വാടക കരാര്‍ ഫീസില്‍ അഞ്ചു ശതമാനം വര്‍ധന മറ്റു ഗവര്‍ണറേറ്റുകളിലേക്കും

മസ്കത്ത്: മസ്കത്തിനു പുറമെ മറ്റു ഗവര്‍ണറേറ്റുകളിലും വാടക കരാറുകള്‍ക്ക് ചുമത്തിയിരുന്ന ഫീസ് അഞ്ചു ശതമാനമായി വര്‍ധിപ്പിക്കുന്നു. 
രണ്ടു ശതമാനം വര്‍ധനയാണ് ഏര്‍പ്പെടുത്തുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഫീസ് അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയെന്ന് മുനിസിപ്പാലിറ്റി-ജലവിഭവ മന്ത്രി അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ശുഹി പറഞ്ഞു. മറ്റു ഗവര്‍ണറേറ്റുകളില്‍ ഉടന്‍ തീരുമാനം നടപ്പാക്കും. നേരത്തേ ഫീസ് വാടക കരാറിന്‍െറ മൂന്നു ശതമാനമായിരുന്നു. മസ്കത്തില്‍ ഫെബ്രുവരി ഒന്നുമുതല്‍ പുതിയ ഫീസ് നിലവില്‍വന്നിട്ടുണ്ട്. എല്ലാ ഗവര്‍ണറേറ്റുകളിലെയും താമസയിടങ്ങള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും വ്യവസായിക കെട്ടിടങ്ങള്‍ക്കുമെല്ലാം ഈ നിയമം ബാധകമാണെന്ന് മന്ത്രി നല്‍കിയ ഉത്തരവില്‍ പറയുന്നു. കെട്ടിടയുടമക്കോ വാടകക്കാരനോ ഈ തുക അടക്കാം. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി 2016ലെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനകാര്യ മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലൊന്നാണിത്. മസ്കത്ത് മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിന് ജനുവരി ഏഴിന് ധനകാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവ് ജനുവരി 28നാണ് മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചത്. 
രാജ്യത്തെ മറ്റു മുനിസിപ്പാലിറ്റികളിലും വാടക കരാര്‍ ഫീസ് പുതുക്കിനിശ്ചയിക്കാന്‍ മുനിസിപ്പാലിറ്റി-ജലവിഭവ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായാണ് ഇപ്പോള്‍ ദോഫാറില്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.1998 മുതല്‍ എല്ലാത്തരം വാടക കരാറുകള്‍ക്കും മൂന്നു ശതമാനം ഫീസാണ് ചുമത്തിവന്നിരുന്നത്. അതുപ്രകാരം മാസവാടക 300 റിയാലാണെങ്കില്‍ 108 റിയാലായിരുന്നു ഫീസ്. ഇത് 180 റിയാലായി ഉയര്‍ന്നു. പുതിയ ഉത്തരവനുസരിച്ച് നല്‍കേണ്ട ഫീസ് വിവരങ്ങള്‍ ചുവടെ (മാസവാടക, പഴയ ഫീസ്, പുതിയ ഫീസ് ക്രമത്തില്‍): 400-144-240, 450-162-270, 500-180-300, 550-198-330.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.