34 വര്‍ഷം തിരശ്ശീലയിലെ  കഥാപാത്രങ്ങള്‍ക്കൊപ്പം ജീവിച്ച്  ബാബു മടങ്ങുന്നു

മസ്കത്ത്: മൂന്നരപതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരുവനന്തപുരം സ്വദേശി ബാബു ഇന്ന് ജന്മനാട്ടിലേക്ക് മടങ്ങുന്നു. പ്രവാസത്തിന്‍െറ സമ്പാദ്യമായ രോഗങ്ങള്‍ സ്വന്തമായുണ്ടെങ്കിലും നിറഞ്ഞ സംതൃപ്തിയോടെയാണ് റൂവി സ്റ്റാര്‍ സിനിമയില്‍ ഓപറേറ്ററായിരുന്ന ഇദ്ദേഹത്തിന്‍െറ മടക്കം. തിരുവനന്തപുരത്തിനുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് മടക്കം. ഒമ്പത് വയസ്സ് മുതല്‍ തിരശ്ശീലയിലെ കഥാപാത്രങ്ങള്‍ക്ക് ഒപ്പമായിരുന്നു ബാബുവിന്‍െറ ജീവിതം.

സംവിധായകന്‍ ജോഷിയുടെ വര്‍ക്കലയിലെ തിയറ്ററിലെ ജോലിക്കാരനായിരുന്ന പിതാവാണ് ആദ്യ ഗുരു. 1983ലാണ് ജീവിതം കരക്കടുപ്പിക്കാമെന്ന പ്രതീക്ഷയുമായി കടല്‍ കടക്കുന്നത്. ആദ്യ രണ്ടുവര്‍ഷം പുറത്ത് വിവിധ ജോലികള്‍ ചെയ്തു. തുടര്‍ന്നാണ് സിനിമാമേഖലയിലേക്ക് എത്തുന്നത്. ഓപണ്‍ സിനിമാ പ്രദര്‍ശനം നടത്തുന്ന ബുറാംകോ എന്ന കമ്പനിയിലായിരുന്നു ആദ്യം.

സിനിമാ പ്രദര്‍ശനവുമായി ഖുറിയാത്ത് മുതല്‍ ഷിനാസ് വരെയും അബൂദബി അതിര്‍ത്തിയായ അറാകി വരെയും സഞ്ചരിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. മലയാളം, ബംഗാളി, ഹിന്ദി സിനിമകളായിരുന്നു അക്കാലത്ത് പ്രദര്‍ശിപ്പിച്ചിരുന്നത്. ടെലിവിഷനും ഇന്‍റര്‍നെറ്റുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് സിനിമകള്‍ക്ക് നിറയെ പ്രേക്ഷകര്‍ ഉണ്ടായിരുന്നു. സ്വദേശികളാണ് പ്രദര്‍ശന നഗരി കെട്ടിയിരുന്നത്. ഇത്തരം സ്ഥലങ്ങള്‍ കമ്പനി വാടകക്ക് എടുത്താണ് പ്രദര്‍ശനം നടത്തിയിരുന്നത്. 

പത്ത് വര്‍ഷത്തിന് ശേഷം സ്റ്റാര്‍ സിനിമയിലേക്ക്  മാറുകയായിരുന്നു. തുടര്‍ന്നുള്ള 24 വര്‍ഷവും സ്റ്റാര്‍ സിനിമയില്‍തന്നെയായിരുന്നു ഇദ്ദേഹത്തിന്‍െറ ജോലി. പ്രവാസത്തില്‍ നല്ല അനുഭവങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ജീവിതത്തിലെ പല കടമകളും നിര്‍വഹിക്കുന്നതിന് സഹായിച്ച ഒമാനോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കാവുന്നതല്ളെന്നും ഇദ്ദേഹം പറയുന്നു. തിരുവനന്തപുരം പടിഞ്ഞാറേനടയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിന് പിന്‍വശത്താണ് ഇദ്ദേഹം വീട് വെച്ചിരിക്കുന്നത്. ഭാര്യ: നളിനി. മകള്‍ ശ്രീദേവി ബി.ബി.എക്ക് പഠിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.