മസ്കത്ത്: ദുബൈയിലേക്ക് റോഡുമാര്‍ഗം യാത്രചെയ്യുന്നവര്‍ക്ക് ഇ-വിസ നിര്‍ബന്ധമാക്കിയ നടപടിയില്‍ ഇളവ്. അധികതുക നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കും വിധമാണ് സംവിധാനത്തില്‍ മാറ്റംവരുത്തിയത്. ഹത്ത അതിര്‍ത്തിയില്‍ കുറച്ച് ദിവസങ്ങളായി ഈ സൗകര്യം ലഭ്യമാണെന്ന് യു.എ.ഇയിലേക്കുള്ള പതിവ് യാത്രക്കാര്‍ പറഞ്ഞു. 220 ദിര്‍ഹമാണ് ഇ- വിസക്കുള്ള ഫീസ്.
എന്നാല്‍, 120 ദിര്‍ഹം അധികം നല്‍കിയാല്‍ മുമ്പത്തെപ്പോലെ ഓണ്‍ അറൈവല്‍ വിസ സംവിധാനം ലഭ്യമാകും. അത്യാവശ്യക്കാര്‍ക്ക് ഉപയോഗിക്കുന്നതിനായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അറിയുന്നു. എന്നാല്‍, നിബന്ധനകളിലെ ഇളവു സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകള്‍ ലഭ്യമായിട്ടില്ല. ഒമാനില്‍നിന്ന് ദുബൈയിലേക്ക് പോകുന്നവര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ ഇ-വിസ സംവിധാനം നിര്‍ബന്ധമാക്കിയിരുന്നെങ്കിലും റോഡ് അതിര്‍ത്തികളില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂണ്‍ 15 മുതലാണ് റോഡതിര്‍ത്തിയിലും നിയമം കര്‍ക്കശമാക്കിയതായി കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.
ഇതറിയാതെ ദുബൈയിലേക്ക് പോവുകയായിരുന്ന കച്ചവടക്കാര്‍ അടക്കമുള്ളവരെ തിരിച്ചുവിടുകയും ചെയ്തിരുന്നു. ഇ-വിസ നിര്‍ബന്ധമാക്കിയതോടെ നിരവധി ട്രാവല്‍ ഏജന്‍സികളിലും ഓണ്‍ലൈന്‍ അപേക്ഷാ സേവനം ആരംഭിച്ചിരുന്നു. 22 റിയാലിന്‍െറ സ്ഥാനത്ത് 28ഉം 30ഉം 33ഉം റിയാലൊക്കെയാണ് പല ട്രാവല്‍ ഏജന്‍സിക്കാരും ഈടാക്കുന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നും മറ്റും പലര്‍ക്കും വിസ ലഭിക്കാതിരുന്ന സംഭവങ്ങളും പണം നഷ്ടപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെരുന്നാള്‍ അവധിദിനങ്ങളിലെ യാത്രക്ക് അപേക്ഷനല്‍കിയവരില്‍ പലര്‍ക്കും ഏറെ സമയമെടുത്തശേഷമാണ് ഇ- വിസ ലഭിച്ചത്. വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും വിസ അടിക്കാനുള്ള തിരക്കും ക്യൂവും ഒഴിവാക്കുകയാണ് ഇ-വിസ കൊണ്ട് ലക്ഷ്യമിടുന്നത്. എന്നാല്‍, യു.എ.ഇയുമായി കരാറുള്ള 46 രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമല്ല.
ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ ഇതില്‍ ഉള്‍പ്പെടും. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-വിസാ സൗകര്യമോ ഓണ്‍ അറൈവല്‍ വിസ സൗകര്യമോ ഉപയോഗപ്പെടുത്താവുന്നതാണ്. ഒമാനില്‍ നിന്ന് യു.എ.ഇയിലേക്ക് പോവുന്ന യാത്രക്കാരുടെ എണ്ണം ഈവര്‍ഷം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ആദ്യ മൂന്നുമാസങ്ങളില്‍ 3,22,000 പേരാണ് ഒമാനില്‍നിന്ന് യു.എ.ഇ സന്ദര്‍ശിക്കാനത്തെിയത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 32 ശതമാനം കൂടുതലാണിത്.
അതിനിടെ, പെരുന്നാള്‍ തിരക്ക് നേരിടാന്‍ ഒമാന്‍- യു.എ.ഇ അതിര്‍ത്തികളില്‍ സജ്ജീകരണങ്ങള്‍ ആരംഭിച്ചു. ഒമാനില്‍ നാളെ മുതല്‍ ഒമ്പതാം തീയതി വരെയാണ് പെരുന്നാള്‍ അവധി. നാട്ടില്‍പോകാത്ത പല പ്രവാസി കുടുംബങ്ങളും യു.എ.ഇയിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്ത് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ പോകുന്നതിനുള്ള ഒരുക്കത്തിലാണ്. യു.എ.ഇയില്‍നിന്ന് പ്രവാസികളും സ്വദേശികളും പെരുന്നാള്‍ അവധിക്ക് സലാലയടക്കം ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒഴുകും. കൂടുതല്‍ ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിച്ചാണ് അതിര്‍ത്തിയിലെ വാഹനക്കുരുക്കും ജനത്തിരക്കും ഒഴിവാക്കുക.
ഈ വര്‍ഷങ്ങളിലും പതിവുപോലെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.