏറെ പ്രയാസത്തിലാക്കുന്നത്. വിമാനം വൈകുന്ന പക്ഷം എയര്‍ ഇന്ത്യ എക്സ്പ്രസില്‍നിന്ന് സന്ദേശം ലഭിക്കുന്നുണ്ടെങ്കിലും അത് കിട്ടുമ്പോഴേക്കും സൊഹാര്‍, ഇബ്ര, ഇബ്രി തുടങ്ങിയ വിദൂര സ്ഥലങ്ങളിലുള്ളവര്‍ യാത്ര പുറപ്പെട്ടിരിക്കും. ചൊവ്വാഴ്ച സഹത്തില്‍നിന്ന് പുറപ്പെട്ടവര്‍ക്ക് മസ്കത്ത് വിമാനത്താവളം എത്താറായപ്പോള്‍ ആണ് വിമാനം വൈകുമെന്ന അറിയിപ്പ് കിട്ടുന്നത്. മസ്കത്തിലും പരിസരത്തുമുള്ള യാത്രക്കാര്‍ക്ക് മാത്രമേ വൈകുമെന്ന സന്ദേശം ലഭിക്കുന്നത് ഉപകാരപ്പെടുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.