യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഒമാന്‍ എയര്‍

മസ്കത്ത്: സുല്‍ത്താനേറ്റിന്‍െറ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. മറ്റു വിമാന കമ്പനികളുമായുള്ള സഹകരണത്തിലൂടെ (കോഡ്ഷെയര്‍ പാര്‍ട്ട്ണര്‍ഷിപ്) യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരങ്ങളൊരുക്കുന്നുമുണ്ട്. അടുത്തിടെ മനില, ഗോവ, ജകാര്‍ത്ത, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വിസ് ആരംഭിച്ചിരുന്നു. 2020ഓടെ 25 വൈഡ്ബോഡി, 45 നാരോ ബോഡി വിമാനങ്ങള്‍ സ്വന്തമാക്കി സര്‍വിസ് കൂടുതല്‍ വിപുലമാക്കാനും ഒമാന്‍ എയര്‍ ലക്ഷ്യമിടുന്നുണ്ട്. 
മിഡിലീസ്റ്റ്, തെക്ക്- തെക്കുകിഴക്കന്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ഒമ്പത് കോഡ്ഷെയര്‍ പാര്‍ട്ട്ണര്‍ഷിപ്പുകളാണ് ഒമാന്‍ എയറിന് ഇപ്പോഴുള്ളത്. ദുബൈ- മസ്കത്ത് റൂട്ടില്‍ ഇത്തിഹാദ് എയര്‍വേസും മസ്കത്ത്-ദോഹ റൂട്ടില്‍ ഖത്തര്‍ എയര്‍വേസുമായുമുള്ള പങ്കാളിത്തത്തിലൂടെ 46 കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ യാത്രചെയ്യാന്‍ സാധിക്കും. ഇത്യോപ്യന്‍ എയര്‍ലൈന്‍സുമായി മസ്കത്ത്- ആഡിസ് അബബ റൂട്ടിലും റോയല്‍ ജോര്‍ഡനിയനുമായി ചേര്‍ന്ന് മസ്കത്ത്- അമ്മാന്‍ റൂട്ടിലും പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുണ്ട്. 
 തുര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തത്തിലൂടെ ഇസ്തംബൂള്‍ ഒമാന്‍ എയറിന്‍െറ ശൃംഖലയില്‍ സ്ഥാനം പിടിച്ചു. ശ്രീലങ്കന്‍ എയര്‍വേസുമായി സഹകരണത്തില്‍ എത്തിയതോടെ യാത്രക്കാര്‍ക്ക് ഒമാന്‍ എയറിന്‍െറ കൊളംബോ- മസ്കത്ത്- സൂറിച് വിമാനത്തില്‍ സഞ്ചരിക്കാനാകും. ഒമാന്‍ എയര്‍ ഉപഭോക്താക്കള്‍ക്ക് ശ്രീലങ്കന്‍ എയര്‍വേസിനെ ഉപയോഗപ്പെടുത്തി മസ്കത്തില്‍നിന്ന് സിംഗപ്പൂര്‍, മാലി എന്നീ കേന്ദ്രങ്ങളിലേക്ക് കൊളംബോവഴി സഞ്ചരിക്കാനാകും. മലേഷ്യന്‍ എയര്‍വേസുമായുള്ള സഹകരണത്തിലൂടെ ലങ്കാവി, കോട്ട കിനാബലു, പെനാങ്, കുഞ്ചിങ്, ബാങ്കോക്, സിംഗപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് എളുപ്പം യാത്രചെയ്യാം. 
മസ്കത്ത്, കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലേക്കുള്ള യാത്ര ഏറെ എളുപ്പമാകും. 
റോയല്‍ ഡച്ച് എയര്‍ലൈന്‍സും ഗരുഡ ഇന്തോനേഷ്യയുമായുള്ള കോഡ് ഷെയറിങ് കരാറുകളിലൂടെയും യാത്രക്കാര്‍ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.