ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗം 20ാം വര്‍ഷത്തിലേക്ക്

മസ്കത്ത്: പ്രവാസി മലയാളികളുടെ അംഗീകൃത കൂട്ടായ്മയായ ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാള വിഭാഗം 20ാം വര്‍ഷത്തിലേക്ക് കടക്കുന്നു. പ്രവര്‍ത്തന പഥത്തില്‍ രണ്ട് ദശാബ്ദങ്ങള്‍ തികച്ചതിന്‍െറ ഭാഗമായി ഒരു വര്‍ഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ ജി.കെ. കാരണവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈമാസം 15ന് നടക്കുന്ന രക്തദാന, സൗജന്യ വൈദ്യപരിശോധനാ ക്യാമ്പോടെയാണ് വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമാവുക. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പിന്‍െറ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഈമാസം 21നാണ് ആഘോഷ പരിപാടികളുടെ ഒൗദ്യോഗിക ഉദ്ഘാടനം. രാത്രി എട്ടിന് അല്‍ ഫലാജ് ഹോട്ടലില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടന്‍ മധു വിശിഷ്ടാതിഥിയായിരിക്കും. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് ചെയര്‍മാന്‍ സതീഷ് നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍ തുടങ്ങി വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ചലച്ചിത്ര മേഖലക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് മധുവിന് മലയാളം വിങ് ‘അതുല്യ പ്രതിഭാ പുരസ്കാരം’ സമ്മാനിക്കുമെന്നും കാരണവര്‍ പറഞ്ഞു. നര്‍ത്തകി നീന പ്രസാദിന്‍െറ ഭരതനാട്യവും പരിപാടിയുടെ ആകര്‍ഷണമായിരിക്കും. ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പാണ് പരിപാടിയുടെ സ്പോണ്‍സര്‍മാര്‍. ഓണാഘോഷത്തിന്‍െറ ഭാഗമായ കല, സംഗീത, നൃത്ത, സാഹിത്യ മത്സരങ്ങള്‍ ഈമാസം 28ന് നടക്കും. വിജയികള്‍ക്ക് ഓണാഘോഷ വേദിയില്‍ സമ്മാനങ്ങള്‍ നല്‍കും. നവംബറില്‍ വിപുലമായ സാഹിത്യസമ്മേളനത്തിനും പദ്ധതിയിടുന്നുണ്ട്. ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്‍െറ ഭാഗമായി സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമത്തെിക്കുന്നതടക്കം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് കണ്‍വീനര്‍ അറിയിച്ചു. മലയാളം വിങ് ഓഫിസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ 20ാം വാര്‍ഷികത്തിന്‍െറ ലോഗോയും ജി.കെ. കാരണവര്‍ പ്രകാശനം ചെയ്തു. കോ. കണ്‍വീനര്‍ കെ.എ. താജുദ്ദീന്‍, കള്‍ചറല്‍ സെക്രട്ടറി ശ്രീകുമാര്‍, സാമൂഹിക വിഭാഗം സെക്രട്ടറി പാപ്പച്ചന്‍, ഡാനിയേല്‍, ചില്‍ഡ്രന്‍സ് വിങ് സെക്രട്ടറി പ്രണതീഷ്, ലേഡീസ് വിഭാഗം സെക്രട്ടറി ഹേമമാലിനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.