അടുത്തയാഴ്ച തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് ഇന്ത്യയിലേക്ക്
കുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾക്ക് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു.
അടുത്ത ആഴ്ച ഡൽഹിയിൽ ഇന്ത്യൻ അധികൃതരുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചചെയ്യുമെന്ന് കുവൈത്ത് തൊഴിൽമന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി.
ഇടനിലക്കാരെ ഒഴിവാക്കുന്നതിനും നടപടികൾ സുതാര്യമാക്കാനും ഇലക്ട്രോണിക് സംവിധാനം സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. ഈജിപ്തിൽനിന്നുള്ള റിക്രൂട്ട്മെൻറ് നടപടികൾക്ക് കുവൈത്ത് നേരത്തേ തന്നെ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
വിസക്കച്ചവടക്കാരുടെ ഇടപെടൽ ഇല്ലാതാക്കുകയും മനുഷ്യക്കടത്ത് തടയുകയുമാണ് പ്രധാന ലക്ഷ്യം.
ഉദ്യോഗാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ചുള്ള ജോലി ലഭ്യമാക്കാനും ഇ- റിക്രൂട്ട്മെൻറ് വഴി സാധിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
നഴ്സിങ് ഉൾപ്പെടെയുള്ള മേഖലകളിൽ നടക്കുന്ന സാമ്പത്തിക ചൂഷണം ഇല്ലാതാക്കാനും പുതിയ സംവിധാനം സഹായകമാകും. കുവൈത്തിലേക്ക് ഗാർഹിക ജോലിക്കാരെ അയക്കുന്ന രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി അടുത്ത ആഴ്ചയാണ് മന്ത്രി ഹിന്ദ് അസ്സബീഹ് പുറപ്പെടുന്നത്.
ഇന്ത്യക്കുപുറമെ ഫിലിപ്പീൻസ്, വിയറ്റ്നാം, നേപ്പാൾ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളും മന്ത്രി സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.