മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏഴ് സ്ത്രീകള്‍ വിജയിച്ചു

മസ്കത്ത്: ഞായറാഴ്ച നടന്ന രണ്ടാംഘട്ട നഗരസഭ തെരഞ്ഞെടുപ്പില്‍ ഏഴ് വനിതകള്‍ വിജയിച്ചു. 202 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 23 സ്ത്രീകളടക്കം 731 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നത്. ബുറൈമി ഗവര്‍ണറേറ്റില്‍ രണ്ടും വടക്കന്‍ ബാത്തിനയില്‍ രണ്ടും മസ്കത്തില്‍ രണ്ടും തെക്കന്‍ ബാത്തിനയില്‍ ഒരു സീറ്റിലുമാണ് വനിതകള്‍ വിജയിച്ചത്. 
ബുറൈമി ഗവര്‍ണറേറ്റിലെ സുനൈന മേഖലയില്‍ മറിയം അല്‍ ശംസിയും ലത്തിഫ അല്‍ മനൈയുമാണ് വിജയിച്ചത്. മസ്കത്ത് ഗവര്‍ണറേറ്റിലെ അല്‍ അമിറാത്തില്‍ സന അല്‍ മസാരിയും സീബില്‍ അംന അല്‍ ബലൂഷിയും വിജയിച്ചു. റഹ്മ അല്‍ ഗുഫൈലീയും മൗസ അല്‍ ഹുസ്നിയും വടക്കന്‍ ബാത്തിനയില്‍ വിജയിച്ചു. തെക്കന്‍ ബാത്തിനയില്‍ റഹ്മ അല്‍ നൗഫലിയാണ് വിജയിച്ചത്. 2012 ല്‍ നടന്ന നഗരസഭ തെരഞ്ഞെടുപ്പില്‍ നാല് സ്ത്രീകളാണ് വിജയിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മുതല്‍തന്നെ പോളിങ് ബൂത്തുകളില്‍ വോട്ട് ചെയ്യാനത്തെുന്നവരുടെ തിരക്കായിരുന്നു. 
ഈ വര്‍ഷം വോട്ടവകാശത്തിന് പേര് റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. കഴിഞ്ഞ മജ്ലിസു ശൂറ തെരഞ്ഞെടുപ്പിനെക്കാള്‍ ഒരു ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ അധികം രജിസ്റ്റര്‍ ചെയ്തത്. മൊത്തം 6,23,224 വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തു, 3,33,733 പുരുഷന്മാരും 2,89,491 സ്ത്രീകളും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 107 പോളിങ് ബൂത്തുകളാണ് ഒരുക്കിയത്. യന്ത്രസഹായം തേടിയത് വേട്ടെണ്ണല്‍ എളുപ്പമാക്കി. ഞായറാഴ്ച രാത്രിയോടെതന്നെ എല്ലാ ഫലവും പ്രഖ്യാപിച്ചു. 1939ലാണ് മസ്കത്തില്‍ ആദ്യ മുനിസിപ്പല്‍ കൗണ്‍സില്‍ രൂപവത്കൃതമായത്. 
അന്ന് എല്ലാ മെംബര്‍മാരെയും സര്‍ക്കാറാണ് നിശ്ചയിച്ചിരുന്നത്. 1972ല്‍ മസ്കത്ത് ഗവര്‍ണറേറ്റില്‍ മാത്രം നഗരസഭ പരിമിതമാക്കി. 2012ലാണ് മുനിസിപ്പല്‍ സൗണ്‍സില്‍ അംഗങ്ങളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രീതി നിലവില്‍ വന്നത്. 30 വയസ്സ് പൂര്‍ത്തിയായ സ്വദേശികള്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാവുക. 
ക്രിമിനല്‍ പാശ്ചാത്തലമുള്ളവര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് ഒരു തടസ്സവുമില്ലാതെ ഭംഗിയായി നടന്നതായി ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ ബുസൈദി പറഞ്ഞു. നാല് വര്‍ഷമാണ് മുനിസിപ്പല്‍ ഭരണ കാലാവധി. 
തെരഞ്ഞെടുപ്പില്‍ പങ്കാളികളാവാന്‍ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍െറ ഭാഗമായി ബോധവത്കരണ കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. വിവിധ ഭാഗങ്ങളില്‍, ജനങ്ങളോട് വോട്ടിങ്ങില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. പുതു തലമുറ വോട്ടിങ്ങില്‍ പങ്കാളികളാവാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.