ലുലു എക്സ്ചേഞ്ച് ഒരുക്കിയ ഫുട്ബാൾ പ്രദർശനത്തിൽ അർജന്റീന ഫാൻസ്
കുവൈത്ത് സിറ്റി: മെസ്സിയുടെ ഇരട്ട ഗോളും അർജന്റീനയുടെ തകർപ്പൻ വിജയവും ആഘോഷിച്ച് കുവൈത്തിലെ ഫുട്ബാൾ പ്രേമികൾ. ലുലു എക്സ്ചേഞ്ച് കുവൈത്തിലെ അർജന്റീന എംബസിയുമായി സഹകരിച്ച് അവന്യൂസ് മാളിലെ വോക്സ് സിനിമാസിൽ ഒരുക്കിയ അർജന്റീന–ഓസ്ട്രിയ തത്സമയ സ്‌ക്രീനിംഗ് ആവേശത്തിന്റെയും ഒരുമയുടെയും ആഘോഷ മുഹൂർത്തമായി.
അർജന്റീനയുടെ ഇളം നീലയും വെള്ളയും ജേഴ്സി ധരിച്ച ആരാധകരെക്കൊണ്ട് മൽസരത്തിന് മുമ്പേ കസേരകൾ നിറഞ്ഞു. ഇഷ്ട ടീമിന്റെ ഒരോ നീക്കവും ആവേശത്തോടെയും ആർപ്പുവിളികളോടെയും കാണികൾ ആഘോഷിച്ചു. സാംസ്‌കാരികവും ദേശീയവുമായ അതിരുകൾക്കപ്പുറം ഒരുമയുടെ സുന്ദര വേദിയായി ഒത്തുചേരൽ മാറിയ നിമിഷങ്ങൾ.
അർജന്റീന അംബാസഡർ റാമിറോ വെല്ലോസോ, ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി മറ്റു വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, ബിസിനസുകാർ, അർജന്റീന സ്വദേശികൾ, ലുലു എക്‌സ്‌ചേഞ്ച് പ്രതിനിധികൾ, ഫുട്‌ബാൾ പ്രേമികൾ എന്നിവർ മൽസരം കാണാനെത്തി. സംസ്കാരങ്ങൾ, ഭാഷകൾ, ദേശീയതകൾ എന്നിവക്ക് അതീതമായി ആളുകളെ ഒരുമിച്ച് കൊണ്ടുവരാൻ ഫുട്ബാളിന് അതുല്യമായ കഴിവുണ്ട്, ഈ ഒരുമിച്ചുകൂടൽ അതിന്റെ തെളിവാണെന്നും അർജന്റീന അംബാസഡർ റാമിറോ വെല്ലോസോ പറഞ്ഞു. ലുലു എക്സ്ചേഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ സുബഹീർ തയ്യിൽ അതിഥികളെ സ്വാഗതം ചെയ്തു.
ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻസ് മേധാവി ഷഫാസ് അഹമ്മദ്, ഡിജിറ്റൽ മാനേജർ മുഹമ്മദ് അസ്ലം എന്നിവർ നേതൃത്വം നൽകി. തൽസമയ പ്രദർശനത്തിന് സഹായിച്ച സലീം അൽജാമിയയുടെയും കുവൈത്തിലെ ബോക്ക ജൂനിയേഴ്‌സ് കോൺസുലേറ്റിന്റെയും സംഭാവനകളും ശ്രദ്ധേയമായി.
അർജന്റീനിയൻ ഫുട്ബാൾ അസോസിയേഷനുമായുള്ള (എ.എഫ്.എ) ലുലു എക്സ്ചേഞ്ചിന്റെ പങ്കാളിത്തത്തിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.