തൊഴില്‍വിപണി ക്രമീകരണം: പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിദേശികളെ ദ്രോഹിക്കാനാവരുത് –ആദില്‍ അല്‍ ദംഹി

കുവൈത്ത് സിറ്റി: ജനസംഖ്യാനുപാതത്തില്‍ ക്രമീകരണം വരുത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍ദിഷ്ട പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിദേശികളെ ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തിലാവരുതെന്ന് പാര്‍ലമെന്‍റിലെ മനുഷ്യാവകാശ സമിതി മേധാവി ഡോ. ആദില്‍ അല്‍ ദംഹി പറഞ്ഞു. വിദേശികളുടെ ആധിക്യം ഉണ്ടാക്കിയ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക പാര്‍ലമെന്‍റ് വിളിച്ചുകൂട്ടണമെന്ന ഒരുവിഭാഗം എം.പിമാരുടെ ആവശ്യത്തെ കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ദംഹി. തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തണമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. അതിനുവേണ്ടി മാത്രം പാര്‍ലമെന്‍റ് സമ്മേളനം കൂടുന്നതിനോടും യോജിക്കുന്നു. അതേസമയം, ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം വിദേശികള്‍ മാത്രമാണെന്ന് പറയുന്നതിനോടും എല്ലാ കുറ്റങ്ങളും അവരുടെ മേല്‍ വെച്ചുകെട്ടുന്നതിനോടും യോജിക്കുന്നില്ല. സ്വദേശികളായ തൊഴിലുടമകളുടെ ആവശ്യപ്രകാരം നിയമപ്രകാരം രാജ്യത്തത്തെിയവരാണ് വിദേശികളില്‍ ഭൂരിപക്ഷവും. മാനുഷിക പരിഗണനകളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട അമീറിന്‍െറ നാട്ടില്‍ ഈ വിഷയത്തിലും മാനുഷിക സമീപനമാണ് നമ്മില്‍നിന്നുണ്ടാവേണ്ടത്. 
വിദേശികളുമായി ബന്ധപ്പെട്ട് കടുത്ത പ്രയോഗങ്ങളും നിലപാടുകളും എടുക്കുന്നത് കരുതിയാവണം. ഇത്തരം സംഗതികള്‍ നിരീക്ഷിക്കാന്‍ ഇന്‍റര്‍നാഷനല്‍ എമിഗ്രേഷന്‍ സമിതി പോലുള്ള അന്താരാഷ്ട്ര വേദികളുണ്ട്. അടുത്ത ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിദേശി വിഷയങ്ങളില്‍ രാജ്യം സ്വീകരിച്ച നിലപാടുകളെ കുറിച്ച റിപ്പോര്‍ട്ട് വരാനുണ്ട്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും നിലപാടുകളും അന്താരാഷ്ട്രതലത്തില്‍ കുവൈത്തിന്‍െറ സല്‍പേരിന് കളങ്കമുണ്ടാക്കുമെന്നും ഡോ. ആദില്‍ അല്‍ ദംഹി കൂട്ടിച്ചേര്‍ത്തു. അതിനിടെ, ജനസംഖ്യാ ക്രമീകരണ വിഷയത്തില്‍ ഫെബ്രുവരി രണ്ടിന് പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുകൂട്ടുന്നതിന്  എം.പിമാരില്‍നിന്നുള്ള ഒപ്പുശേഖരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. അബ്ദുല്‍ കരീം അല്‍ കന്ദരി പറഞ്ഞു. നിരവധി അംഗങ്ങള്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.
 ഒപ്പുശേഖരണത്തിന് രണ്ടുദിവസം കൂടി ബാക്കിയുണ്ടെന്നും അതോടെ ഭൂരിപക്ഷം എം.പിമാരുടെയും അംഗീകാരം നേടാന്‍ കഴിയുമെന്നും കന്ദരി പറഞ്ഞു. വിപണി ക്രമീകരണത്തിന്‍െറ പേരില്‍ വിദേശികളെ പ്രയാസത്തിലാക്കുന്നതിനോടും കുവൈത്തില്‍നിന്ന് അവരെ  ആട്ടിയോടിക്കുന്നതിനോടും യോജിക്കുന്നില്ളെന്ന് പാര്‍ലമെന്‍റ് അംഗം മുബാറക് അല്‍ ഹജ്റുഫ് പറഞ്ഞു. വിദേശികള്‍ നമ്മുടെ സഹോദരന്മാരാണെന്നും  വിസക്കച്ചവടക്കാരെയും അതിന് കൂട്ടുനില്‍ക്കുന്നവരെയുമാണ് നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

News Summary - kuwait jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.