സീസണ്‍ ചതിച്ചു; ശൈത്യകാല വിപണി മരവിപ്പില്‍

മസ്കത്ത്: ശൈത്യകാല സീസണ്‍ കാര്യമായ ഫലം ചെയ്യാതിരുന്നതോടെ തണുപ്പ് കാലത്തെ പ്രതിരോധിക്കുന്നതിനുള്ള വസ്ത്രങ്ങള്‍ വന്‍തോതില്‍ സ്വരുക്കൂട്ടിയ വ്യാപാരികള്‍ പ്രയാസത്തിലായി. ശൈത്യകാലത്ത് കാര്യമായ തണുപ്പ് അനുഭവപ്പെടാതിരുന്നതും വിപണിയിലെ മാന്ദ്യവുമാണ് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായത്. 
എണ്ണവിലയിലുണ്ടായ കുറവും വിപണിയെ ബാധിച്ചപ്പോള്‍ വന്‍തോതില്‍ ശൈത്യകാല വസ്ത്രങ്ങള്‍ ഇറക്കി സൂക്ഷിച്ചവരാണ് പ്രയാസത്തിലായത്. 
സ്വറ്ററുകള്‍, കമ്പിളി വസ്ത്രങ്ങള്‍, ഷാള്‍, തൊപ്പി, കാലുറകള്‍ തുടങ്ങി തണുപ്പിനെ പ്രതിരോധിക്കാന്‍ ഉതകുന്ന വസ്ത്രങ്ങളാണ് ശൈത്യകാല സീസണ്‍ മുന്നില്‍ കണ്ട് വ്യാപാരികള്‍ ഇറക്കിയത്. 
എന്നാല്‍, സീസണ്‍ പകുതിയായിട്ടും കാര്യമായ കച്ചവടം നടന്നില്ളെന്നും വന്‍ നഷ്ടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും മത്ര സൂഖിലെ വ്യാപാരികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
സാധാരണ തണുപ്പ് വരുമ്പോള്‍ തന്നെ സ്വദേശികള്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം പ്രത്യേകം വസ്ത്രം വാങ്ങാറുണ്ട്. 
എന്നാല്‍, ഇത്തവണ ശൈത്യം കാര്യമായി അനുഭവപ്പെടാതിരുന്നതോടെ സ്വദേശികള്‍ വസ്ത്രങ്ങള്‍ വാങ്ങുന്നതിലും കുറവ് വരുത്തി. സാധാരണ ഡിസംബര്‍ ആദ്യത്തില്‍ തന്നെ നല്ല കച്ചവടം നടക്കാറുണ്ടായിരുന്നെന്നും ഇത്തവണ അതുണ്ടായില്ളെന്നും മത്ര സൂഖിലെ റെഡിമെയ്ഡ് വ്യാപാരി അസീസ് കുഞ്ഞിപ്പള്ളി പറഞ്ഞു. 
കമ്പിളി പുതപ്പുകള്‍ക്ക് അടക്കം ആവശ്യക്കാരുണ്ടായില്ളെന്ന് ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്ന റഷീദും പറഞ്ഞു. 
വന്‍തോതില്‍ ശേഖരിച്ച കമ്പിളിപ്പുതപ്പുകള്‍ അടുത്ത വര്‍ഷം വരെ ഗോഡൗണില്‍ കേടുകൂടാതെ സൂക്ഷിക്കേണ്ട അവസ്ഥയാണെന്ന് റഷീദ് പറഞ്ഞു. 
ഈ വര്‍ഷം ഏതാനും ദിവസം മാത്രമേ കാര്യമായ തണുപ്പ് അനുഭവപ്പെട്ടുള്ളൂ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.