മസ്കത്ത്: ഇബ്റാഹീം നബിയുടെ ത്യാഗസ്മരണകള്‍ അയവിറക്കി ഒമാനില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മറ്റു ഗള്‍ഫ്രാഷ്ട്രങ്ങളിലും കേരളത്തിലും ഒരേ ദിവസമാണ് ബലിപെരുന്നാള്‍ ആഘോഷിച്ചത്. രാജ്യത്തിന്‍െറ എല്ലാ ഭാഗങ്ങളിലും ഈദ്ഗാഹുകളിലും പള്ളികളിലുമായി വിശ്വാസികള്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു.
ഇബ്റാഹീം നബിയുടെ ജീവിത മാതൃക പിന്തുടരണമെന്നും സ്നേഹവും സമാധാനവും ജീവിതത്തില്‍ ഉയര്‍ത്തിപിടിക്കണമെന്നും ഇമാമുമാര്‍ ആവശ്യപ്പെട്ടു. മുസ്ലിം സമുദായത്തെ ഭീകരവാദത്തിന്‍െറ പാതയിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ടെന്നും ഇമാമുമാര്‍ ഖുത്തുബയില്‍ ചൂണ്ടിക്കാട്ടി. നമസ്കാരാനന്തരം ബലിനിര്‍വഹണവും പരമ്പരാഗത രീതിയിലെ ആഘോഷ പരിപാടികളും ഉണ്ടായിരുന്നു.
സലാല, നിസ്വ തുടങ്ങിയ മേഖലകളില്‍ പരമ്പരാഗത നൃത്തങ്ങള്‍ അരങ്ങേറി. മസ്കത്തിലെ അല്‍ ഖൗര്‍ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സയ്യിദ് പങ്കെടുത്തു. ഒമാന്‍ സുപ്രീംകോര്‍ട്ട് ചെയര്‍മാന്‍ ഇസ്ഹാഖ് ബിന്‍ അഹ്മദ് അല്‍ ബുസൈദി പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി. മന്ത്രിമാരും ഉപദേഷ്ടാക്കളും അണ്ടര്‍ സെക്രട്ടറിമാരും മറ്റ് ഉന്നതരും നമസ്കാരത്തിനത്തെിയിരുന്നു. ഇസ്ലാം മിതത്വത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും മതമാണെന്നും കാര്യങ്ങളെ ഒരിക്കലും തീവ്രതയോടെ കാണരുതെന്നും അദ്ദേഹം ഖുതുബയില്‍ ഉണര്‍ത്തി.
മുസ്ലിംകള്‍ ഇസ്ലാമിക ശരീഅത്ത് ജീവിതത്തില്‍ പകര്‍ത്തണമെന്നും സ്നേഹവും സമാധാനവും ജീവിതത്തില്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐക്യത്തിന് ഇസ്ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെയും സംരക്ഷിക്കുന്നതിലൂടെയും മാത്രമേ രാഷ്ട്രത്തിന്‍െറ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ഉണര്‍ത്തി. എല്ലാവര്‍ക്കും തുല്യതയും നീതിയും ഉറപ്പാക്കണമെന്നതാണ് രാഷ്ട്രത്തിന്‍െറ നയം. രാഷ്ട്രം ഇന്നുവരെ കാത്തുസൂക്ഷിക്കുന്ന മഹത്തായ മൂല്യങ്ങള്‍ ഭാവിയിലും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. നമസ്കാരാനന്തരം ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ഈദ് ആശംസകള്‍ സ്വീകരിച്ചു. ബലിപെരുന്നാളിന്‍െറ ഭാഗമായി ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ സംഘടിപ്പിച്ച ഈദ്ഗാഹുകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഗാല റുസൈഖി ഗ്രൗണ്ടിലാണ് ഏറ്റവും വലിയ ഈദ്ഗാഹ് നടന്നത്. ഇവിടെ മുനീര്‍ വരന്തരപ്പള്ളി നമസ്കാരത്തിന് നേതൃത്വം നല്‍കി. റൂവി അല്‍ കരാമ ഹൈപ്പര്‍മാര്‍ക്കറ്റ് പരിസരത്ത് എം.എം. അക്ബറും റൂവി അപ്പോളോ ഹോസ്പിറ്റല്‍ മൈതാനിയില്‍ സലാഹുദ്ദീന്‍ ചുഴലിയും റൂവി ഫാമിലി ഷോപ്പിങ് സെന്‍റര്‍ പരിസരത്ത് നൗഷാദ് കാക്കവയലും നമസ്കാരത്തിന് നേതൃത്വം നല്‍കി.
രണ്ടാം പെരുന്നാള്‍ ദിവസമായ വെള്ളിയാഴ്ച മത്ര കോര്‍ണിഷില്‍ അഭൂതപൂര്‍വമായ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഷോപ്പിങ് മാളുകളിലും ബീച്ചുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.
വാദികബീര്‍ ഇബ്ന്‍ ഖല്‍ദൂന്‍ സ്കൂള്‍ മൈതാനിയില്‍ നടന്ന നമസ്കാരത്തിന് നാസര്‍ സുല്ലമി നേതൃത്വം നല്‍കി. സീബ് സ്പോര്‍ട്സ് ക്ളബ് മൈതാനിയില്‍ ശമീര്‍ ചന്ദ്രാപ്പിന്നിയും സീബ് അല്‍ഹൈല്‍ ഫുട്ബാള്‍ മൈതാനിയില്‍ നിയാസ് സ്വലാഹിയും സൂര്‍ സനായിയ അല്‍ഹരീബ് മൈതാനിയില്‍ അന്‍വര്‍ സുലൈമാനും സുവൈഖ്ഷാഹി ഫുഡ്സ് ഗ്രൗണ്ടില്‍ ഹുസൈന്‍ കക്കാടും ഖദറ അല്‍ ഹിലാല്‍ ഫുട്ബാള്‍ മൈതാനിയില്‍ ഫൈസല്‍ കൊച്ചിയും സൊഹാര്‍ ഫലജ് ഈദ്ഗാഹിന് എം.ഐ. അബ്ദുല്‍ റഷീദ് മാസ്റ്ററും സലാല ദോഫാര്‍ ക്ളബ് ഗ്രൗണ്ടില്‍ കെ. ഷൗക്കത്തലി മാസ്റ്ററും സലാല അല്‍ഹിന്ദ് ക്ളബ് ഗ്രൗണ്ടില്‍ ടി.കെ. അഷ്റഫും സഹം ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ ഷഫീഖ് കോട്ടയവും ഈദ്ഗാഹിന് നേതൃത്വം നല്‍കി. സുന്നി സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ സലാല റവാസ് മസ്ജിദില്‍ അബ്ദുല്ലത്തീഫ് ഫൈസി നേതൃത്വം നല്‍കി. മാളുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയുമാണ് ഭൂരിപക്ഷം പേരും പെരുന്നാള്‍ ആഘോഷിച്ചത്. ചൂടിന് കാര്യമായ കുറവുണ്ടാകാതിരുന്നതിനാല്‍ ബീച്ചുകളിലും മറ്റും കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. പെരുന്നാള്‍ ദിനമായ വ്യാഴാഴ്ച മസ്കത്ത് കെ.എം.സി.സി നടത്താനിരുന്ന ഈദ്മീറ്റും സാംസ്കാരിക സംഗമവും മാപ്പിളപ്പാട്ട് ഗാനമേളയും മിനാ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.