മസ്കത്ത്: എളുപ്പത്തില്‍ സുന്ദരന്മാരാകാന്‍ കൊതിക്കുന്നവരെ വലയിലാക്കി റൂവി ഹൈസ്ട്രീറ്റില്‍ വീണ്ടും വ്യാജ മരുന്നുവില്‍പനക്കാര്‍ വിലസുന്നു. കണ്ണിന് താഴെയുള്ള കറുപ്പിനും മുടി നരച്ചതിനും കുടവയറിനും പൊണ്ണത്തടിക്കുമെല്ലാം ഒറ്റമൂലി വാഗ്ദാനം ചെയ്യുന്ന ഇവരുടെ വലയില്‍ കുരുങ്ങുന്നതിലധികവും മലയാളികളാണ്.
മുറിവൈദ്യന്മാരുടെ വിളയാട്ടത്തെ കുറിച്ച് കഴിഞ്ഞ മേയില്‍ ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഒരുമാസം മുമ്പ് പൊലീസ് റെയ്ഡ് നടത്തി കട പൂട്ടിച്ചതോടെ ഇവരുടെ ശല്യം ഉണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് നേരത്തേ പൂട്ടിച്ച കടക്ക് അടുത്ത കോസ്മെറ്റിക്സ് കട വാടകക്കെടുത്ത് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. ഹൈസ്ട്രീറ്റില്‍ ദുബൈ ഗോള്‍ഡിനും മലബാര്‍ ജ്വല്ലറിക്കും എതിര്‍വശത്തുള്ള നടപ്പാതയിലാണ് ഏജന്‍റുമാര്‍ രാവിലെയും വൈകുന്നേരവും തമ്പടിക്കുന്നത്. ഒറ്റക്ക് നടന്നുപോകുന്നവരെയാണ് കൂടുതലായും ലക്ഷ്യമിടുന്നത്.
നേരത്തേ മൂന്നും നാലും ഏജന്‍റുമാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ എട്ടും ഒമ്പതും പേര്‍ ഉണ്ടെന്ന് സമീപത്തെ മലയാളി കടക്കാര്‍ പറഞ്ഞു. പുതിയ ആളുകളാണ് ഇപ്പോള്‍ ഉള്ളത്. തടിയും കഷണ്ടിയും നരച്ച മുടിയുമെല്ലാം ഒറ്റമൂലിയിലൂടെ മാറ്റി നിങ്ങളെ കൂടുതല്‍ സുന്ദരനാക്കാമെന്നായിരിക്കും ഇവരുടെ വാഗ്ദാനം. വലയില്‍ വീണെന്നുതോന്നിയാല്‍ പിന്നിലെ നിരയിലുള്ള തങ്ങളുടെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകും. കടയുടെ മുന്‍വശത്ത് വിശ്വാസ്യതക്കായി പച്ചമരുന്നുകളും മറ്റും കുപ്പികളില്‍ ഇട്ട് വെച്ചിട്ടുണ്ട്. തങ്ങളുടെ മരുന്ന് ഉപയോഗിച്ച് കൂടുതല്‍ സുന്ദരന്മാരായവരെന്നുപറഞ്ഞ് ചില ആളുകളെയും വേണമെങ്കില്‍ ഇവര്‍ കാട്ടിത്തരും. കലക്കിക്കുടിച്ചാല്‍ കുടവയര്‍ മാറുന്നതും എണ്ണയില്‍ കലര്‍ത്തി തേച്ചാല്‍ കഷണ്ടി മാറുന്നതുമായ പൊടിയുമൊക്കെയാണ് വീണ്ടും വില്‍പനക്ക് ഉള്ളത്. പന്ത്രണ്ടും പതിനഞ്ചും റിയാല്‍ വരെയാണ് ആവശ്യപ്പെടുന്നത്. കൈയില്‍ അത്രയും പൈസ ഇല്ളെന്നു പറഞ്ഞാല്‍ ഉള്ളത് വാങ്ങി പറഞ്ഞുവിടുന്നുണ്ട്.
മരുന്നുകളുടെ ഫലപ്രാപ്തിയില്‍ സംശയം പ്രകടിപ്പിച്ചാല്‍ തങ്ങളുടെ മാത്രം ആയുര്‍വേദ കൂട്ടാണിതെന്നും ഒരു മാസത്തിനകം ഫലമുണ്ടായില്ളെങ്കില്‍ പൈസ തിരികെ തരുമെന്നും ഒരാളോട് കടക്കാരന്‍ പറഞ്ഞു. നേരത്തേ വ്യാജ മൊബൈല്‍ ഫോണുകളും പെര്‍ഫ്യൂമുകളും മറ്റും വില്‍പന നടത്തിവന്നിരുന്നവരാണ് പൊലീസ് നടപടി കര്‍ക്കശമാക്കിയതോടെ മരുന്ന് വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് സമീപത്തെ കടക്കാര്‍ പറയുന്നു.
തങ്ങളുടെ പല പരിചയക്കാരും ഇവരുടെ വലയില്‍ കുടുങ്ങിയതറിഞ്ഞ് പണം തിരികെവാങ്ങി നല്‍കിയിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കുമെന്നുപറഞ്ഞാല്‍ പണം തിരികെ നല്‍കുന്നുണ്ട്. അറിയാത്ത കൂട്ടുകള്‍ ഉപയോഗിച്ചുള്ള ഇത്തരം മരുന്നുകളുടെ ഉപയോഗം ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.