ഇ–മൈഗ്രേറ്റ്: റിക്രൂട്ട്മെന്‍റ് പ്രതിസന്ധിയില്‍; പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷ

മസ്കത്ത്: ഇന്ത്യ അടുത്തിടെ ഏര്‍പ്പെടുത്തിയ ഇ-മൈഗ്രേറ്റ് സംവിധാനം രാജ്യത്തെ തൊഴിലാളികളുടെ ഗള്‍ഫിലെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നതായി പരാതി. ഇ-മൈഗ്രേറ്റ് സോഫ്റ്റ്വെയറിലെ തകരാറുകളും സമയമെടുക്കുന്ന നടപടിക്രമങ്ങളും മൂലം ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ദാതാക്കള്‍ ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിച്ചുതുടങ്ങി. മാസങ്ങളെടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കുപോലും തൊഴിലാളികളെ ഇന്ത്യയില്‍നിന്ന് എത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് കൂടുതലായും തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. 
തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കൊണ്ടുവന്ന ഇ- മൈഗ്രേറ്റ് സംവിധാനം തൊഴിലാളികള്‍ക്ക് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. എണ്ണ വിലക്കുറവും സ്വദേശിവത്കരണവും മൂലം ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കുറയുന്നതിനിടെയാണ് ലഭ്യമായ തൊഴിലവസരങ്ങള്‍ സാങ്കേതിക തടസ്സങ്ങള്‍മൂലം ഇല്ലാതാക്കുന്നത്. അതേസമയം, ഇ- മൈഗ്രേറ്റില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ മുപ്പത് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പ്രവാസി സമൂഹം. കഴിഞ്ഞദിവസം യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് ഇ-മൈഗ്രേറ്റ് സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ചവിട്ടിക്കയറ്റലും വ്യാജ സീലും മൂലം തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്ന സാഹചര്യമടക്കം കണക്കിലെടുത്താണ് ജൂണ്‍ ഒന്നുമുതല്‍ കേന്ദ്ര പ്രവാസികാര്യമന്ത്രാലയം ഇ- മൈഗ്രേറ്റ് സംവിധാനം കൊണ്ടുവന്നത്. തൊഴിലാളികളുടെ ക്ഷേമത്തിനായി കൊണ്ടുവന്ന സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങള്‍ വിപരീതഫലം ചെയ്യുകയായിരുന്നു. മൂന്നുമാസത്തോളമായിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാതായതോടെ ഇന്ത്യയില്‍നിന്നുള്ള റിക്രൂട്ട്മെന്‍റ് മുടങ്ങുകയും ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയുമായിരുന്നു. തൊഴിലാളികള്‍ക്കുവേണ്ടി ഗള്‍ഫ് രാജ്യങ്ങളിലെ ലേബറില്‍നിന്നും മറ്റും പണം കെട്ടിവെച്ച് വിസ എടുത്തവര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തു. യു.എ.ഇയിലേക്ക് മാത്രം ഇന്ത്യയില്‍നിന്നുള്ള ആയിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടമായതായാണ് റിക്രൂട്ടിങ് ഏജന്‍സികളുടെ സംഘടന പറയുന്നത്. ഒമാനിലും സമാനരീതിയില്‍ ജോലി നഷ്ടമായിട്ടുണ്ട്. രേഖകള്‍ക്ക് എംബസിയില്‍ കയറിയിറങ്ങുകയും ഇ-മൈഗ്രേറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടും പലര്‍ക്കും രണ്ടു മാസമായിട്ടും എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭ്യമായിട്ടില്ല. പുതിയ സംവിധാനം സംബന്ധിച്ച് എംബസി ഉദ്യോഗസ്ഥര്‍ക്കും കൃത്യമായി അറിവില്ളെന്ന് തൊഴില്‍ദാതാക്കള്‍ പറയുന്നു. താന്‍ നാലു പ്രാവശ്യം അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ പോകുകയും നിരവധി തവണ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടും രണ്ട് പേര്‍ക്കുള്ള എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭ്യമാക്കാന്‍ സാധിച്ചില്ളെന്ന് അബൂദബിയിലെ ബനിയാസില്‍ മെയിന്‍റനന്‍സ് സ്ഥാപനം നടത്തുന്ന മലയാളി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവര്‍ക്കെടുത്ത വിസയുടെ കാലാവധി കഴിഞ്ഞതോടെ 6000 ദിര്‍ഹത്തോളം നഷ്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. 
ഒമാനിലെ തൊഴില്‍ മന്ത്രാലയത്തില്‍നിന്ന് രണ്ടുമാസം മുമ്പ് മലയാളി വീട്ടുജോലിക്കാരിയെ കൊണ്ടുവരുന്നതിന് 200 റിയാല്‍ കെട്ടിവെച്ച് വിസ നേടിയെങ്കിലും ഇതുവരെ ആളെ എത്തിക്കാന്‍ കഴിഞ്ഞില്ളെന്ന് മസ്കത്തിലെ പ്രമുഖ കമ്പനിയില്‍ ജോലിചെയ്യുന്ന മലയാളി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇ- മൈഗ്രേറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും എംബസിയില്‍ 1100 റിയാലോളം സെക്യൂരിറ്റി തുക കെട്ടിവെക്കുകയും ചെയ്തെങ്കിലും ഇപ്പോഴും എമിഗ്രേഷന്‍ ക്ളിയറന്‍സ് ലഭ്യമായിട്ടില്ല. ഇപ്പോഴും ഇ-മൈഗ്രേറ്റില്‍നിന്ന് ഓരോരോ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഇ-മെയില്‍ വരുന്നുണ്ട്. ഇതിന് മറുപടി നല്‍കിയാല്‍ അടുത്ത കാര്യവുമായി വീണ്ടും മെയില്‍ വരും. ഇതല്ലാതെ ക്ളിയറന്‍സ് എപ്പോള്‍ ലഭ്യമാകുമെന്ന് ആര്‍ക്കും അറിയില്ളെന്ന് അദ്ദേഹം പറഞ്ഞു. 
ഇ-മൈഗ്രേറ്റ് സോഫ്റ്റ്വെയറില്‍ ഗള്‍ഫിലെ സ്പോണ്‍സറുടെ വ്യക്തിഗത വിവരങ്ങള്‍ അടക്കം നല്‍കേണ്ടതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സ്വദേശികളായ സ്പോണ്‍സര്‍മാര്‍ തങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നത് എന്തിനെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയില്‍നിന്ന് തൊഴിലാളികള്‍ ഇല്ളെങ്കില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് കൊണ്ടുവരാം എന്ന നിലപാടും കൈക്കൊള്ളുന്നു. ഇതിലൂടെ മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരമാണ് നഷ്ടമാകുന്നത്. ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പദ്ധതികളിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നവരും ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സാധിക്കില്ളെന്ന നിലപാടിലാണ്. 500ഉം 600ഉം തൊഴിലാളികളെ ഒരുമിച്ചു കൊണ്ടുവരുന്ന നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നേപ്പാള്‍, ശ്രീലങ്ക അടക്കം രാജ്യങ്ങളാണ് ഇപ്പോള്‍ തെരഞ്ഞെടുക്കുന്നതെന്ന് മസ്കത്തില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുന്ന മലയാളി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇ- മൈഗ്രേറ്റ് സംവിധാനത്തിലെ അപാകതകളും സാങ്കേതിക പ്രശ്നങ്ങളും ഈ രീതിയില്‍ തുടര്‍ന്നാല്‍ ഭാവിയില്‍ ഇന്ത്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുകയും മറ്റ് രാജ്യക്കാര്‍ കൈയടക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാകുക.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.