കുവൈത്ത് സിറ്റി: സബാഹ് അൽ അഹ്മദ് പാർപ്പിട നഗരത്തിൽ പുതിയ ആശുപത്രി നിർമിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്.
മേഖലയിലെ പുതിയ മെഡിക്കൽ എമർജൻസി സെൻറർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 600 രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ ലോകോത്തര നിലവാരത്തിലുള്ള എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ടായിരിക്കും.
ഇതോടെ, മേഖലയിലെ താമസക്കാർക്ക് ചികിത്സക്കായി ദൂര പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാകും. ഇതടക്കം മന്ത്രാലയത്തിന് കീഴിൽ വൻ വികസന പദ്ധതികൾ ആലോചനയിലുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും മെച്ചപ്പെട്ട ആരോഗ്യസേവനം നൽകാൻ മന്ത്രാലയം പ്രതിജ്ഞാ ബദ്ധമാണ്. മേഖലയിലെ ഏറ്റവും വലിയ ആതുരാലയമായേക്കാവുന്ന ജാബിർ ആശുപത്രി, വിദേശികൾക്കുവേണ്ടിയുള്ള ഇൻഷുറൻസ് ആശുപത്രികൾ എന്നിവയെല്ലാം വൈകാതെ തുറന്നു പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.