ജബല്‍ അഖ്ദറില്‍ പനിനീര്‍ പൂക്കളുടെ വിളവെടുപ്പ് തുടങ്ങി

നിസ്വ: സമുദ്രനിരപ്പില്‍നിന്ന ് 3000 അടി ഉയരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ അഖ്ദറില്‍ പനിനീര്‍ പൂക്കളുടെ വിളവെടുപ്പ് തുടങ്ങി.  ജബല്‍ അഖ്ദറിലെ അല്‍ ഐന്‍, അല്‍ ഷാരിജ, സീഖ്, അല്‍ ഖാഷ എന്നീ ഗ്രാമങ്ങളിലാണ് പനിനീര്‍ പൂക്കള്‍ ധാരാളമായി വളരുന്നത്. പനിനീര്‍ ഉല്‍പാദനത്തിന് പേരുകേട്ട ഇങ്ങോട്ട് പൂക്കളുടെ തോട്ടം കാണുന്നതിനും മറ്റും സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങി. ഒമാന്‍ റോസിന് സമാനമായ പൂവില്‍നിന്നാണ് ജബല്‍അഖ്ദറിന്‍െറ പെരുമ പതിഞ്ഞ മൗണ്ടന്‍ റോസ് വാട്ടര്‍ ഉല്‍പാദിപ്പിക്കുന്നത്. ഏഴ് ഏക്കര്‍ വരെ വ്യാപിച്ചുകിടക്കുന്ന അയ്യായിരത്തോളം ചെടികളിലാണ് ഇത്തരം പനിനീര്‍ പൂ വിടരുന്നത്. ഇവിടത്തെ കര്‍ഷകരുടെ പ്രധാന വരുമാനമാര്‍ഗം കൂടിയാണ് പനിനീര്‍കൃഷി. ഒരു ഏക്കര്‍ തോട്ടത്തില്‍നിന്ന് ഏകദേശം 4000 ലിറ്റര്‍ പനിനീരാണ് ലഭിക്കുകയെന്ന് കര്‍ഷകര്‍ പറയുന്നു. മാര്‍ച്ച് അവസാനത്തോടെ പനിനീര്‍പൂക്കളുടെ സീസണ്‍ ആരംഭിക്കും. ഏപ്രിലിലാണ് കൂടുതല്‍ ഉല്‍പാദനം നടക്കുന്നത്. മേയ് അവസാനത്തോടെ സീസണ്‍ അവസാനിക്കുകയും ചെയ്യും. ഒരു ഏക്കറില്‍നിന്ന് 40,000 റിയാലും ഏഴ് ഏക്കര്‍ വരെയുള്ള കര്‍ഷകര്‍ക്ക് 2.80 ലക്ഷം റിയാലുമാണ് സീസണില്‍ വരുമാനം ലഭിക്കുന്നത്. പനിനീര്‍ ഉല്‍പാദിപ്പിക്കുന്നതിന് വേണ്ട യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായി ജബല്‍ അഖ്ദറിലെ കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ സാലിം ബിന്‍ റാഷിദ് അല്‍ തൂബി പറഞ്ഞു. റോസ് മരങ്ങളുടെ പരിപാലനവും വളമിടലുമടക്കം കര്‍ഷകര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജബല്‍ അഖ്ദറിലെ പനിനീര്‍ വ്യവസായത്തിന് നൂറുകണക്കിന് വര്‍ഷത്തെ പഴക്കമുണ്ട്. പരമ്പരാഗതരീതിയിലെ ഉല്‍പാദനത്തിലൂടെ തനിമയും ഗുണവും നിലനിര്‍ത്തുന്ന ഇവിടത്തെ പനിനീരിന് രാജ്യത്തിന് അകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.