ഒമാനിവത്കരണം ശക്തമാകുന്നു; പ്രവാസികള്‍ ജോലി നഷ്ടപ്പെടല്‍ ഭീതിയില്‍

മസ്കത്ത്: രാജ്യത്ത് സ്വകാര്യമേഖലയിലും ഒമാനിവത്കരണം ശക്തമാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പ്രവാസികളില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതി സൃഷ്ടിക്കുന്നു. ഇടത്തരം- ഉയര്‍ന്ന മേഖലകളിലും വെള്ളക്കോളര്‍ തസ്തികകളിലും ജോലിചെയ്യുന്നവരിലാണ് ഭാവി എന്താകുമെന്ന ആശങ്ക ശക്തമായത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനൊപ്പം സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളിലുണ്ടായ കുറവും ഉന്നത വിദ്യാഭ്യാസം നേടി സ്വദേശി സമൂഹം കൂടുതലായി പുറത്തിറങ്ങുന്നതുമാണ് സ്വകാര്യമേഖലയിലേക്കും ഒമാനികള്‍ കൂടുതലായി കടന്നുവരുമെന്ന പ്രതീതി ഉയര്‍ത്തുന്നത്. ഓരോ വര്‍ഷവും 12,000 പേരാണ് സര്‍വകലാശാലകളില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും പഠനം പൂര്‍ത്തിയാക്കി ജോലി ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ജോലിയിലെ എളുപ്പവും മികച്ച ശമ്പളവും പരിഗണിച്ച് കൂടുതല്‍പേരും സര്‍ക്കാര്‍ ജോലികളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍, ഇവരില്‍ 60 ശതമാനത്തില്‍ അധികം പേര്‍ക്ക് മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്. 40 ശതമാനത്തോളം പേര്‍ തൊഴില്‍രഹിതരാകുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സ്വദേശികള്‍ സ്വകാര്യ തൊഴില്‍മേഖലയിലേക്ക് കടന്നുവരുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് നിലവില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്കും പുതുതായി ജോലി അന്വേഷിച്ചുവരുന്ന മറ്റു രാജ്യക്കാര്‍ക്കും അവസരങ്ങള്‍ കുറക്കും. 
മുമ്പ് ഉണ്ടായിരുന്നപോലെ പ്രവാസികള്‍ക്ക് ജോലി സുരക്ഷയില്ളെന്ന് 10 വര്‍ഷത്തോളമായി മസ്കത്തില്‍ ജോലിചെയ്യുന്ന ഷൈജു ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. താഴ്ന്ന ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടല്‍ സംബന്ധിച്ച് ഇപ്പോള്‍ കാര്യമായി പേടിക്കേണ്ടതില്ല. അതേസമയം, ഇടത്തരം-ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് വരുംകാലങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറയാനാണ് സാധ്യത. നിര്‍മാണ- ഗാര്‍ഹിക മേഖലകളില്‍ ജോലിചെയ്യുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ സംബന്ധിച്ച് ജോലിനഷ്ടപ്പെടല്‍ എന്ന ഭീതിയില്ളെന്ന് റിക്രൂട്ടിങ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മറ്റൊരു മലയാളി പറഞ്ഞു. അതേസമയം, സ്വകാര്യമേഖലയില്‍ ഭേദപ്പെട്ട ശമ്പളംവാങ്ങി ജോലിചെയ്യുന്നവര്‍ക്ക് ഭാവിയില്‍ പ്രശ്നമുണ്ടാകാം. പഴയപോലെ തൊഴില്‍സുരക്ഷ ഉറപ്പുലഭിക്കുന്ന അവസ്ഥയില്ളെന്നും അദ്ദേഹം പറഞ്ഞു. 
സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളില്‍ വന്‍തോതില്‍ കുറവുണ്ടായതോടെ അടുത്ത വര്‍ഷംമുതല്‍ കൂടുതല്‍ സ്വദേശികള്‍ സ്വകാര്യമേഖലയെ ജോലിക്കായി ആശ്രയിക്കുമെന്നാണ് തൊഴില്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. മത്സരക്ഷമതയും യോഗ്യതയുമുള്ള സ്വദേശികള്‍ തൊഴില്‍വിപണിയില്‍ ശക്തമായ സാന്നിധ്യമായി മാറുകയും ചെയ്യും. ഈ സാഹചര്യത്തില്‍ വിദഗ്ധ-അവിദഗ്ധ പ്രവാസികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുറയാനും സാധ്യതയുണ്ട്. ഒമാനിലെ ജനസംഖ്യയില്‍ 42 ലക്ഷത്തില്‍ ഏകദേശം 40 ശതമാനം പ്രവാസി സമൂഹമാണ്. പ്രവാസി സമൂഹത്തിനുള്ള ഒരു ലക്ഷം തൊഴിലുകള്‍ കുറക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഒമാന്‍ മാന്‍പവര്‍ മന്ത്രാലയം നിശ്ചയിച്ചിരുന്നു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ നല്‍കുന്നതിന്‍െറ ഭാഗമായാണ് ഈ നടപടി കൈക്കൊണ്ടത്. ഒമാനിലെ സ്വകാര്യമേഖലയിലെ വിദേശതൊഴില്‍ 39 ശതമാനത്തില്‍നിന്ന് 33 ശതമാനമായി കുറക്കുകയായിരുന്നു ലക്ഷ്യം.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.