സലാലയില്‍ വീണ്ടും ഭൂചലനം : റിക്ടര്‍ സ്കെയിലില്‍ അഞ്ച് തീവ്രത രേഖപ്പെടുത്തി

മസ്കത്ത്: ഒമാനില്‍ വീണ്ടും ഭൂചലനം. സലാല തീരത്തുനിന്ന് 312 കിലോമീറ്റര്‍ അകലെ കടലില്‍ ബുധനാഴ്ച രാവിലെ 11.20ഓടെയാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് മസ്കത്തിലെ സുല്‍ത്താന്‍ ഖാബൂസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. ഭൂകമ്പത്തിന്‍െറ പ്രതിഫലനങ്ങള്‍ ചിലയിടങ്ങളില്‍ അനുഭവപ്പെട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. റിക്ടര്‍ സ്കെയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 
എന്നാല്‍, ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായതായി വിവരമില്ല. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് അമേരിക്കന്‍ ജിയളോജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഭൂചലനത്തിന്‍െറ ഒരു ലക്ഷണവും അനുഭവപ്പെട്ടില്ളെന്ന് തുംറൈത്ത്, താഖ, സലാല ടൗണ്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
മിര്‍ബാത്തില്‍ പുറത്ത് ജോലിയിലായിരുന്ന തനിക്ക് ഭൂകമ്പത്തിന്‍െറ ഒരു ലക്ഷണവും അനുഭവപ്പെട്ടിട്ടില്ളെന്ന് മലയാളിയായ ഉമര്‍ പറഞ്ഞു. കടലില്‍ വൈകുന്നേരത്തോടെ ഉള്‍വലിയല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഭൂകമ്പത്തിന്‍െറ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇത് ജനങ്ങളില്‍ ചെറിയ ആശങ്ക പരത്തി. 
എന്നാല്‍, ഇത് സാധാരണ വേലിയിറക്കം മാത്രമായിരുന്നു. ഏപ്രില്‍, മേയ്, ജൂലൈ മാസങ്ങളില്‍ സലാലയിലും മസ്കത്തിലും നാലിനും അഞ്ചിനും ഇടയിലുള്ള ചലനങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. കൂടാതെ, അനുഭവവേദ്യമല്ലാത്ത ചെറുചലനങ്ങളും ഉണ്ടായതായി ഭൂകമ്പ നിരീക്ഷണകേന്ദ്രത്തിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ചലനങ്ങളില്‍ ഒന്നിലും നാശനഷ്ടം ഉണ്ടായിരുന്നില്ല.
 ഒന്നോ രണ്ടോ ചലനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് അനുഭവേദ്യമായത്. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് ഒമാന്‍െറ വടക്കന്‍ മേഖല ഭൂകമ്പ സാധ്യതയുള്ള സ്ഥലമായാണ് വിലയിരുത്തപ്പെടുന്നത്. 
ഒരു പ്രത്യേക മേഖലയിലെ ഭൂപാളികളുടെ ചലനം ആസ്പദമാക്കി (പീക്ക് ഗ്രൗണ്ട് ആക്സിലറേഷന്‍)നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. ഇതനുസരിച്ച് യു.എ.ഇയുമായി അതിര്‍ത്തി പങ്കിടുന്ന ഖസബാണ് ഭൂചലന സാധ്യതയേറിയ പ്രദേശം. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.