കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശന വിസകൾ ഫാമിലി റെസിഡൻസിയിലേക്ക് മാറ്റാനുള്ള ചട്ടങ്ങളിൽ കൂടുതല്‍ വിശദീകരണവുമായി അധികൃതര്‍. കുറഞ്ഞത് 800 ദിനാർ പ്രതിമാസ ശമ്പളമുള്ള പ്രവാസികൾക്കാണ് ഈ സൗകര്യം ലഭിക്കുക. അപേക്ഷകന്റെ ഭാര്യ, 18 വയസ്സിന് താഴെയുള്ള ആൺമക്കൾ, 21 വയസ്സിന് താഴെയുള്ള അവിവാഹിതരായ പെൺമക്കൾ എന്നിവരുടെ വിസയും പുതിയ നിയമ പ്രകാരം മാറ്റാവുന്നതാണെന്ന് അധികൃതർ വ്യക്തത വരുത്തി.
വിസ മാറ്റത്തിന് 150 ദിനാർ ഫീസും ആരോഗ്യ ഇൻഷുറൻസും റെസിഡൻസി സ്റ്റാമ്പ് ചാർജുകളും ബാധകമാവും. സാധുവായ റെസിഡൻസി ഉള്ള അമ്മമാരുടെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ സന്ദർശന വിസ ആർട്ടിക്കിൾ 22 ഫാമിലി റെസിഡൻസിയിലേക്ക് മാറ്റാനുള്ള അപേക്ഷകൾ പ്രത്യേക സാഹചര്യങ്ങളിൽ പരിഗണിക്കും.
അതേസമയം കുടുംബ സന്ദർശന വിസകൾ ആർട്ടിക്കിൾ 18 തൊഴിൽ റെസിഡൻസിയിലേക്ക് മാറ്റാൻ കഴിയില്ല. സർക്കാർ മേഖല (ആർട്ടിക്കിൾ 17), സ്വകാര്യ മേഖല (ആർട്ടിക്കിൾ 18), ഗാർഹിക മേഖല (ആർട്ടിക്കിൾ 20), കുടുംബ വിസ (ആർട്ടിക്കിൾ 22) തുടങ്ങിയ താമസ വിഭാഗങ്ങളിലേക്കു മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. കഴിഞ്ഞ ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സന്ദർശക വിസ കുടുംബ താമസ വിസയിലേക്ക് മാറ്റുന്നതിനുള്ള അനുവാദം നൽകിയത്.
റെസിഡൻസ് നിയമ ചട്ടങ്ങൾ സംബന്ധിച്ച 2025-ലെ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. സർക്കാറിന്റെ ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ യൗമിൽ’ ഇത് പ്രസിദ്ധീകരിച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനു പിന്നാലെ, പ്രവാസികൾ ഉൾപ്പെടെ അപേക്ഷകൾ വർധിച്ചതോടെയാണ് ആർക്കെല്ലാം സന്ദർശന വിസകൾ ഫാമിലി റെസിഡൻസിയിലേക്ക് മാറ്റാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.