പുതിയ ഇന്ത്യന്‍ കറന്‍സി  ഒമാന്‍ മാര്‍ക്കറ്റില്‍ വ്യാപകം

മസ്കത്ത്: പുതിയ 2000 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ ഒമാനിലെ വിവിധ വിനിമയ സ്ഥാപനങ്ങളില്‍ എത്തിത്തുടങ്ങി. എന്നാല്‍, ചില വിനിമയ സ്ഥാപനങ്ങള്‍ മാത്രമാണ് ഇവയുടെ ഇടപാട് നടത്തുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാറില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്ന വിനിമയ സ്ഥാപനങ്ങളുമുണ്ട്. പുതിയ ഇന്ത്യന്‍ രൂപ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യേണ്ടെന്ന നിലപാടാണ് ഇത്തരം സ്ഥാപനങ്ങള്‍ എടുക്കുന്നത്. 
നാട്ടില്‍നിന്ന് തിരിച്ചത്തെുന്നവരാണ് 2000 രൂപയുടെ നോട്ടുകള്‍ വിനിമയ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍, നോട്ടുകള്‍ വിതരണം ചെയ്യുന്ന ഏജന്‍സികള്‍ വന്‍ നിരക്കുകള്‍ ഈടാക്കുന്നതിനാല്‍ ഇത്തരം ഏജന്‍സികളില്‍നിന്ന് ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ രൂപ വാങ്ങാന്‍ തുടങ്ങിയിട്ടില്ല. ഇന്ത്യയില്‍നിന്ന് അവധി കഴിഞ്ഞ് തിരിച്ചത്തെുന്നവര്‍ വിമാനത്താവളത്തിലെ തങ്ങളുടെ ശാഖയില്‍ ദിവസവും വന്‍ സംഖ്യ വില്‍പന നടത്തുന്നതായി അല്‍ ജദീദ് എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ബി. രാജന്‍ പറഞ്ഞു. 
ദിനേന ലക്ഷം രൂപയെങ്കിലും ഇങ്ങനെ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പുതന്നെ ഇങ്ങനെ നോട്ടുകള്‍ കിട്ടാന്‍ തുടങ്ങിയതിനാല്‍ തങ്ങള്‍ നേരത്തെതന്നെ ഇടപാട് ആരംഭിച്ചിട്ടുണ്ട്. 2000 രൂപയുടെ നോട്ട് നാട്ടില്‍നിന്ന് കൊണ്ടുവരാന്‍ എളുപ്പമായതിനാല്‍ പലരും അനുവദനീയമായതിന്‍െറ പരമാവധി തുക കൊണ്ടുവരുന്നു. നേരത്തെയുണ്ടായിരുന്ന നിരക്കില്‍തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപ വാങ്ങുന്നതും വില്‍ക്കുന്നതും. 
റിയാലിന് 162 രൂപ എന്ന നിരക്കില്‍ വാങ്ങുകയും 172 രൂപക്ക് വില്‍പന നടത്തുകയുമാണ് ചെയ്യുന്നത്. ഏജന്‍സികള്‍ വന്‍ നിരക്ക് ഈടാക്കുന്നതിനാല്‍ വിതരണ ഏജന്‍സികളില്‍നിന്ന് ഇന്ത്യന്‍ രൂപ വാങ്ങുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. ഒരു റിയാലിന് 185 രൂപയാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ ഈടാക്കുന്നത്. 
ഇന്ത്യന്‍ രൂപയുടെ ഒരു ഇടപാടും തങ്ങള്‍  ഇപ്പോള്‍ നടത്തുന്നില്ളെന്ന് മോഡേണ്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ് കോശി പറഞ്ഞു. ഇന്ത്യന്‍ രൂപ പുറത്തേക്ക് കൊണ്ടുപോവുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ വരുമെന്ന് പ്രചാരണങ്ങളുള്ള സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാറില്‍നിന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമേ ഇന്ത്യന്‍ രൂപയുടെ ഇടപാടുകള്‍ ആരംഭിക്കുകയുള്ളൂ. വിഷയത്തില്‍ സര്‍ക്കാറില്‍നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 
അന്താരാഷ്ട്ര ഏജന്‍സികള്‍ ഇന്ത്യന്‍ രൂപക്ക് വന്‍ നിരക്കുകളാണ് ആവശ്യപ്പെടുന്നത്. ആ നിരക്കില്‍ ഇവ ഒമാന്‍ മാര്‍ക്കറ്റില്‍ ഇടപാട് നടത്താന്‍ കഴിയില്ളെന്നും ഫിലിപ് കോശി പറഞ്ഞു. ചുരുങ്ങിയ തോതില്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ രൂപ വില്‍പന നടത്തുന്നതായി ഗ്ളോബല്‍ മണി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ആര്‍. മധുസൂദനന്‍ പറഞ്ഞു. നാട്ടില്‍നിന്ന് തിരിച്ചുവരുന്നവര്‍ കൊണ്ടുവരുന്ന ഇന്ത്യന്‍ രൂപ തങ്ങള്‍ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്. തങ്ങളുടെ 35 ശാഖകളില്‍നിന്ന് ശരാശരി 25,000 രൂപയെങ്കിലും ഈ ഇനത്തില്‍ ലഭിക്കുന്നുണ്ട്. 
2000ത്തിന്‍െറയും 100ന്‍െറയും നോട്ടുകളാണുള്ളത്. 100 രൂപയുടെ നോട്ടുകള്‍ക്കാണ് ആവശ്യക്കാന്‍ കൂടുതല്‍. ഇങ്ങനെ ലഭിക്കുന്ന നോട്ടുകള്‍ ഒരു സേവനം എന്ന നിലയില്‍ നിയന്ത്രിച്ച് കൂടുതല്‍ പേര്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് ഇന്ത്യന്‍ രൂപ വാങ്ങുന്നില്ല. 
അവര്‍ വന്‍ നിരക്ക് ഈടാക്കുന്നതിനാല്‍ ഇടപാട് നടത്താന്‍ ഇപ്പോള്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.