കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയ 31 രാജ്യങ്ങളിൽനിന്നുള്ളവർ മറ്റു രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് ഇവിടേക്ക് വരുന്നതിന് തടസ്സമില്ല. ദുബൈ, ദോഹ തുടങ്ങിയ നഗരങ്ങളിൽ സന്ദർശക വിസയിൽ എത്തി രണ്ടാഴ്ച താമസിച്ച് കുവൈത്തിലേക്ക് വരാൻ നിരവധി പ്രവാസികൾ ശ്രമിക്കുന്നുണ്ട്. ട്രാവൽ ഏജൻസികൾ ഇതിനായി പാക്കേജ് തയാറാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ നിരവധി പ്രവാസികൾ ആശങ്ക പ്രകടിപ്പിച്ച് മാധ്യമങ്ങളെ ബന്ധപ്പെട്ടിരുന്നു.
പ്രവാസികൾ ഇങ്ങനെ വരാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെടുത്തി അവസരം നഷ്ടപ്പെടുത്തരുത് എന്നതായിരുന്നു അവരുടെ പരാതി. എന്നാൽ, വിലക്ക് ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് 72 മണിക്കൂർ സമയപരിധിയിൽ കോവിഡ് പരിശോധനയും നടത്തി കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഒരു ആശങ്കയുടെയും ആവശ്യം ഇപ്പോൾ ഇല്ല.
കുവൈത്തിലേക്കുള്ള വരവ് സംബന്ധിച്ച് ട്രാവൽ ഏജൻസികൾ ഉറപ്പുനൽകാത്തതാണ് പ്രവാസികളുടെ ആശങ്കക്ക് അടിസ്ഥാനം. യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ താമസിച്ച് വരാനാണ് കൂടുതൽ പേരും താൽപര്യമെടുക്കുന്നത്. ദുബൈയിൽ ക്വാറൻറീനിൽ കഴിയുന്നതിന് 160 ദീനാർ മുതൽ 230 ദീനാർ വരെയാണ് ട്രാവൽ ഏജൻസികൾ ഇൗടാക്കുന്നത്. സന്ദർശക വിസയും ഇൻഷുറൻസും പ്രഭാത ഭക്ഷണം മാത്രം ഉൾപ്പെടുത്തിയ ഹോട്ടൽ സൗകര്യവും കോവിഡ് പരിശോധനയും അടക്കമാണ് ഇൗ തുക. ടൂറിസ്റ്റ് സന്ദർശക വിസയിലാണ് യാത്ര.
വിമാന ടിക്കറ്റ് സ്വന്തം നിലക്ക് എടുക്കണം. 16 രാത്രിയും 17 പകലും വരുന്ന പാക്കേജിൽ നാട്ടിൽനിന്ന് ആളുകൾ ദുബൈയിലേക്ക് പോയിത്തുടങ്ങി. ക്വാറൻറീൻ കാലാവധി കഴിഞ്ഞാൽ സ്വന്തം നിലക്ക് ടിക്കറ്റ് എടുത്ത് കുവൈത്തിലേക്ക് വരാം. ചില ട്രാവൽസുകാർ ടിക്കറ്റ് ഉൾപ്പെടുത്തിയ പാക്കേജും അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.