കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറിെൻറ ശൈത്യകാല സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാവും. സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള പാർലമെൻറ് സമിതി പഠനം പൂർത്തിയാക്കി തയാറാക്കിയ റിപ്പോർട്ട് ഇൗ സെഷനിൽ ചർച്ചചെയ്യും. പൊതുമേഖലയിൽ സാങ്കേതിക വൈദഗ്ധ്യം ആവശ്യമില്ലാത്ത തസ്തികകളിൽ വിദേശികളെ അടിയന്തരമായി ഒഴിവാക്കുക, സ്വദേശികളെ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരുക, പൊതുമേഖലയിലെ സ്വദേശിവത്കരണം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുക, സ്വകാര്യമേഖലയിലും സ്വദേശിവത്കരണം നടത്തുക, സർക്കാർ പിന്തുണയോടെയുള്ള കമ്പനികളും സ്ഥാപനങ്ങളും നിർമിക്കുക, കുവൈത്തി ബിരുദധാരികളെ നിയമിക്കാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകുക, കുവൈത്തി ബിരുദധാരികളെ ഉൾക്കൊള്ളാൻ സ്വകാര്യ കമ്പനികൾക്ക് നിർദേശം നൽകുക, സ്വദേശിവത്കരണത്തിന് മടികാണിക്കുന്ന സർക്കാർ വകുപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുക, സ്വദേശികളുടെ താൽപര്യം സംരക്ഷിക്കുന്നവിധം തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തുക, സ്വകാര്യ കമ്പനികളിൽ നിർബന്ധമായും നിയമിക്കേണ്ട കുവൈത്തികളുടെ എണ്ണം വർധിപ്പിക്കുക, ചില തസ്തികകൾ സ്വദേശികൾക്ക് മാത്രമാക്കി സംവരണം ഏർപ്പെടുത്തുക, പുറത്താക്കപ്പെടുന്ന വിദേശികൾക്ക് പകരം താൽക്കാലികമായി ജോലിക്കാരെ കണ്ടെത്താൻ കൺസൽട്ടൻസി സ്ഥാപനത്തെ ചുമതലപ്പെടുത്തുക തുടങ്ങിയ ശിപാർശകൾ ഉൾക്കൊള്ളുന്നതാണ് റിപ്പോർട്ട്. സ്വദേശികളുടെ പൗരത്വം റദ്ദാക്കിയ പ്രശ്നം, പാർലമെൻറ് കൈയേറ്റക്കേസിലെ പ്രതികളായ സിറ്റിങ് എം.പിമാരുടെ അംഗത്വം, വിവിധ സർക്കാർ വകുപ്പുകളിലെ അഴിമതി തുടങ്ങിയവയും ഇൗ സെഷനിലെ ചൂടേറിയ ചർച്ചയാവുമെന്നാണ് കരുതുന്നത്. പാർലമെൻറ് സമ്മേളനം ചൊവ്വാഴ്ച രാവിലെ 10.30ന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം നിർവഹിക്കും. പ്രധാനമന്ത്രിക്കെതിരായ കുറ്റവിചാരണ പ്രമേയം രണ്ട് എം.പിമാർ പിൻവലിച്ചതായി സ്പീക്കർ മർസൂഖ് അൽഗാനിം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.