സ്വദേശിവത്കരണ നയം  സാമ്പത്തിക വളര്‍ച്ചക്ക്  തടസ്സമെന്ന് 

മസ്കത്ത്: നിലവില്‍ രാജ്യം അനുവര്‍ത്തിച്ചുവരുന്ന സ്വദേശിവത്കരണ നയം രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്ക് തടസ്സമാണെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശൈഖ് സൈദ് അല്‍ കിയൂമി. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുന്ന സര്‍ക്കാര്‍ നയങ്ങളോട് ഒട്ടും ചേര്‍ന്നുപോകാത്തതാണ് സ്വദേശിവത്കരണ നയം. 
സമ്പദ്ഘടനക്ക് കരുത്ത് പകരുംവിധം നയങ്ങള്‍ പുനരവലോകനം ചെയ്യുന്നത് പരിഗണിക്കേണ്ടതുണ്ടെന്ന് ചേംബര്‍ ചെയര്‍മാനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത് മാത്രമാണ് സ്വദേശിവത്കരണ നയത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയില്‍ സ്വദേശി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുക മാത്രമാണ് ഇതിന്‍െറ ഫലം. തൊഴിലാളികളുടെ നിലവാരവും ഉല്‍പാദനക്ഷമതയും സ്വദേശിവത്കരണം വഴി ലഭിക്കുന്നില്ളെന്നും അല്‍ കിയൂമി പറഞ്ഞു. സ്വകാര്യ കമ്പനികള്‍ ലക്ഷ്യമിടുന്നത് ലാഭം മാത്രമാണ്. സ്വദേശിയെ അവര്‍ നാലായിരം റിയാല്‍ വേതനം നല്‍കി ജോലിക്ക് എടുക്കണമെങ്കില്‍ അവര്‍ ഉല്‍പാദന ക്ഷമതയുള്ളവരാകണം. സ്ഥാപനത്തിന് പ്രയോജനപ്പെടാത്തവരെ അവര്‍ ജോലിക്ക് എടുക്കില്ളെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണ തോതിനെയും നയനിലപാടുകളെയും സാമ്പത്തികവും അന്താരാഷ്ട്രീയവുമായ മാനങ്ങളിലൂടെ വിലയിരുത്തുകയും ചിന്തിക്കുകയും ചെയ്യേണ്ട സമയമാണ് ഇപ്പോള്‍. 
ശക്തവും സ്വതന്ത്രവുമായ ഒമാനി സമ്പദ്വ്യവസ്ഥ വേണമെങ്കില്‍ നയങ്ങളില്‍ പുനരവലോകനം അത്യാവശ്യമാണ്. അല്ലാത്തപക്ഷം നിലവിലുള്ള അവസ്ഥതന്നെയാകും രാജ്യത്തിന്. നേതൃതലങ്ങളില്‍ സ്വദേശികള്‍ വരുന്നതിനോട് തനിക്ക് യോജിപ്പാണ്. എന്നാല്‍, നേതൃഗുണമില്ലാത്തവരാണ് അവരെങ്കില്‍ രാജ്യം വളരില്ല. നേതൃഗുണമുള്ളവരുടെ തലമുറയെ വളര്‍ത്തിയെടുക്കാന്‍ നഴ്സറി തലം മുതല്‍ ബിരുദപഠനം വരെയുള്ള പാഠ്യപദ്ധതികളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തണം. 
ഒരു കമ്പനിക്ക് തങ്ങളുടെ ബിസിനസ് സ്വദേശിക്ക് ലാഭകരമായി കൊണ്ടുപോകാന്‍ കഴിയുമെന്ന് തോന്നിയാല്‍ ആ അവസരം മറ്റുള്ളവര്‍ക്ക് നല്‍കരുതെന്നും അല്‍ കിയൂമി പറഞ്ഞു. ചെറുതും വളരെ സാവധാനത്തില്‍ ചലിക്കുന്നതുമായ വിപണിയാണ് ഒമാനിലേത്. പ്രാദേശിക വിപണിയില്‍ മാത്രം ശ്രദ്ധയൂന്നുന്നതാണ് ചില കമ്പനികള്‍. എന്നാല്‍, അന്താരാഷ്ട്ര തലത്തിലേക്ക് കമ്പനികള്‍ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെങ്കില്‍ കമ്പനികള്‍ക്ക്  കൂടുതല്‍ സ്വാതന്ത്ര്യവും സുതാര്യതയും വേണ്ടതുണ്ടെന്നും ചേംബര്‍ ചെയര്‍മാന്‍ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.