ലഘുവ്യവസായങ്ങള്‍ ഇനി ഒരു കുടക്കീഴില്‍; നിര്‍മാണം ജൂലൈയില്‍

മസ്കത്ത്: രാജ്യത്താദ്യമായി ലഘുവ്യവസായങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തിയുള്ള സമഗ്ര വ്യവസായ നഗര പദ്ധതി വരുന്നു. എക്സ്പ്രസ്വേയില്‍ മൊബേല എക്സിറ്റില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ രണ്ടര ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പാക്കുക. 
100 മില്യണ്‍ റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നടത്തിപ്പുകാര്‍ സന്‍ദാന്‍ ഡെവലപ്മെന്‍റാണ്. ഈ വര്‍ഷം ജൂലൈയില്‍ നിര്‍മാണമാരംഭിക്കുന്ന പദ്ധതി 2018ല്‍ പൂര്‍ത്തിയാക്കും. 
തുടക്കത്തില്‍ ഓട്ടോമോട്ടിവ്, ബില്‍ഡിങ് മെറ്റീരിയല്‍ മേഖലകളിലുള്ള ലഘുവ്യവസായങ്ങളാണ് ഇവിടെ ഉണ്ടാകുക. 2200 ഷോറൂമുകളും വര്‍ക്ഷോപ്പുകളും 400 ഓഫിസുകള്‍, തൊഴിലാളികള്‍ക്കുള്ള 1800 താമസ യൂനിറ്റുകള്‍ എന്നിവയും ഏര്‍പ്പെടുത്തും. ഈ സംവിധാനങ്ങള്‍ നിക്ഷേപകര്‍ക്ക് നേരിട്ട് വില്‍ക്കുകയാണ് ചെയ്യുന്നത്. പലിശരഹിതമായ 18 ഗഡുക്കളായി തുക തിരിച്ചടച്ചാല്‍ മതിയെന്ന സൗകര്യവുമുണ്ടെന്ന് ഭവന മന്ത്രാലയത്തിലെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്‍റ് ജനറല്‍ ഡയറക്ടറേറ്റിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ജനറല്‍ സലീം ബിന്‍ ഹസന്‍ അല്‍ ബലൂഷി പറഞ്ഞു. ഹൈപര്‍ മാര്‍ക്കറ്റ്, റസ്റ്റാറന്‍റുകള്‍, ആശുപത്രി, പള്ളി തുടങ്ങിയവ വ്യവസായ നഗരത്തില്‍ ഉണ്ടാകും. 15,000 പേര്‍ ഇവിടെ താമസിക്കുമെന്നാണ് കണക്ക്. അടുത്ത ഘട്ടമായി മറ്റു ലഘുവ്യവസായ മേഖലകള്‍ക്കായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇത്തരം വ്യവസായ നഗരങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് സന്‍ദാന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സഈദ് ബിന്‍ നാസര്‍ ബിന്‍ സാലിം അല്‍ റാശിദി പറഞ്ഞു. 
നിലവില്‍ പദ്ധതിയില്‍ വിദേശ നിക്ഷേപകര്‍ ആരുമില്ല. നാലുഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ വാഹന വ്യവസായവും രണ്ടാം ഘട്ടത്തില്‍ നിര്‍മാണ മേഖലയെയും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഈ രണ്ടു ഘട്ടത്തിന്‍െറയും പ്ളോട്ട് വില്‍പന ഈ മാസം 22ന് നടക്കും. മറ്റു രണ്ട് ഘട്ടങ്ങളുടേത് പിന്നീടാണ്. നിര്‍മാണത്തിനുള്ള വിവിധ ടെന്‍ഡറുകള്‍ ഏപ്രിലില്‍ ക്ഷണിക്കും. പദ്ധതി രൂപരേഖക്ക് ഭവന മന്ത്രാലയം, റോയല്‍ ഒമാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 8000 മുതല്‍ 9000 വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആദ്യ ഘട്ടത്തില്‍ 50 വാഹന ഷോറൂമുകളാണ് ഉണ്ടാകുക. ഓരോ ഷോറൂമിലും ഒരേസമയം 22 കാറുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. വാഹന വ്യവസായവുമായി ബന്ധപ്പെട്ട റിപ്പയറിങ്, സ്പെയര്‍ പാര്‍ട്സ് തുടങ്ങി എല്ലാത്തരം വര്‍ക്ഷോപ്പുകളും ഉണ്ടാകും. 1200 വര്‍ക്ഷോപ്പുകള്‍ നിര്‍മിക്കാനാണ് പദ്ധതി. 80 ചതുരശ്ര മീറ്റര്‍ വിസ്തൃതിയായിരിക്കും ഓരോ വര്‍ക്ഷോപ്പിനും. കെട്ടിടനിര്‍മാണ വ്യവസായ മേഖലയിലെ ഷോറൂമുകള്‍ കൂടാതെ മരപ്പണി, കൊല്ലപ്പണി, അലൂമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയ വര്‍ക്ഷോപ്പുകളും രണ്ടാം ഘട്ടത്തില്‍ ഉണ്ടാകും. മൂന്നാം ഘട്ടത്തില്‍ 400 ഓഫിസ് യൂനിറ്റുകളാണ് നിര്‍മിക്കുക. ഭവന മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണം. ഓട്ടോമോട്ടിവ്, ബില്‍ഡിങ് മെറ്റീരിയല്‍ മേഖലയില്‍ രണ്ടുവര്‍ഷം പഠനം നടത്തിയ ശേഷമാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മലേഷ്യയിലും തുര്‍ക്കിയിലുമുള്ള സമാന ലഘുവ്യവസായ നഗരങ്ങള്‍ സന്ദര്‍ശിച്ചും പഠനം നടത്തിയിരുന്നു.    
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.