കാത്തിരിപ്പിനൊടുവില്‍ ഒമാന്‍–സൗദി ഹൈവേ നിര്‍മാണം പൂര്‍ത്തിയാകുന്നു

മസ്കത്ത്: റോഡ് എന്‍ജിനീയറിങ് രംഗത്തെ വിസ്മയങ്ങളില്‍ ഒന്നായ ഒമാന്‍ സൗദി ഹൈവേ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടായ റുബുഉല്‍ ഖാലി വഴി നിര്‍മിച്ചിരിക്കുന്ന 726 കിലോമീറ്റര്‍  റോഡ് കാത്തിരിപ്പിന് വിരാമമിട്ട് അടുത്തവര്‍ഷമാദ്യം തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ ഹയാത്ത് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. 
ഇതാദ്യമായാണ് ജി.സി.സിയിലെ രണ്ടു വലിയ രാജ്യങ്ങളെ തമ്മില്‍ റോഡ് മുഖേന ബന്ധിപ്പിക്കുന്നത്. റോഡ് തുറക്കുന്നതോടെ ഒമാന്‍-സൗദി യാത്രയില്‍ എണ്ണൂറിലധികം കിലോമീറ്റര്‍ വരെ ലാഭിക്കാന്‍ കഴിയും. നിലവില്‍ യു.എ.ഇ വഴി രണ്ടായിരത്തോളം കിലോമീറ്റര്‍ താണ്ടിയാണ് ഒമാനില്‍നിന്നുള്ളവര്‍ സൗദി അറേബ്യയിലേക്ക് പോകുന്നത്. ഇബ്രി വിലായത്തിലെ തന്‍ആം മേഖലയില്‍നിന്ന് സൗദി അതിര്‍ത്തിയായ റുബുഉല്‍ ഖാലി  വരെയാണ് ഒമാനിലെ റോഡ്. എണ്ണപ്പാടങ്ങള്‍ക്ക് സമീപത്തുകൂടിയാണ് ഒമാന്‍ അതിര്‍ത്തിയിലെ റോഡ് കടന്നുപോകുന്നത്.  ഹറദ് ബത്താ റോഡിനെ ബന്ധിപ്പിക്കുന്ന 319 കിലോമീറ്ററും, അല്‍ ശിബ മുതല്‍ ഒമാന്‍ അതിര്‍ത്തി വരെ 247 കിലോമീറ്ററുമാണ് സൗദിയിലൂടെ കടന്നുപോകുന്നത്. ഒമാന്‍െറ ഭാഗത്തെ റോഡ് നിര്‍മാണം 2013ല്‍ പൂര്‍ത്തിയാക്കിയിരുന്നു.  പക്ഷേ, സൗദിയിലെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സമയമെടുത്തു. നിര്‍മാണരംഗത്തെ വെല്ലുവിളികളായിരുന്നു പ്രധാന കാരണം. 
ഈ വര്‍ഷം റോഡ് തുറന്നുകൊടുക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഒമാന്‍ അതിര്‍ത്തിയിലെ റോഡ് നിര്‍മാണത്തിന് 200 ദശലക്ഷത്തിലധികം റിയാലും സൗദി മേഖലയിലെ നിര്‍മാണത്തിന് ഒരു ശതകോടിയിലധികം റിയാലുമാണ് ചെലവഴിച്ചത്. കാറ്റില്‍ ഇടക്കിടെ രൂപം മാറുന്ന ജനവാസമില്ലാത്ത ലോകത്തെ ഏറ്റവും വലിയ മണല്‍ക്കാടാണ് റുബുഉല്‍ഖാലി. ഇവിടെ ഏകദേശം 130 ദശലക്ഷം ഘന അടി മണല്‍ നീക്കം ചെയ്താണ് ഹൈവേ നിര്‍മിച്ചിരിക്കുന്നത്. 26 പിരമിഡുകളുടെ വലുപ്പത്തിന് തുല്യമായ മണലാണ് റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി മാറ്റിയതെന്ന് സൗദി ഭാഗത്തെ കരാറുകാരായ ഫാംകോ അറിയിച്ചു. 
6.40 ലക്ഷം സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള റുബുഉല്‍ഖാലിയിലൂടെയുള്ള റോഡ് നിര്‍മാണത്തിന്‍െറ ഭാഗമായി മണല്‍ക്കൂനകള്‍ക്കിടയില്‍ പാലങ്ങളും മറ്റും നിര്‍മിച്ചിട്ടുണ്ട്.  റോഡ് സൗദി-ഒമാന്‍ വാണിജ്യ രംഗത്തും ടൂറിസം മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നുകാലികളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയുമടക്കം വ്യാപാരം വഴി ഇരുരാജ്യങ്ങള്‍ക്കും റോഡ് വഴി നേട്ടം ലഭിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
ജി.സി.സി ചാര്‍ട്ടര്‍ പ്രകാരമുള്ള കുറഞ്ഞ നികുതിയും ഉഭയകക്ഷി വാണിജ്യത്തില്‍ ഉണര്‍വാകും. ഒമാന്‍ ഭാഗത്ത് നിര്‍ദിഷ്ട ജി.സി.സി റെയില്‍ പാതക്ക് സമീപത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. സൊഹാര്‍ തുറമുഖത്ത് എത്തുന്ന സാധനങ്ങള്‍ സുഗമമായി കൊണ്ടുപോകുന്നതിന് സൊഹാറില്‍നിന്ന് ഹൈവേയുമായി ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്. 
നിലവില്‍ ദുബൈ, ഖത്തര്‍ വഴിയാണ് ഇവിടെയത്തെുന്ന സാധനങ്ങള്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നത്. ഹജ്ജ്, ഉംറ യാത്രികര്‍ക്കും പുതിയ റോഡ് ഉപകാരപ്രദമാകും. നിലവില്‍ ഒമാനില്‍ ഒരു ലക്ഷത്തിലധികം പേര്‍ പ്രതിവര്‍ഷം റോഡുമാര്‍ഗം ഹജ്ജിനും ഉംറക്കുമായി പോകുന്നുണ്ട്. സലാലയില്‍ ഖരീഫ് കാലം ആസ്വദിക്കാന്‍ സൗദിയില്‍നിന്ന് നിരവധി പേര്‍ ഒമാനില്‍ എത്താറുമുണ്ട്.  
അതേസമയം, പെട്രോള്‍ സ്റ്റേഷനുകള്‍, റസ്റ്റാറന്‍റുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് ഈ റോഡ് ഉപയോഗിക്കുന്നതില്‍നിന്ന് യാത്രക്കാരെ പിന്തിരിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സൗദി അതിര്‍ത്തിവരെയുള്ള ഭാഗത്ത് ഇന്‍റഗ്രേറ്റഡ് സര്‍വിസ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നതിനായി ഒമാന്‍ ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം കുറച്ചുനാള്‍ മുമ്പ് കരാര്‍ ക്ഷണിച്ചിരുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.