സലാല: മഹത്തായ പാരമ്പര്യവും സാംസ്കാരിക വൈവിധ്യങ്ങളും നിറഞ്ഞ ഇന്ത്യാ മഹാരാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്നതായി മാധ്യമം- മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ.അബ്ദുറഹ്്മാന്‍ അഭിപ്രായപ്പെട്ടു. യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാളില്‍ സംഘടിപ്പിച്ച സംവാദസദസ്സില്‍ ‘സമകാലിക ഇന്ത്യ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്‍െറ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം തന്നെ തടസ്സം നില്‍ക്കുന്നു.
ജനസമൂഹങ്ങള്‍ക്കിടയില്‍ പരസ്പരവിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്തുന്ന തരത്തിലാണ് ഭരണാധികാരികളുടെ പ്രസ്്താവനകളും നിലപാടുകളും. ഫാഷിസ്റ്റ് ശക്തികള്‍ മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങളില്‍ ഭീതിയുളവാക്കുന്ന പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ രാജ്യത്തിന്‍െറ പ്രത്യേകത.
രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍ കോഡ് എന്നത്് പ്രായോഗികമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയം ഫാഷിസ്റ്റുകള്‍ക്ക് ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നേരിടുന്ന വിവിധ വിഷയങ്ങള്‍ സംവാദ സദസ്സില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. ഭരണകൂടഭീകരതക്കും അസമത്വങ്ങള്‍ക്കുമെതിരെ ഇന്ത്യന്‍ മീഡിയ ശക്തമായ ഇടപെടലുകള്‍ നടത്തുന്നില്ല. ഇന്ത്യയിലെ ദലിതുകള്‍, കശ്മീരികള്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവര്‍ കടുത്ത ഭീഷണികളും അസമത്വങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവയൊക്കെ വിലക്കെടുക്കാവുന്ന സ്ഥിതിയിലാണുള്ളത്. കോര്‍പറേറ്റുകളാകട്ടെ ഭരണകൂടത്തിന്‍െറ ഒത്താശയോടെ ജനങ്ങളുടെ ഭൂമിയും വാസസ്ഥലങ്ങളും പരിസ്ഥിതിയുമെല്ലാം തകര്‍ക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇതിനെതിരെ ജനകീയ ഐക്യനിര ശക്തിപ്പെടേണ്ടതുണ്ടെന്ന് സംവാദത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കെ. ഷൗക്കത്തലി മാസ്റ്റര്‍ മോഡറേറ്ററായിരുന്നു. യാസ് പ്രസിഡന്‍റ് സാഗര്‍ അലി സ്വാഗതവും കെ.പി. ജഫീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.