ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഒമാന്‍െറ  വിവിധയിടങ്ങളില്‍ മഴ

മസ്കത്ത്: ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ മഴ. ബാത്തിന ഗവര്‍ണറേറ്റിന്‍െറ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. 
സൊഹാര്‍, ഹഫീത്ത്, സഹം, വാദി ഹൊഖയിന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴയുണ്ടായത്. ഖുറിയാത്ത്, റുമൈസ് തുടങ്ങിയയിടങ്ങളില്‍ മഴയുണ്ടായി. മലയോര പ്രദേശങ്ങളില്‍ ഇടിയോടെയുള്ള മഴയാണ് ഉണ്ടായത്. മത്രയില്‍ രാവിലെ അന്തരീക്ഷം മേഘാവൃതമായിരുന്നു. ചെറിയ ചാറ്റല്‍ മഴയും അനുഭവപ്പെട്ടിരുന്നു. വടക്കന്‍ ബാത്തിന മേഖലയുടെ വിവിധ മേഖലകള്‍ ചൊവ്വാഴ്ച ഉച്ചമുതലേ മേഘാവൃതമായിരുന്നു. 
പൊടിക്കാറ്റും അനുഭവപ്പെട്ടു. വൈകീട്ട് നാലുമണിയോടെയാണ് ബാത്തിനയില്‍ ചാറ്റല്‍മഴ തുടങ്ങിയത്. കാറ്റിനത്തെുടര്‍ന്ന് മേഘങ്ങള്‍ നീങ്ങിപ്പോയതാണ് മഴയുടെ ശക്തി കുറച്ചത്. മലയോര മേഖലകളില്‍ വാദിയെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. റുസ്താഖിലും പരിസരത്തും സന്ധ്യയോടെയാണ് മഴയുണ്ടായത്. മസ്കത്തിന്‍െറ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ തണുത്ത കാറ്റ് വീശുന്നുണ്ട്. വരും മണിക്കൂറുകളില്‍ മഴക്കുള്ള സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒമാന്‍െറ വടക്കന്‍ മേഖലകളില്‍ ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു. മുസന്ദം, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴക്ക് സാധ്യത പറഞ്ഞിരുന്നത്. ദോഫാറും അല്‍ വുസ്തയും ഒഴിച്ചുള്ള ഗവര്‍ണറേറ്റുകളില്‍ ഏറ്റക്കുറച്ചിലോടെയുള്ള മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രവചനം. തീരപ്രദേശങ്ങളില്‍ വരും മണിക്കൂറുകളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും പ്രവചനമുണ്ടായിരുന്നു. അതിനിടെ, സൂര്‍ തീരത്ത് മേഘക്കുഴല്‍ (വാട്ടര്‍ സ്പോട്ട്) പ്രതിഭാസം ദൃശ്യമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെള്ളത്തിന് മുകളില്‍ ഫണലിന്‍െറ ആകൃതിയില്‍ കറങ്ങുന്ന മേഘത്തിന്‍െറ ദൃശ്യം സോഷ്യല്‍മീഡിയകളിലൂടെയാണ് പുറംലോകമറിഞ്ഞത്. അപൂര്‍വമായ പ്രതിഭാസമാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.