കുവൈത്ത് സിറ്റി: ശബരിമല വിഷയത്തിലൂടെ സംഘപരിവാർ ലക്ഷ്യം വെക്കുന്നത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയുമാണെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. എ.എ.റഹീം. കല കുവൈത്ത് സംഘടിപ്പിച്ച ഒക്ടോബർ അനുസ്മരണം പരിപാടിയിൽ ‘സമകാലിക കേരളം: വെല്ലുവിളികളും കടമകളും’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിയുടെ പേരിൽ കേരളത്തിൽ കലാപത്തിന് ശ്രമിക്കുകയാണവർ. നിർഭാഗ്യവശാൽ കോൺഗ്രസ് അവർക്ക് കുടപിടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. കേരളം നേടിയെടുത്ത നവോത്ഥാനമൂല്യങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന് ഇത്തരം ശ്രമങ്ങളെയും ചെറുക്കാൻ കഴിയും. നാമിന്ന് അനാചാരങ്ങളെന്നുപറഞ്ഞ് ഒഴിവാക്കുന്നവയെല്ലാം മുമ്പ് ആചാരങ്ങളായിരുന്നുവെന്നും കാലഘട്ടത്തിനനുസരിച്ച് മാറേണ്ടവ മാറുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡൻറ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. ഒക്ടോബറിൽ മരിച്ച വയലാര്‍ രാമ വര്‍മ്മ, ചെറുകാട്, കെ.എൻ. എഴുത്തച്ഛന്, ജോസഫ് മുണ്ടശ്ശേരി എന്നിവരുടെ അനുസ്മരണ കുറിപ്പ് സാഹിത്യ വിഭാഗം സെക്രട്ടറി ദിലീപ് നടേരി അവതരിപ്പിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, കല ട്രഷറർ രമേശ് കണ്ണപുരം, ജോയൻറ് സെക്രട്ടറി എം.പി. മുസ്ഫർ, വൈസ് പ്രസിഡൻറ് പ്രസീത് കരുണാകരൻ, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും സാൽമിയ മേഖലാ സെക്രട്ടറി പി.ആർ. കിരൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.