ഇന്ത്യയും സംഹറമുമായി വ്യാപാരബന്ധം  ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവുകള്‍

മസ്കത്ത്: ഇന്ത്യയും ഒമാനിലെ പൗരാണിക തുറമുഖനഗരമായ സംഹറമും തമ്മില്‍ വ്യാപാരബന്ധം ഉണ്ടായിരുന്നതിന്‍െറ കൂടുതല്‍ തെളിവ് ഇറ്റാലിയന്‍ പര്യവേക്ഷണസംഘത്തിന് ലഭിച്ചു. ഇവിടെ നടത്തിയ പര്യവേക്ഷണത്തില്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്ത മണ്‍പാത്രങ്ങളും വ്യവസായിക ഉപകരണങ്ങളും കണ്ടത്തെി. ബി.സി മൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുമായി മാത്രമല്ല, വിവിധ ലോകരാജ്യങ്ങളുമായും സംഹറമിന് വ്യാപാരബന്ധം ഉണ്ടായിരുന്നതായി പിസ സര്‍വകലാശാലയില്‍നിന്നുള്ള പര്യവേക്ഷണസംഘത്തിന് നേതൃത്വം നല്‍കുന്ന പ്രഫ. അലസാന്‍ഡ്ര അവാന്‍സിനി ചൂണ്ടിക്കാട്ടി. ‘സംഹറമിലെ തുറമുഖം എട്ടു നൂറ്റാണ്ടുകളോളം ഏറെ സജീവമായിരുന്നു. 
കോസ്മോപൊളിറ്റന്‍ മാനങ്ങളുള്ള നഗരമായിരുന്നു ഇതെന്നതിന് നിരവധി തെളിവുകള്‍ പര്യവേക്ഷണത്തില്‍ ലഭിച്ചു. മികച്ച നഗരാസൂത്രണം, നിര്‍മാണരീതികള്‍ എന്നിവയെല്ലാം തെളിയിക്കുന്നത് ഇതൊരു ചെറിയ വാണിജ്യ ഇടനില കേന്ദ്രമൊ സൈനിക ഒൗട്ട്പോസ്റ്റൊ മാത്രമായിരുന്നില്ല എന്നാണ്. കോട്ട മതില്‍ക്കെട്ടിനുള്ളില്‍ 7000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മികച്ചൊരു നഗരമാണ് ഉണ്ടായിരുന്നത്. എ.ഡി 500ാം നൂറ്റാണ്ടിലെപ്പോഴോ ആണ് സംഹറം ഇല്ലാതാകുന്നത് -പ്രഫ. അലസാന്‍ഡ്ര പറഞ്ഞു. സലാലയില്‍നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് സംഹറം. 1950കളില്‍ അമേരിക്കന്‍ പര്യവേക്ഷണസംഘമാണ് ഈ നഗരത്തിന്‍െറ ശേഷിപ്പുകള്‍ കണ്ടത്തെുന്നത്. ക്ഷേത്രങ്ങള്‍, ഭരണനിര്‍വഹണ കേന്ദ്രങ്ങള്‍, ഹുണ്ടികകള്‍, ശ്മശാനം, ജലസേചന-അഴുക്കുചാല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം കണ്ടത്തെിയിരുന്നു. ഒരു പ്ളാന്‍ തയാറാക്കിയശേഷമാണ് നഗരം നിര്‍മിച്ചതെന്ന് വ്യക്തമാണെന്ന് പ്രഫ. അലസാന്‍ഡ്ര ചൂണ്ടിക്കാട്ടി. വ്യവസായങ്ങളും കരകൗശല യൂനിറ്റുകളും നിലനിന്നിരുന്നു. ചൂളകള്‍, പണിശാലകള്‍, സ്റ്റോര്‍ മുറികള്‍ എന്നിവയെല്ലാം കണ്ടത്തെി. ഒരു പതിറ്റാണ്ടിലേറെയായി ഇവിടെ നടത്തുന്ന പര്യവേക്ഷണം ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും പ്രഫ. അലസാന്‍ഡ്ര പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.