മസ്കത്ത്: 85 വര്‍ഷം മുമ്പ് നടന്ന മരുഭൂമി യാത്രയുടെ ഓര്‍മ പുതുക്കി സലാലയില്‍ നിന്ന് ദോഹയിലേക്ക് സാഹസിക പര്യടനം നടത്തുന്ന മൂന്നംഗ സംഘം ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. ‘ക്രോസിങ് സി എംപ്റ്റി ക്വാര്‍ട്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന പര്യടനം സലാലയില്‍നിന്ന് പുറപ്പെട്ട് 45ാം ദിവസമാണ് ഖത്തര്‍ അതിര്‍ത്തിയില്‍ എത്തിയത്. സൗദി അറേബ്യ മുറിച്ചുകടന്ന സംഘം ഈമാസം 28ന്, 48 ദിവസം പൂര്‍ത്തിയാകുന്ന ദിവസം, ദോഹയിലെ അല്‍ റയ്യാന്‍ കോട്ടയില്‍ പര്യടനം പൂര്‍ത്തിയാക്കും. മസ്കത്തില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍ മാര്‍ക് ഇവാന്‍സാണ് സംഘത്തെ നയിക്കുന്നത്. മുഹമ്മദ് അല്‍ സദ്ജാലി, അംറുല്‍ വാഹിബി എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍. ഖത്തര്‍ അതിര്‍ത്തിയിലത്തെിയ സംഘത്തെ യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോമാസ് സെന്‍ററിലെ യുവാക്കള്‍ സ്വീകരിച്ചു. ഇനിയുള്ള യാത്രയില്‍ സംഘത്തെ ഇവര്‍ അനുഗമിക്കും.
‘ഞങ്ങള്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. ദുര്‍ഘട മരുഭൂമിയായ റുബൂഉല്‍ ഖാലി (എംപ്റ്റി ക്വാര്‍ട്ടര്‍) വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്‍െറ ജീവിതത്തിലെ ഏറ്റവും സാഹസികമായ യാത്രയായിരുന്നു ഇത്. ശരിക്കും ഒരു സ്വപ്നസാക്ഷാത്കാരം’- മാര്‍ക് ഇവാന്‍സ് പറഞ്ഞു. പകല്‍ മരുഭൂമിയില്‍ സഞ്ചരിച്ചും രാത്രി ക്യാമ്പ് ചെയ്തുമാണ് സംഘത്തിന്‍െറ യാത്ര. കാല്‍നടയായി സഞ്ചരിക്കുന്ന ഇവരെ സഹായിക്കാന്‍ സിം ഡേവിസ്, ജോണ്‍ സി. സ്മിത്ത് എന്നിവര്‍ വാഹനത്തില്‍ അനുഗമിക്കുന്നുണ്ട്. ‘ഓരോ ദിവസവും ഓരോതരം വെല്ലുവിളികള്‍ ആയിരുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ശക്തമായ മൂടല്‍മഞ്ഞ് കാഴ്ചയെ മറച്ചത് പുലര്‍ച്ചെയുള്ള യാത്ര തടസ്സപ്പെടുത്തി’- മാര്‍ക് ഇവാന്‍സ് പറഞ്ഞു. അസാധ്യമായി ഒന്നുമില്ളെന്ന് യുവജനതയെ ബോധ്യപ്പെടുത്തുകയും അറബ് യുവാക്കള്‍ക്ക് അവരുടെ പൂര്‍വികരുടെ നേട്ടങ്ങളെ കുറിച്ച് ഓര്‍മിപ്പിക്കുകയുമാണ് യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘മൂടല്‍മഞ്ഞ്, മണല്‍ക്കാറ്റ് തുടങ്ങി നിരവധി തവണ കാലാവസ്ഥ പ്രതികൂലമായിരുന്നു. ടീം സ്പിരിറ്റും സഹകരണവും കൊണ്ടാണ് ഞങ്ങള്‍ക്ക് അതിനെയെല്ലാം മറികടക്കാനായത്’- വാഹിബി പറഞ്ഞു. ഡിസംബര്‍ 10നാണ് സംഘം സലാലയില്‍നിന്ന് യാത്ര തിരിച്ചത്. 1930ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ബെര്‍ട്രാം തോമസും ഒമാനിയായ ശൈഖ് സലാഹ് ബിന്‍ കലൂത് അല്‍ റശീദി അല്‍ ഖത്തരിയും ചേര്‍ന്ന് ആദ്യമായി റുബുഉല്‍ ഖാലി കുറുകെ കടന്നതിന്‍െറ ഓര്‍മ പുതുക്കിയാണ് മാര്‍ക് ഇവാന്‍സിന്‍െറയും സംഘത്തിന്‍െറയും യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.