ജൂണ്‍വരെ രേഖപ്പെടുത്തിയത് മൂന്നര ശതകോടി റിയാല്‍

മസ്കത്ത്: എണ്ണവില താഴ്ച്ചയില്‍തന്നെ തുടരുമ്പോള്‍ ഒമാന്‍െറ ബജറ്റ് കമ്മി കുതിക്കുന്നു. വര്‍ഷത്തിന്‍െറ ആദ്യപകുതിയില്‍ രാജ്യത്ത് മൂന്നര ശതകോടി റിയാലിന്‍െറ ബജറ്റ് കമ്മിയാണ് രേഖപ്പെടുത്തിയതെന്ന് ധനകാര്യമന്ത്രാലയത്തിന്‍െറ കണക്കുകള്‍ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം ജൂണ്‍വരെ 1.92 ശതകോടി റിയാലായിരുന്നു വരവും ചെലവും തമ്മിലെ അന്തരം. ഈ തുകയാണ് ഇക്കുറി മൂന്നര ശതകോടിയിലേക്ക് ഉയര്‍ന്നത്. രാജ്യത്തിന്‍െറ വരുമാനത്തിന്‍െറ സിംഹഭാഗവും ലഭിക്കുന്ന എണ്ണയുടെ വില താഴ്ച്ചയില്‍നിന്ന് കരകയറാത്തതിനാലാണ് ബജറ്റ് കമ്മി ഇരട്ടിക്കടുത്ത് വര്‍ധിച്ചത്. ഈ വര്‍ഷമാദ്യം ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ 8.6 ശതകോടി റിയാല്‍ വരുമാനവും 11.9 ശതകോടി റിയാല്‍ ചെലവുമാണ് പ്രതീക്ഷിച്ചിരുന്നത്. 3.3 ശതകോടി റിയാലായിരുന്നു പ്രതീക്ഷിത കമ്മി.

എണ്ണവില ബാരലിന് 45 ഡോളര്‍ ലഭിക്കും എന്ന കണക്കുകൂട്ടലിലാണ് പുതിയ വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കിയത്. എന്നാല്‍, വര്‍ഷത്തിലെ ആദ്യ മാസങ്ങളിലെ വന്‍ താഴ്ച്ചയില്‍നിന്ന് ക്രൂഡോയില്‍ വില പതുക്കെ കര കയറിയെങ്കിലും ബാരലിന് അമ്പത് ഡോളറിനപ്പുറത്തേക്ക് പോയിട്ടില്ല. കഴിഞ്ഞമാസങ്ങളില്‍ വില അമ്പത് ഡോളറിലും വര്‍ധിക്കുമെന്ന പ്രതീതി ഉണ്ടായിരുന്നെങ്കിലും പൊടുന്നനെ വീണ്ടും വില താഴേക്കുപോയി. ഒക്ടോബര്‍ ഡെലിവറിക്കുള്ള എണ്ണ 45.74 ഡോളറിലാണ് ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ചില്‍ കഴിഞ്ഞദിവസം വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റ് കമ്മി വര്‍ഷത്തിന്‍െറ ആദ്യപകുതിയില്‍ തന്നെ പ്രതീക്ഷയിലും അധികം വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ ചെലവുചുരുക്കല്‍ നടപടികളിലേക്ക് തിരിയാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കെടുക്കുമ്പോള്‍ നാലര ശതകോടി റിയാലായിരുന്നു ഒമാന്‍െറ ബജറ്റ് കമ്മി. ഇതിന്‍െറ അടിസ്ഥാനത്തില്‍ സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ഇന്ധന സബ്സിഡി നീക്കല്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങള്‍ മരവിപ്പിക്കല്‍, വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കല്‍, വ്യവസായങ്ങളുടെ ജല ഉപയോഗത്തിനുള്ള നിരക്ക് വര്‍ധിപ്പിക്കല്‍ തുടങ്ങിയ പരിഷ്കരണ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

കമ്മി നിയന്ത്രണത്തില്‍ നില്‍ക്കാത്ത സാഹചര്യത്തില്‍ വൈദ്യുതി, പാചകവാതകം എന്നിവയുടെ സബ്സിഡി സര്‍ക്കാര്‍ നീക്കാനിടയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പറയുന്നു. ഇതുവരെ കൈക്കൊണ്ട സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഫലമായി സര്‍ക്കാറിന്‍െറ സബ്സിഡി ബില്ലില്‍ ഈ വര്‍ഷം 64 ശതമാനത്തിന്‍െറ കുറവുണ്ടാകുമെന്ന് ഈ മാസമാദ്യം വേള്‍ഡ്ബാങ്ക് ചൂണ്ടികാണിച്ചിരുന്നു. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം ഈ വര്‍ഷവും അടുത്ത വര്‍ഷവും രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.