ഒമാനില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 28ന് പുറപ്പെടും

മസ്കത്ത്: ഒമാനില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈമാസം 28ന് പുറപ്പെടും. തീര്‍ഥാടകര്‍ക്കൊപ്പം മതകാര്യമന്ത്രാലയം, സാംസ്കാരിക പൈതൃക മന്ത്രാലയം, ആര്‍.ഒ.പി, വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥ പ്രതിനിധി സംഘം എന്നിവരും ആദ്യ വിമാനത്തില്‍ യാത്ര തിരിക്കും. 
ഉദ്യോഗസ്ഥ പ്രതിനിധി സംഘത്തെ നാസര്‍ അല്‍ അസ്രിയും ഹുമൈദ് അല്‍ അംറിയുമാണ് നയിക്കുക. സെപ്റ്റംബര്‍ ആറിനാണ് ഒമാനില്‍നിന്നുള്ള അവസാന ഹജ്ജ് വിമാനം സൗദിയിലത്തെുക. ഹാജിമാര്‍ക്കുള്ള നിര്‍ദേശങ്ങളും വിവരങ്ങളും അടുത്തയാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് മതകാര്യ മന്ത്രാലയം വക്താവ് അബ്ദുല്‍ അസീസ് അല്‍ ഗാഫ്രി പറഞ്ഞു. ആകെ 11,200 ഹാജിമാരാണ് ഒമാനില്‍നിന്ന് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുക. ഇതില്‍ 550 പേര്‍ പ്രവാസികളാണ്. 
റോഡ് മാര്‍ഗം പോകുന്നവര്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പ് മക്കയിലത്തെണമെന്നും അദ്ദേഹം പറഞ്ഞു. ഹാജിമാര്‍ യാത്രാരേഖകള്‍ പിഴവുകള്‍ ഒന്നുമില്ലാതെ കൈവശം വെച്ചിരിക്കണം. അല്ലാത്തപക്ഷം സൗദിയിലേക്കുള്ള പ്രവേശത്തിന് നിയമപരമായ തടസ്സം നേരിടേണ്ടിവരും. തീയതിയും നടപടിക്രമങ്ങളും സംബന്ധിച്ച് എല്ലാ ഹാജിമാര്‍ക്കും ധാരണയുണ്ടാകണം. മതകാര്യമന്ത്രാലയം ഹജ്ജ് കരാറുകാരുടെ എണ്ണം നേരത്തേ നാലില്‍ ഒന്നായി കുറച്ചിരുന്നു. സ്വദേശികള്‍ക്കായി 54 കരാറുകാരെയും അറബ് വംശജര്‍ക്കായി മൂന്നും മറ്റു വിദേശികള്‍ക്കായി ഒന്നും വീതം കരാറുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 
സൂപ്പര്‍വൈസിങ്, മെഡിക്കല്‍ ഡെലിഗേഷന്‍, ആര്‍.ഒ.പി, മീഡിയ, സ്കൗട്ട് ഡെലിഗേഷന്‍ എന്നിങ്ങനെയാണ് ഒമാനി ഹജ്ജ് മിഷനെ വേര്‍തിരിച്ചിരിക്കുന്നത്. സൂപ്പര്‍വൈസിങ് വിഭാഗം മിനയിലും അറഫയിലുമുള്ള തീര്‍ഥാടക ക്യാമ്പുകളില്‍ ആവശ്യത്തിന് സൗകര്യമൊരുക്കും. 
ഹജ്ജ് തീര്‍ഥാടനരംഗത്ത് ഏറെ പരിചയസമ്പത്തുള്ള 13 കമ്പനികളെ നിയമലംഘനങ്ങളുടെ ഫലമായി ഈ വര്‍ഷം മന്ത്രാലയം താല്‍ക്കാലികമായി വിലക്കിയിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.