ജി.സി.സി രാജ്യങ്ങളിലെ മരുന്നുവില : ഏകീകരണം വേണമെന്ന് കുവൈത്ത്  ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ മരുന്നുവില ഏകീകരിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. സുരക്ഷിതമായ മരുന്നുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ ഇത് ഉപകരിക്കുമെന്ന് മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി മഹ്മൂദ് അല്‍ ഹാദി പറഞ്ഞു. മരുന്നുവിലയുമായി ബന്ധപ്പെട്ട് ജി.സി.സി കമ്മിറ്റിയുടെ 30ാമത് യോഗം തിങ്കളാഴ്ച കുവൈത്തില്‍ നടക്കാനിരിക്കെയാണ് വില ഏകീകരിക്കുന്നതിന് അനുകൂലമായി ആരോഗ്യമന്ത്രാലയം പ്രതികരിച്ചത്. 
ജി.സി.സി രാജ്യങ്ങളില്‍ ഏകീകൃത രജിസ്ട്രേഷന്‍ സാധ്യമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാനാണ് സെന്‍ട്രല്‍ കമ്മിറ്റി ഫോര്‍ ഡ്രഗ് രജിസ്ട്രേഷന്‍ യോഗം ചേരുന്നത്. രാജ്യാന്തര മരുന്ന് രജിസ്ട്രേഷന്‍ നടപ്പാക്കുന്നതിലൂടെ മരുന്നുവില കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജി.സി.സി രാജ്യങ്ങളില്‍ സൗദിയിലാണ് പൊതുവെ പല മരുന്നുകള്‍ക്കും വിലക്കുറവ് അനുഭവപ്പെടുന്നത്. 
മരുന്നുകള്‍ക്ക് ഏറ്റവും കൂടുതല്‍ വില കൊടുക്കേണ്ടിവരുന്ന ജി.സി.സി രാജ്യം ബഹ്റൈനാണ്. ഒമാനും കുവൈത്തുമാണ് മരുന്ന് വില കൂടുതലുള്ള മറ്റു രാജ്യങ്ങള്‍. വില കുറവുള്ള സൗദി നിര്‍മിത മരുന്നുകള്‍ കുവൈത്തില്‍ സുലഭമാവുന്നതോടെ ഇവിടെ വില കുറയാന്‍ വഴിയൊരുങ്ങും. ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ വിവിധ തരം മരുന്നുകളുടെ കാര്യത്തില്‍ ജി.സി.സി തലത്തില്‍ ഏകീകൃത വില ഏര്‍പ്പെടുത്തുന്നതിന്‍െറ മൂന്നാംഘട്ടം പരിഗണനയിലാണ്. ആദ്യ രണ്ടുഘട്ടങ്ങള്‍ വിജയകരമായി നടപ്പാക്കാനായെന്നാണ് വിലയിരുത്തല്‍. ആദ്യഘട്ടത്തില്‍ 1200ഉം രണ്ടാംഘട്ടത്തില്‍ 900വും മരുന്നുകളുടെ വിലയാണ് ഏകീകരിച്ചത്. മൂന്നാം ഘട്ടത്തില്‍ 1000 മരുന്നുകളുടെ വില ഏകീകരണമാണ് ലക്ഷ്യം. ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം 2014 അവസാനമാണ് മരുന്നുവിലയുടെ കാര്യത്തില്‍ ജി.സി.സി തല ഏകീകരണത്തിന് വഴിതുറന്നത്. മൂന്നാംഘട്ടം കൂടി നടപ്പാവുന്നതോടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാവും.
അതിനിടെ, അവയവങ്ങള്‍ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിന് ചൊവ്വാഴ്ച കുവൈത്തില്‍ തുടക്കമാവും. ജനുവരി 22 വരെ നടക്കുന്ന സമ്മേളനത്തില്‍ സൗദി, ഈജിപ്ത്, ജോര്‍ഡന്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഇന്‍റര്‍നാഷനല്‍ ഇംപ്ളാന്‍റ് അസോസിയേഷനുകളും സമ്മേളനത്തില്‍ സംബന്ധിക്കും.
 

News Summary - kuwait medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.