ഒമാന്‍: പിരിച്ചുവിടല്‍ ഭീഷണിയില്‍ കൂടുതല്‍ നഴ്സുമാര്‍

മസ്കത്ത്: ആരോഗ്യമന്ത്രാലയം കൂടുതല്‍ നഴ്സുമാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. അടുത്ത ഘട്ടത്തിലേക്കുള്ള 250ഓളം നഴ്സുമാരുടെ പട്ടിക ഒരുങ്ങിയതായാണ് അറിയുന്നത്. ഇതോടൊപ്പം, ഡോക്ടര്‍മാരുടെയും മെഡിക്കല്‍ സാങ്കേതിക വിദഗ്ധരുടെ ജോലിയും അരക്ഷിതാവസ്ഥയിലാണ്. മുന്നൂറോളം നഴ്സുമാര്‍ക്ക് പിരിഞ്ഞുപോകാന്‍ നല്‍കിയ മൂന്നുമാസ നോട്ടീസിന്‍െറ കാലാവധി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇതില്‍ ഏറിയകൂറും മലയാളികളാണ്. പത്തുമുതല്‍ 25 വര്‍ഷം വരെ സര്‍വിസുള്ളവരാണ് നടപടിക്ക് ഇരയായവരില്‍ കൂടുതലും. പിരിച്ചുവിട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറക്കുമെന്ന് മന്ത്രാലയം അറിയിച്ചതായും നടപടിക്ക് ഇരയായവര്‍ പറയുന്നു.
ഇതിനിടെ, പിരിച്ചുവിടപ്പെട്ടവരുടെ പ്രതിനിധികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഒമാന്‍െറ ദേശീയ നയത്തിന്‍െറ ഭാഗമായതിനാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയില്ളെന്നാണ് പറഞ്ഞതെന്ന് മലപ്പുറം സ്വദേശി അലി പറഞ്ഞു. ദന്തഡോക്ടര്‍മാരെ പൂര്‍ണമായി ഒഴിവാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ഒമാന്‍ ഡെന്‍റല്‍ കോളജില്‍നിന്നുള്ളവരും അജ്മാനില്‍നിന്നും ജോര്‍ഡനില്‍നിന്നുമൊക്കെ പഠിച്ചിറങ്ങിയ സ്വദേശി ദന്ത ഡോക്ടര്‍മാരുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ളത്. മലയാളികളായ നിരവധി ദന്ത ഡോക്ടര്‍മാര്‍ ഒമാനില്‍ ജോലിയെടുത്തിരുന്നു. 2010ല്‍ ജോലിയില്‍ പ്രവേശിച്ച ജനറല്‍ പ്രാക്ടീഷനര്‍മാരുടെ വേതനത്തില്‍ 200 റിയാലിന്‍െറ കുറവുവരുത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, മലയാളികളടക്കം ചില സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ തൊഴില്‍ സുരക്ഷിതത്വമില്ലാത്തതിനാല്‍ ജോലി രാജിവെച്ച് നാട്ടിലേക്ക് പോയിട്ടുണ്ട്.
വിദഗ്ധ ഡോക്ടര്‍മാര്‍ പിരിഞ്ഞുപോകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ക്കെതിരായ നടപടി തല്‍ക്കാലത്തേക്ക് മാറ്റിവെച്ചതായാണ് അറിയുന്നത്. എക്സ്റേ ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ ജോലി ചെയ്യുന്ന നിരവധി പേല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയതായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.