ഇന്ത്യന്‍ ദേശീയത വ്യത്യസ്ത ഉപദേശീയതകള്‍ ചേര്‍ന്നത് –പി. ശ്രീരാമകൃഷ്ണന്‍

മസ്കത്ത്: വ്യത്യസ്തങ്ങളായ ഉപ ദേശീയതകള്‍ ചേര്‍ന്നതാണ് ഇന്ത്യന്‍ ദേശീയതയെന്ന് കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഉപ ദേശീയതകളെ അംഗീകരിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഭാഷാപരവും സാംസ്കാരികപരവുമായ അസ്തിത്വങ്ങള്‍ നിരാകരിച്ചുകൊണ്ടുള്ള ദേശീയത ഇന്ത്യക്ക് സാധ്യമാവില്ല. ഇന്ത്യ എന്താണെന്ന് അറിയാതെ വൈകാരികമായ നിലപാടെടുക്കുന്നതില്‍ ശരിയില്ല. 
രാഷ്ട്രീയപരമായ ലാഭങ്ങള്‍ക്കുവേണ്ടി പലരും ദേശീയതയെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മസ്കത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിനത്തെിയ സ്പീക്കര്‍ ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.കേരളത്തില്‍ മതേതരത്വത്തെ പൂര്‍ണമായി തകര്‍ത്തുകൊണ്ട് വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് മേല്‍ക്കൈ നേടാന്‍ കഴിയില്ല. എന്നാല്‍, വര്‍ഗീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ് ആവശ്യമാണ്. കേരളം കടന്നുവന്ന വഴികളെ കുറിച്ചുള്ള ബോധ്യം പുതിയ തലമുറയില്‍ സൃഷ്ടിച്ചെടുക്കണം. സാംസ്കാരികമായ മറവിരോഗം ബാധിക്കാതിരിക്കാനുള്ള പ്രതിരോധമുണ്ടാവണം. 
കുറെ സംഗീതശില്‍പങ്ങളും നൃത്തങ്ങളും തെയ്യവും ദഫ്മുട്ടും ഒക്കെ കാണിച്ചാണ് പരമ്പരാഗതമായി സംസ്കാരത്തെ പരിചയപ്പെടുത്താന്‍ ശ്രമിച്ചുപോന്നിട്ടുള്ളത്. യഥാര്‍ഥത്തില്‍ സംസ്കാരമെന്നത് ഒരു സമൂഹം നേടിയ ആര്‍ജിത മൂല്യങ്ങളുടെ സമാഹാരമാണ്. കേരളം നേടിയ മൂല്യങ്ങളെ സംരക്ഷിക്കലാണ് കേരളത്തിന്‍െറ സംസ്കാരം നിലനിര്‍ത്താനുള്ള വഴി. നോട്ട് നിരോധം സംബന്ധിച്ച ചലച്ചിത്ര നടന്‍ മോഹന്‍ലാലിന്‍െറ ബ്ളോഗിനെ കുറിച്ച് പരാമര്‍ശിക്കവേ മോഹന്‍ലാലിന്‍െറ കാഴ്ചപ്പാടുകള്‍ പക്ഷപാതപരമാണെന്ന് സ്പീക്കര്‍ പറഞ്ഞു. 
അദ്ദേഹം എടുക്കുന്ന സമീപനം അദ്ദേഹത്തിന്‍െറ സ്വാതന്ത്ര്യമാണ്. പക്ഷേ, പൂച്ച പാല്‍ കുടിക്കുന്നപോലെ കണ്ണടച്ച് നിലപാടെടുക്കരുത്. ഒരു നടനെന്ന സ്വാധീനം ഉപയോഗപ്പെടുത്തി പൊതുസമൂഹത്തെ മൊത്തം സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഇത് ആദ്യമായൊന്നുമല്ല മേഹന്‍ലാല്‍ ഇത്തരം നിലപാടെടുക്കുന്നത്. രാജ്യസ്നേഹം എന്നുപറയുന്നത് ആരുടെയും കുത്തകയല്ല. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തെ ആദരിക്കുമ്പോഴും ഇത്തരം നിലപാടുകളില്‍ ശക്തമായ എതിര്‍പ്പ് സമൂഹത്തിനുണ്ട്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും ഇപ്പോള്‍ തുടങ്ങിയ പല സമരങ്ങളും പതിറ്റാണ്ടുകള്‍ മുമ്പ് തന്നെ കേരളം നടത്തിയിട്ടുണ്ട്. ജാതിരഹിത സമൂഹം, ദലിതരുടെ അവകാശം, മതേതരത്വം, ശാസ്ത്രീയ ചിന്ത, ജീവിതനിലവാരം, വിദ്യാഭ്യാസം തുടങ്ങിയവയില്‍ വലിയ നേട്ടങ്ങള്‍ കേരളത്തിന് ആര്‍ജിച്ചെടുക്കാന്‍ സാധിച്ചു. പക്ഷേ, ഉള്ളടക്കത്തില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നതില്‍ സംശയമുണ്ട്്. 
കേരള നവോത്ഥാനത്തിന്‍െറ എല്ലാ ഉള്ളടക്കങ്ങളെയും തിരസ്കരിച്ചുകൊണ്ടാണ് വിമോചന സമരമുണ്ടായത്. ചരിത്രത്തില്‍ അസ്തമിച്ചുപോയ ശക്തികളെല്ലാം തിരിച്ചുവരുന്ന സാഹചര്യമാണ് അതുകൊണ്ടുണ്ടായത്. അന്നുമുതല്‍ ആരംഭിച്ചിട്ടുള്ള വൈരുധ്യമാണ് രാഷ്ട്രീയ ഇടതുപക്ഷവും സാംസ്കാരിക ഇടതുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍. രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്ത് നില്‍ക്കുമ്പോഴും സാംസ്കാരികമായി വലതുപക്ഷ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന അന്തരീക്ഷം കേരളത്തിലുണ്ട്. അതാണ് ശക്തമായി ചെറുത്തുതോല്‍പിക്കേണ്ട കാര്യം. അതിനര്‍ഥം കേരളത്തില്‍ മാറ്റമുണ്ടായിട്ടില്ല എന്നോ നേട്ടമുണ്ടായിട്ടില്ല എന്നോ അല്ല. ഇത്രയധികം വിദ്യാഭ്യാസവും ശാസ്ത്രീയ ചിന്തയും സംഘടനകളും ഉണ്ടായിട്ടും  കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ പെരുകുന്നു, ആള്‍ദൈവങ്ങള്‍ പെരുകുന്നു, അനാചാരങ്ങളുണ്ടാവുന്നു. അതിലൊരു വൈരുധ്യമുണ്ട്. ആ വൈരുധ്യത്തെ ശക്തമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. ശ്രീനാരായണ ഗുരുവിനെ തന്നെ ഉപയോഗപ്പെടുത്തി അദ്ദേഹം പറഞ്ഞതിന്‍െറ വിപരീതം നടപ്പാക്കുന്നു. ഇതിനെതിരെ ചെറുത്തുനില്‍ക്കുന്ന ഒരു പ്രവണത ഇപ്പോള്‍ വന്നിട്ടുണ്ട്. നമുക്ക് ജാതിയില്ലാ പ്രഖ്യാപനത്തിന്‍െറ നൂറാം വാര്‍ഷികം സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കാല്‍വെപ്പാണ്. 
അതിന് ധൈര്യം കാണിച്ചുവെന്നത് ചെറിയ കാര്യമല്ല. കേരളത്തിന്‍െറ നവോത്ഥാനമൂല്യങ്ങളെ തിരിച്ചുപിടിക്കുക എന്നതാണ് ഇന്ന് കേരളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേരളത്തിലിപ്പോള്‍ ജാതിവിവേചനമോ അയിത്തമോ ഇല്ല. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൃത്രിമമാണത്. കൃത്രിമമായത് സമൂഹത്തില്‍ നിലനില്‍ക്കില്ല. മലപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യ കൂടതലായതിനാല്‍ അവിടെ ഭീകര മാഫിയ സംഘങ്ങളുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിലൊന്നും ഒരു അര്‍ഥവുമില്ല. ശുദ്ധ അസംബന്ധം മാത്രമാണത്. കേരളത്തില്‍ ഏറ്റവും ശാന്തമായി ജീവിക്കുന്ന മനുഷ്യരുള്ള പ്രദേശമാണ് മലപ്പുറം. അറേബ്യയിലെ എത്ര അത്തറ് കൊണ്ടുവന്ന് പൂശിയാലും കിട്ടാത്തത്ര സ്നേഹത്തിന്‍െറ സുഗന്ധമുള്ള നാടാണ് മലപ്പുറമെന്ന് ഞാന്‍ നിയമസഭയിലും പറഞ്ഞിട്ടുണ്ട്. മതന്യൂനപക്ഷങ്ങള്‍ പൊതുവായി മതേതരത്വത്തിന്‍െറ ഭാഗമായി നില്‍ക്കുന്നവരാണ്. നിയമസഭയിലെ അനുഭവങ്ങളെ  കുറിച്ച് ചോദിക്കവേ, ജനാധിപത്യത്തിന്‍െറ ഉന്നതമായ മൂല്യങ്ങളെ കുറിച്ച് സമൂഹത്തിനും സഭക്കും ബോധ്യപ്പെടുത്തേണ്ട ചുമതലയാണ് സ്പീക്കര്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അത് നിര്‍വഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്‍െറ ഗുണവുമുണ്ടായിട്ടുണ്ട്. ആര്‍ക്കും പരാതിയില്ലാതെ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നാണ് വിശ്വാസം. കേരളത്തിലെ വനിത സാമാജികര്‍ വളരെ സജീവമാണ്. 
സ്ത്രീകള്‍ക്ക് ബോധപൂര്‍വം സീറ്റ് കൊടുത്ത് ജയിപ്പിച്ച് കൊണ്ടുവരാനുള്ള ശ്രമം നടക്കണം. അത് എല്ലാവരും ചെയ്യുന്നില്ല. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വ്യക്തമായ പദ്ധതിയുണ്ടാക്കുന്നതില്‍ ഇതു വരെ ഒരു സര്‍ക്കാറും വിജയിച്ചിട്ടില്ല. 
ജനുവരി മാസത്തോടെ സര്‍ക്കാര്‍ ഒരു വലിയ പ്രവാസി നയം പ്രഖ്യാപിക്കാന്‍പോവുകയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. അതിന്‍െറ ഭാഗമായി നോര്‍ക്കയുടെ ഓഫിസുകള്‍ മിഡിലീസ്റ്റിലെ പല ഭാഗത്തും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.