മസ്കത്ത്: കഴിഞ്ഞയാഴ്ച വിവിധ വിലായത്തുകളില്‍ റോയല്‍ ഒമാന്‍ പൊലീസും വിവിധ സുരക്ഷാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയില്‍ 37 നുഴഞ്ഞുകയറ്റക്കാര്‍ പിടിയിലായി. ദോഫാറിലാണ് ഏറ്റവുമധികം പേര്‍ പിടിയിലായത്, 19 പേര്‍.
അല്‍ ബുറൈമിയില്‍ ആറുപേരും വടക്കന്‍ ബാത്തിനയില്‍ അഞ്ചുപേരും തെക്കന്‍ ബാത്തിനയില്‍ നാലുപേരും മസ്കത്തില്‍ മൂന്ന് പേരും പിടിയിലായിട്ടുണ്ട്. നേരത്തേ പിടിയിലായ 44 ആഫ്രിക്കന്‍ വംശജരെ നിയമനടപടികള്‍ക്ക് ശേഷം അതത് എംബസികളുടെ സഹായത്തോടെ നാടുകടത്തി. 101 സ്ത്രീകളടക്കം 441 നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തെ നേരിടുന്നതിനായി പൊതുജനങ്ങള്‍ കൂടുതലായി സഹകരിക്കണമെന്ന് പൊലീസ് വക്താവ് അറിയിച്ചു. അനധികൃത തൊഴിലാളികളെ രാജ്യത്ത് കടക്കാന്‍ സഹായിക്കുകയോ താമസ സൗകര്യം ലഭ്യമാക്കുകയോ ജോലിനല്‍കുകയോ ചെയ്യരുത്. കവര്‍ച്ച, മയക്കുമരുന്ന് കേസുകളില്‍ അനധികൃത തൊഴിലാളികളാണ് കൂടുതലായും ഉള്‍പ്പെടുന്നത്. മറ്റു നിയമവിരുദ്ധ പ്രവൃത്തികളിലും ഏര്‍പ്പെടുന്ന ഇവരില്‍ പലരും പകര്‍ച്ചവ്യാധികളുടെ വാഹകരുമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇനിയും ഇത്തരക്കാരുടെ എണ്ണം കുറക്കേണ്ടതായിട്ടുണ്ട്.
പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഈ വര്‍ഷത്തിന്‍െറ ആദ്യപാദത്തില്‍ 858 നുഴഞ്ഞുകയറ്റക്കാരാണ് പിടിയിലായത്. 1116 പേരെ മാതൃരാജ്യത്തേക്ക് കയറ്റി അയക്കുകയും ചെയ്തിട്ടുണ്ട്.
യു.എ.ഇയുമായി അതിര്‍ത്തി പങ്കിടുന്ന ബുറൈമിയില്‍നിന്നാണ് കൂടുതല്‍ പേരും പിടിയിലായത്, 260 പേര്‍. തെക്കന്‍ ബാത്തിനയില്‍നിന്ന് 101 പേരും മസ്കത്തില്‍നിന്ന് 83 പേരും ഈ വര്‍ഷത്തിന്‍െറ ആദ്യ മൂന്നു മാസങ്ങളില്‍ പിടിയിലായി. കരക്കുപുറമെ കടല്‍ വഴിയുമാണ് പലരും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത്. നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ എമര്‍ജന്‍സി നമ്പറായ 9999ലോ വിവരമറിയിക്കണം.
നുഴഞ്ഞുകയറ്റത്തിന് പിടിയിലാകുന്നവര്‍ക്ക് ഒരു വര്‍ഷവും മൂന്നുമാസവും വരെ തടവോ അല്ളെങ്കില്‍ നൂറുമുതല്‍ 500 റിയാല്‍ വരെ പിഴയും അല്ളെങ്കില്‍ രണ്ടും കൂടിയാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. ഇവരെ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്ന ബോട്ടിന്‍െറയോ കപ്പലിന്‍െറയോ ക്യാപ്റ്റന്‍മാര്‍ക്കും വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും രണ്ടുവര്‍ഷം വരെ തടവും രണ്ടായിരം റിയാല്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.